ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ട് കൊണ്ടിരിക്കുന്നത്. എട്ടു വയസ്സുകാരിയായ സൈനബ എന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതിന്റെ പേരിലാണ് പാക്കിസ്ഥാൻ ഇപ്പോൾ പുകയുന്നത്. മലാലയും ഇമ്രാൻ ഖാനും മറ്റ നേതാക്കളടക്കം നിരവധി പേർ രംഗത്ത് വന്ന പ്രതിഷേധത്തിൽ വ്യത്യസ്ഥമായാണ് പാക്കിസ്ഥാനിലെ ഒരു മാധ്യമ പ്രവർത്തക തന്റെ രോഷം അറിയിച്ചത്.

സാമാ ടെലിവിഷൻ ചാനലിലെ വാർത്താ അവതാരക കിരൺ നാസ് തന്റെ മകളെ ഒപ്പം കൂട്ടി വാർത്ത അവതരിപ്പിച്ചാണ് ഈ ക്രൂരതക്കെതിരെ ശക്തമായി പ്രതിഷേധിച്ചത്. താൻ ഒരു അമ്മ മാത്രമാണെന്നും വാർത്താ അവതാരികയായ കിരൺ നാസ് ആയി അല്ല ഇവിടെ ഇരിക്കുന്നത് എന്നും പറഞ്ഞ് കൊണ്ടാണ് തന്റെ പ്രതിഷേധം രാജ്യത്തിനെ ആകെ അറിയിച്ചത്.

അമ്മ ആയതിനാലാണ് എന്റെ മകൾക്കൊപ്പം ഇവിടെ ഞാനിരിക്കുന്നത്. ചെറിയ ശവപ്പെട്ടികൾ ഭാരമേറിയവയാണെന്ന് അവർ പറയുന്നതു ശരിയാണ്. അവളുടെ ആ ചെറിയ ശവപ്പെട്ടി പാക്കിസ്ഥാനെ ഒന്നടങ്കം പീഡിപ്പിക്കുകയാണെന്നും നാസ് പറഞ്ഞു. 1.50 മിനിറ്റ് നീണ്ടുനിന്ന അവതരണത്തിൽ രാജ്യത്തു നടക്കുന്ന മാനഭംഗങ്ങൾക്കെതിരെയും കൊലപാതകങ്ങൾക്കെതിരെയും നാസ് ശക്തമായി പ്രതികരിച്ചു.

പാക്ക് പഞ്ചാബിലെ കസൂറിലുണ്ടായ എട്ടുവയസ്സുകാരിയുടെ മരണത്തിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് ആകെ ഉയരുന്നത്. ഒരുവർഷത്തിനിടയിൽ കസൂറിക്ക് രണ്ടുകിലോമീറ്റർ പരിധിയിൽ സമാനമായ 12 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനുവരി നാലിന് പെൺകുട്ടി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ക്രൂരകൃത്യത്തിനിരയായത്. പീരോവാല റോഡിൽ പെൺകുട്ടി അപരിചിതനൊപ്പം നിൽക്കുന്ന വീഡിയോ മാതാപിതാക്കൾക്ക് ലഭിച്ചിരുന്നു. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. മാതാപിതാക്കൾ ഹജ്ജിന് പോയപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.

സൗദി അറേബ്യയിൽ മാതാപിതാക്കൾ മകൾക്കു വേണ്ടി പ്രാർത്ഥിക്കുകയും കളിപ്പാട്ടങ്ങൾ വാങ്ങുകയും ചെയ്യുമ്പോൾ നാട്ടിലൊരു ഭീകരൻ അവളെ പീഡിപ്പിച്ചു കൊലപ്പെടുത്തി മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാസ് പറയുന്നു. ഇതൊരു കുട്ടിക്കെതിരെയുള്ള പീഡനമോ കൊലപാതകമോ അല്ല. സമൂഹത്തിന്റെ തന്നെ കൊലപാതകമാണിത്. അവൾ മാത്രമല്ല മനുഷ്യത്വവും അവൾക്കൊപ്പം മരിച്ചുവെന്നും നാസ് പറഞ്ഞു.

കുട്ടികൾക്കുനേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ പ്രദേശമാണ് കസൂർ. 2009-നുശേഷം 280 കുട്ടികൾ പീഡിക്കപ്പെട്ടുവെന്നാണ് കണക്ക്. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയും മറ്റും പണംതട്ടുന്ന ക്രിമിനൽസംഘം ഇവിടെ സജീവവുമാണ്.

പ്രതികളെ കണ്ടെത്തുന്നതിന് പഞ്ചാബ് മുഖ്യമന്ത്രി ഷെഹ്ബാസ് ഷരീഫ് ഉത്തരവിടുകയും അന്വേഷണ പുരോഗതി താൻ നേരിട്ട് വിലയിരുത്തുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. എന്നാൽ, പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് കുട്ടിയുടെ ബന്ധുക്കളും മറ്റും പറയുന്നത്. തുടർന്ന് വൻ പ്രതിഷേധങ്ങൾ ഉയർന്ന് വന്നപ്പോൾബുധനാഴ്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

ഹജ്ജിന് ശേഷം തിരിച്ചെത്തിയ സൈനബയുടെ മാതാപിതാക്കൾ കുട്ടിയുടെ കൊലയാളിയെ കണ്ടെത്തുന്നത് വരെ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന വാശിയിലാണ്, മകളെ കണ്ടെത്തനോ അന്വേഷണത്തിനോ പൊലീസ് ഉൽസാഹം കാണിച്ചിട്ടില്ലെന്നും പെട്ടന്ന് തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കിൽ കൊലയാളിയെ കണ്ടെത്താൻ സാധിക്കുമെന്നും കുട്ടിയുടെ പിതാവായ അമീൻ അൻസാരി പറഞ്ഞു.കുട്ടിയുടെ കൊലയാളിയെ കണ്ടെത്തണമെന്നും തങ്ങൾക്ക് നീതി കിട്ട്ണമെന്നുമാണ് സൈനബയുടെ അമ്മയുടെ ആവശ്യം.

സൈനബയുടെ ഘാതകനെ ഉടൻ കണ്ടെത്തണമെന്നും നഗരത്തിലെ കുട്ടികൾക്കെതിരെയുള്ള ഇത്തരത്തിലുള്ള അതിക്രമങ്ങൾ തുടരുകയാണെന്നും മുൻ പാക് ക്രിക്ക്റ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ പറഞ്ഞു. സൈനബക്ക് സപ്പോർട്ടുമായി ജസ്റ്റിസ് ഫോർ സൈനബ് എന്ന ഹാഷ് ടാഗും രാജ്യത്ത് സജീവമാകുകയാണ്.

അതോടപ്പം നോബൽ സമ്മാന ജേതാവായ മലാലയും ഇതിനെതിരെ രംഗത്ത് വന്നു ഇത് ഹൃദയഭേദകമാണെന്നും ഇതിനെതിരെ ഗവണ്ഡമെന്റ് ശക്തമായ നടപടികൾ എടുക്കണമെന്നും മലാല പറഞ്ഞു.

ഇത്രയും വ്യക്തമായി കൊലയാളിയെ കണ്ടിട്ടും ചിത്രങ്ങളടക്കം പുറത്തായിട്ടും കൊലയാളിയെ കണ്ടെത്താത്തതിലാണ് പ്രതിഷേധം വളരെ അതികം ഉയരുന്നത്. ഇത്രയും മുന്നിൽ കണ്ടിട്ടും കൊലപാതകിയെ പിടികൂടാത്തത് സർക്കാരിന്റേയും പൊലീസിന്റേയും കഴിവില്ലായ്മയായി എതിരാളികളും പ്രചരിപ്പിക്കുകയാണ്.