കൊച്ചി: ആലുവയിൽ ഹെറോയിൻ എത്തിച്ച കേസിൽ പാക്കിസ്ഥാൻ ബന്ധമെന്നു മൊഴി. പഞ്ചാബിലെ പൊലീസ് സ്റ്റേഷനിൽ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളാണെന്നുള്ള വെളിപ്പെടുത്തൽ വന്നതിനു പിന്നാലെയാണ് ഹെറോയിൻ കടത്തിലും പാക്കിസ്ഥാന്റെ പേരു വന്നത്.

ആലുവയിൽ ഒന്നരക്കോടി രൂപ വിലവരുന്ന ഹെറോയിൻ കടത്തിയ കേസിലാണു പാക്കിസ്ഥാൻ ബന്ധം ആരോപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻകാരനാണ് ലഹരിമരുന്ന് കൈമാറിയതെന്ന് അറസ്റ്റിലായ വിഷ്ണുവർധൻ പൊലീസിന് മൊഴിനൽകി.

ആലുവയിൽ റെന്റ് എ കാർ നടത്തുന്ന ഇബ്രാഹിമിന്റെ നിർദ്ദേശ പ്രകാരമാണ് ലഹരിമരുന്ന് എത്തിച്ചതെന്നും മൊഴി നൽകി. തുടരന്വേഷണത്തിന് നർകോടിക് കൺട്രോൾ ബ്യൂറോയുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം.

ഹെറോയിൻ കടത്തിയ ബിവറേജസ് ജീവനക്കാരൻ ആലുവ സ്വദേശി വിഷ്ണുവർധൻ ഇന്നു രാവിലെയാണ് അറസ്റ്റിലായത്. കശ്മീരിലെ ശ്രീനഗറിൽ നിന്നെത്തിച്ച അഞ്ചുകിലോ ഹെറോയിൻ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഇന്നലെ രാത്രി കണ്ടെത്തുകയായിരുന്നു.

മയക്കുമരുന്നു കടത്തിലെ പ്രധാന കണ്ണിയായ പറവൂർ സ്വദേശി മുഹമ്മദ് ഹാരിസ് കഴിഞ്ഞ ദിവസ, ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് ഇയാൾ കൊടുത്തയച്ച മയക്കുമരുന്നു വിൽക്കാൻ ശ്രമിച്ച മൂന്നു പേർ പിടിയിലാകുകയും ചെയ്തു. കോഴിക്കോട് വേനപ്പാറ പുതുമന എബിൻ ജോസ് (24), ആലുവ തുരുത്ത് മംഗലശേരി മുഹമ്മദ് ഷാഫി (22), ആലുവ തോട്ടുമുഖം പണിക്കശേരി അബിക് (28) എന്നിവരാണു പിടിയിലായത്.

ട്രാവൽ ഏജന്റ് യാത്രാ രേഖകൾക്കൊപ്പം നൽകിയ ബാഗിനുള്ളിൽ ലഹരിമരുന്ന് കണ്ടെത്തിയെന്ന വാദവുമായാണ് ഈ മൂന്നു യുവാക്കൾ ആലുവയിലെ എക്‌സൈസ് ഓഫീസിലെത്തിയത്. തുടർന്ന് യുവാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിഷ്ണുവർധന് കേസിലുള്ള ബന്ധം മനസിലാക്കിയതും അറസ്റ്റ് ചെയ്തതും.

നിൽക്കക്കള്ളിയില്ലാതെ ആയപ്പോഴാണ് യുവാക്കൾ എക്‌സൈസിനു മുന്നിൽ കീഴടങ്ങിയത്. ആത്മഹത്യ ചെയ്ത ഹാരിസ് വള്ളുവള്ളി കൊച്ചാലിലുള്ള എൽജി ഗോഡൗണിൽ സൂപ്പർവൈസറായിരുന്നു. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള പ്രതികളിലൊരാളായ പറവൂർ വള്ളുവള്ളി നടുവിലപ്പറമ്പിൽ മുഹമ്മദ് ഹാരിഷ് ആത്മഹത്യചെയ്തതിനെ തുടർന്ന് താൻ മയക്കുമരുന്ന് റാക്കറ്റിന്റെ വലയിൽ അകപ്പെട്ടതാണെന്ന് പറഞ്ഞ് എബിൻ ജോസും മറ്റ് രണ്ട് സൃഹൃത്തുക്കളും ചേർന്ന് ഹെറോയിൻ ആലുവ എക്‌സൈസ് സ്‌ക്വാഡിന്റെ ഓഫിസിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആലുവയിൽനിന്ന് ബംഗളരൂവിലേക്കുള്ള സ്വകാര്യ വോൾവോ ബസിലാണ് എബിൻ ജോസ് കുവൈത്തിലേക്ക് പോകുന്നതിന് യാത്രയായത്. വണ്ടിയത്തെിയ സമയത്താണ് ആലുവ സ്വദേശിയായ ഇബ്രാഹിം എന്നയാൾ മയക്കുമരുന്ന് അടങ്ങിയ ബാഗും വിമാനടിക്കറ്റും വിസയും കൈമാറിയത്.

എന്നാൽ, എബിൻ ജോസിന് വിസ തരപ്പെടുത്താൻ ഇടനിലക്കാരായി നിന്ന സുഹൃത്തുക്കളായ ആലുവ തുരുത്ത് സ്വദേശി മുഹമ്മദ് ഷാഫിയും തോട്ടുംമുഖം സ്വദേശി അബീക്കും ബാഗിൽ കുഴൽപ്പണമാണെന്നും യാത്രാമധ്യേ തൃശൂരിൽ ബാഗ് കൈമാറണമെന്നും ആവശ്യപ്പെട്ടു. തൃശ്ശൂർ പാലിയേക്കര ടോളിനടുത്ത് ബസിൽനിന്നിറങ്ങി എബിൻ അവിടെ കാത്തുനിന്ന കാറിൽ ആലുവ സ്വദേശിയായ അമിയെന്ന ആളോടൊപ്പം കയറി ബാഗ് പരിശോധിച്ചപ്പോൾ ബാഗിനകത്ത് പലഹാരങ്ങൾക്കടിയിലായി പ്രത്യേകം തുന്നിചേർത്ത അറയിൽ കാർബൺ പേപ്പറുകളിൽ പൊതിഞ്ഞ നിലയിൽ ഹെറോയിൻ കണ്ടത്തെി. തുടർന്ന്, ആലുവയിൽവച്ച് ബാഗ് കൈമാറിയ ഇബ്രാഹിമിനെ വിളിച്ച് മയക്കുമരുന്നടങ്ങിയ ബാഗ് തിരിച്ചുനൽകണമെങ്കിൽ 25 ലക്ഷം രൂപ തരണമെന്നാവശ്യപ്പെട്ടു. ഇതിനിടെ, മുഹമ്മദ് ഹാരിഷ് മരിച്ചെന്ന് അറിഞ്ഞതോടെയാണ് കേസിൽ തങ്ങൾ അറിയാതെ അകപ്പെട്ടതാണെന്ന് പറഞ്ഞ് മൂവർസംഘം എക്‌സൈസിന് കീഴടങ്ങിയത്. എന്നാൽ തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കഥയാകെ മാറുകയായിരുന്നു. ബ്രൗൺ ഷുഗർ മറിച്ചു വിൽക്കാൻ കീഴടങ്ങിയ മൂവരും ശ്രമിച്ചെന്നും വ്യക്തമായി.