ന്യൂഡൽഹി: ചില്ലുകൂട്ടിൽ സൂക്ഷിക്കാനല്ല ഞങ്ങൾ ആണവായുധം നിർമ്മിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണിയിൽ ലോക രാജ്യങ്ങൾക്ക് അതൃപ്തി. തങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങി പുറപ്പെട്ടാൽ ഇന്ത്യയെ അപ്പാടെ ഇല്ലാതാക്കുമെന്നാണ് പ്രതിരോധമന്ത്രി ഖൗജ ആസിഫിന്റെ ഭീഷണി മുഴക്കിയത്. ഉറി ആക്രമണത്തിന് ശേഷം നിരന്തരം ഇത്തരം പ്രസ്ഥാവന പാക് പ്രതിരോധമന്ത്രി നടത്തുന്നുണ്ട്. സംഘർഷം കൂട്ടാനേ ഇത് ഉപകരിക്കൂവെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനെ അമേരിക്കയും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണയ്ക്കുന്നുണ്ട്.

ഇന്ത്യയുടെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ പാക്കിസ്ഥാൻ സർവസജ്ജമാണ്. ചില്ലുകൂട്ടിൽ സൂക്ഷിക്കുന്നതിനായിട്ടല്ല ഞങ്ങൾ ആണവായുധം നിർമ്മിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ അത് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കും. ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകർക്കാൻ ശേഷിയുള്ള ബോംബുകൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നും ആസിഫ് ഭീഷണി മുഴക്കി. പാക്കിസ്ഥാന്റെ വ്യോമാതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ഇന്ത്യ തയ്യാറായാൽ ശക്തമായ തിരിച്ചടി നൽകും. അതിനു പാക്ക് സൈന്യം ഒരുങ്ങിയിരിക്കുന്നു. കാശ്മീർ പ്രശ്‌നം ഒത്തുതീർപ്പാക്കുന്നതിനു പാക്കിസ്ഥാൻ കാണിക്കുന്ന താൽപ്പര്യം ഇന്ത്യയ്ക്കില്ലെന്ന് ലോകത്തിനറിയാം. നാലോ അഞ്ചോ രാജ്യങ്ങളുടെ എതിർപ്പ് പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാൻ ആവശ്യമായ തെളിവാകില്ലെന്നും ആസിഫ് പറഞ്ഞു. ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണ്. പാക്കിസ്ഥാനാണ് ആക്രമണം നടത്തിയതെന്നു തെളിയിക്കാൻ യാതൊരു തെളിവുകളുമില്ല. ഇന്ത്യക്കാരെ കൊലപ്പെടുത്തിയത് ഇന്ത്യക്കാർ തന്നെയാണെന്നും ആസിഫ് ആരോപിച്ചു. പാക്ക് ടിവി ചാനലായ സമായോടായിരുന്നു അസിഫിന്റെ പ്രതികരണം.

ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകർക്കാൻ ശേഷിയുള്ള ബോംബുകൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നായിരുന്നു അസീഫിന്റെ വെല്ലുവിളി. ആണവോർജ്ജം സമാധാന ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ആഗോള തലത്തിൽ ഉയരുന്ന വികാരം. അതിന് പുറത്തുള്ള കാര്യങ്ങളാണ് പാക്കിസ്ഥാൻ പറയുന്നത്. വൻതോതിൽ ആണവായുധങ്ങൾ പാക്കിസ്ഥാൻ ശേഖരിച്ചിട്ടുണ്ടെന്നതിനും തെളിവായി ഖൗജയുടെ വാക്കുകളെ ലോകരാജ്യങ്ങൾ എടുക്കുകയാണ്. ആണവായുധം ഉയർത്തി വെല്ലുവിളി നടത്തുന്നത് ദക്ഷിണേഷ്യയിലെ സമാധാനത്തെ തകർക്കുമെന്നും വിലയിരുത്തുന്നു. ആണവശക്തികളായ അയൽരാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും എന്നതാണ് ആശങ്ക കൂട്ടാൻ കാരണമെന്ന് ഐക്യരാഷ്ട്രസഭയും വിശകലനം ചെയ്യുന്നു.

ലോകരാഷ്ട്രങ്ങളിലേയ്ക്കു ഭീകരവാദം കയറ്റി അയക്കുന്നത് പാക്കിസ്ഥാനാണെന്നും അതുകൊണ്ടു പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നും ബംഗ്ലാദേശ് ഹൈക്കമ്മിഷ്ണർ ഐക്യരാഷ്ട്രസംഘടനയോട് ആവശ്യപ്പെട്ടു. ഒരു ദേശിയമാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ഹൈക്കമ്മീഷ്ണർ സയിദ് മുയാസെം അലി പറഞ്ഞത്. പാക്കിസ്ഥാൻ ഭീകാരരാഷ്ട്രമാണെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ചാണ് ബംഗ്ലാദേശിന്റെ ഈ നീക്കം. സാർക് സമ്മേളനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എട്ട് അംഗരാജ്യങ്ങളിൽ നാലും പേരും സമ്മേളനത്തിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചത്. ഇത് പാക്കിസ്ഥാനു ശക്തമായ താക്കിതാണെന്നു ബംഗ്ലാദേശ് ഹൈക്കമ്മീഷ്ണർ പറഞ്ഞു.

ബംഗ്ലാദേശ് ഭീകരസംഘടനകൾക്കു നൽകി വരുന്ന പിന്തുണ പാക്കിസ്ഥാൻ അവസാനിപ്പിക്കണം. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളി ഇടപെടുന്നതു നിർത്തണം എന്നും ഹൈക്കമ്മീഷ്ണർ പറഞ്ഞു. വേണ്ടിവന്നാൽ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നു പാക്ക് പ്രതിരോധമന്ത്രി പരസ്യമായി പറയുമ്പോൾ സാർക്ക് സമ്മേളനം അവിടെ എങ്ങനെ സംഘടിപ്പിക്കാനാകും. സാർക് സമ്മേളനം നടത്താൻ അനുയോജ്യമായ സ്ഥലം പാക്കിസ്ഥാനല്ലെന്നു വ്യക്തമാക്കുന്നതായിരു അദ്ദേഹത്തിന്റെ വാക്കുകളെന്നും സയിദ് പറഞ്ഞു.