പാക്കിസ്ഥാന്റെ വിവാദ ഫെഡറൽ മന്ത്രി ഷെയ്ഖ് റഷീദ് ഇന്ത്യക്കെതിരെ ആണവയുദ്ധ ഭീഷണിയുമായി രം​ഗത്ത്. ഇമ്രാൻ ഖാൻ സർക്കാരിലെ ഫെഡറൽ റെയിൽ‌വേ മന്ത്രി ഷെയ്ഖ് റഷീദ് പാക്കിസ്ഥാന്റെ ഇന്റലിജൻസ് ഏജൻസിയായ ഐ‌എസ്‌ഐയുടെ ശബ്ദമായാണ് കണക്കാക്കപ്പെടുന്നത്. പരമ്പരാഗത യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ സൈന്യത്തെക്കാൾ വളരെ ഉയർന്നതാണെന്ന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് റഷീദ് സമ്മതിച്ചു. അതിനാൽ, ചെറിയ ന്യൂക്ലിയർ ആയുധങ്ങളിലണ് പാക്കിസ്ഥാന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. ആസാം വരെയുള്ള ഇന്ത്യൻ ഭൂപ്രദേശത്തെ ലക്ഷ്യമാക്കി വളരെ ചെറുതും കൃത്യവും തികഞ്ഞതുമായ ആറ്റം ബോംബുകളുണ്ടെന്ന് അദ്ദേഹം വീമ്പിളക്കി, പക്ഷേ "മുസ്ലീങ്ങളെ ഒഴിവാക്കുന്ന തരത്തിൽ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സൈന്യം പാക് സൈന്യത്തേക്കാളും മുകളിലാണ്. അതിനാൽ ചെറിയ ആണാവായുധങ്ങൾ വികസിപ്പിക്കുന്നതിലാണ് പാക്കിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ പക്കൽ ചെറുതും കൃത്യതയ്യാർന്നതുമായ ആറ്റം ബോംബുകൾ ഉണ്ടെന്നും ഇവയ്ക്ക് ആസാം വരെയുള്ള ഇന്ത്യൻ മേഖലയെ ലക്ഷ്യം വെയ്ക്കാനുള്ള പ്രാപ്തി ഉണ്ടെന്നും റഷീദ് പറഞ്ഞു. ഇതാദ്യമായാല്ല റഷീദ് ഇന്ത്യയ്‌ക്കെതിരേ ആണവായുധ ആക്രമണ ഭീഷണി ഉയർത്തുന്നത്. 125-250 ഗ്രാം വരെ വലിപ്പവും തൂക്കവുമുള്ള അണ്വായുധങ്ങൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നും ഇവയ്ക്ക് ലക്ഷ്യസ്ഥാനത്തെ പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്നും റഷീദ് നേരത്തെ പറഞ്ഞിരുന്നു.

പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ സൗദി സന്ദർശനം ഇന്ത്യൻ നയതന്ത്രതലത്തിലും ചർച്ചയാവുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് റഷീദിന്റെ പ്രസ്താവന. ജാവേദ് ബജ്‌വയുടെ സന്ദർശത്തിൽ നിന്നും ശ്രദ്ധതിരിക്കാനായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് പാക് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പൊതുവിലയിരുത്തൽ.

സൗദി അറേബ്യയുമായി ഉണ്ടായ നയതന്ത്ര ബന്ധത്തിലെ വിള്ളൽ പരിഹരിക്കാൻ മാപ്പപേക്ഷയുമായി പോയ പാക്കിസ്ഥാന് വൻ തിരിച്ചടിയാണുണ്ടായത്. പാക് വിദേശകാര്യമന്ത്രിയുടെ പരാമർശത്തേ തുടർന്നാണ് പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. പ്രശ്നപരിഹാരത്തിനായി പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ സൗദിയിലെത്തിയിട്ടും അദ്ദേഹത്തെ കാണാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തയ്യാറായില്ല. ഇതും പാക്കിസ്ഥാന് തിരിച്ചടിയാണ്.

സൗദി നേതൃത്വത്തിലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ജമ്മു കശ്മീർ വിഷയത്തിൽ ചർച്ച നടത്തണമെന്ന ആവശ്യം പരിഗണിക്കാതിരുന്നതാണ് പാക് വിദേശകാര്യമന്ത്രിയെ ചൊടിപ്പിച്ചത്. ചർച്ചയ്ക്ക് മുൻകൈയെടുത്തില്ലെങ്കിൽ ഒ.ഐ.സിയെ പിളർത്തുമെന്ന സൂചന നൽകുന്ന പരാമർശമാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയത്. ഇത് സൗദി ഗൗരവത്തോടെ എടുത്തു. ചൈനയുമായി അടുക്കുന്ന പാക്കിസ്ഥാന് ഇപ്പോൾ ഇറാനുമായും അടുത്ത ബന്ധമുണ്ട്. ഇതും സൗദിയെ പോലുള്ള അറബ് രാജ്യങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ പ്രകോപിപ്പിക്കൽ.

ഇതേതുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. സൗദിയുമായുള്ള ബന്ധത്തിന് പാക്കിസ്ഥാൻ വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനാൽ വിഷയത്തിൽ പാക് സർക്കാരിന്റെ മാപ്പപേക്ഷയുമായാണ് ജനറൽ ബജ്വ സൗദിയിലെത്തിയത്. സൽമാൻ രാജകുമാരൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാത്തതിനാൽ ഉപ പ്രതിരോധ മന്ത്രിയും സൽമാൻ രാജകുമാരന്റെ സഹോദരനുമായ മേജർ ജനറൽ ഫയ്യാദ് അൽ റുവെയ്ലിയുമായി ചർച്ച നടത്തി ക്ഷമാപണം നടത്തി ബജ്വ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ബജ്വയ്ക്കൊപ്പം പാക് ചാര സംഘടന മേധാവിയായ ലഫ്. ജനറൽ ഫയിസ് ഹമീദും ഉണ്ടായിരുന്നു.

സൗദിയിൽനിന്ന് നേരെ യു.എ.ഇയിലേക്കാണ് പോയത്. ഇസ്രയേലുമായു നയതന്ത്ര ബന്ധം സ്ഥാപിച്ചതിനേ തുടർന്ന് യു.എ.ഇയുമായുള്ള ബന്ധത്തിലും വിള്ളൽ വീഴാതിരിക്കുക എന്ന ദൗത്യവുമായാണ് ഇവർ പോകുന്നത്. ഇറാനുമായുള്ള പ്രശ്‌നങ്ങളാണ് ഇസ്രേയലുമായി അടുക്കാൻ യുഎഇയേയും പ്രേരിപ്പിക്കുന്നത്. ഇതിന് പിന്നിൽ അമേരിക്കയുമാണ്. അതുകൊണ്ട് തന്നെ യുഎഇയും പാക്കിസ്ഥാനെ തള്ളുമെന്നാണ് റിപ്പോർട്ട്. പ്രശ്നപരിഹാര ദൗത്യവുമായി പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ സൗദിയിലെത്തിയിട്ടും അദ്ദേഹത്തെ കാണാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൂട്ടാക്കാത്തത് പാക്കിസ്ഥാന് വലിയ തിരിച്ചടി തന്നെയാണ്.

അടുത്തിടെ നടന്ന ചാനൽ പരിപാടിയിൽ പാക് വിദേശകാര്യ മന്ത്രി ഷാ മൊഹമ്മദ് ഖുറേഷി സൗദി അറേബ്യയ്ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകാൻ ആരംഭിച്ചത്. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സൗദി പാക്കിസ്ഥാന് വായ്പയായി എണ്ണ നൽകുന്ന ധാരണ പിൻവലിച്ചു. പിന്നീട് കടമായി വാങ്ങിയ പണം സൗദി തിരിച്ച് ആവശ്യപ്പെട്ടത് പാക്കിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. വീണ്ടും രാജ്യത്തിനെതിരെ സൗദി കൂടുതൽ നീക്കം നടത്താൻ ഒരുങ്ങുന്നതായുള്ള സൂചനകൾ പുറത്തു വന്നതോടെയാണ് സൈനിക മേധാവിയെ അയക്കാൻ പാക് സർക്കാർ തീരുമാനിച്ചത്.

കശ്മീർ വിഷയം ചർച്ചചെയ്യാനായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒ.ഐ.സി കശ്മീരിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചില്ലെങ്കിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സഖ്യകക്ഷികൾക്കിടയിൽ ഇത് സ്വന്തമായി നടത്തുമെന്നായിരുന്നു ഷാ മൊഹമ്മദ് ഖുറേഷിയുടെ ഭീഷണി. 2020 ഫെബ്രുവരിയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ കൗൺസിലിൽ വച്ചാണ് പാക്കിസ്ഥാനെ പിന്തുണയ്ക്കാത്തതിന് സൗദിയെ പരസ്യമായി വിമർശിച്ചത്. സൗദിക്ക് പുറമെ യുഎഇയേയും കശ്മീർ വിഷയത്തിന്റെ പേരിൽ പാക്കിസ്ഥാൻ വിമർശിച്ചിരുന്നു.

ഇതിന് പിന്നാലെ പാക്കിസ്ഥാന് വായ്പകൾ നൽകുകയോ എണ്ണ വിതരണം നടത്തുകയോ ചെയ്യില്ലെന്ന് സൗദിയും നിലപാട് എടുത്തിരുന്നു. ഇതിന് പുറമെ നേരത്തെ നൽകിയ ഒരു ബില്ല്യൺ യുഎസ് ഡോളർ തിരികെ നൽകണമെന്നും പാക്കിസ്ഥാനോട് സൗദി ആവശ്യപ്പെട്ടിരുന്നു. 2018ൽ സൗദി പ്രഖ്യാപിച്ച 6.2 ബില്ല്യൺ യുഎസ് ഡോളർ പാക്കേജിന്റെ ഭാഗമായിരുന്നു ഇത്. പിന്നീട് ചൈനയിൽ നിന്ന് വായ്പയെടുത്താണ് പാക്കിസ്ഥാൻ ഈ തുക തിരിച്ചടച്ചത്.