ശ്രീനഗർ: ഇന്ത്യൻ ജവാന്മാരുടെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ സൈന്യം വീണ്ടും വികൃതമാക്കി. കാഷ്മീരിലെ പൂഞ്ചിൽ പാക് സൈന്യത്തിന്റെ വെടിയേറ്റു മരിച്ച രണ്ട് ഇന്ത്യൻ ജവാന്മാരുടെ മൃതദേഹങ്ങളാണ് വികൃതമാക്കപ്പെട്ടത്. പാക് സൈന്യത്തിന് നടപടിക്ക് ഉചിതമായ തിരിച്ചടി നല്കുമെന്ന് കരസേന വ്യക്തമാക്കി. സൈന്യത്തിനു നിരക്കാത്ത നടപടിയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കരസേന കൂട്ടിച്ചേർത്തു.

നിയന്ത്രണ രേഖയിൽ പാക്ക് റേഞ്ചേഴ്‌സ് നടത്തിയ റോക്കറ്റാക്രമണത്തിൽ വീരമൃത്യു വരിച്ച രണ്ടു ജവാന്മാരുടെ മൃതദേഹങ്ങളാണ് വികൃതമാക്കപ്പെട്ടത്. സംഭവത്തിനുപിന്നിൽ പാക്ക് സൈന്യമാണെന്ന് ഇന്ത്യ ആരോപിച്ചു. രാവിലെ 8.30 ഓടെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ബിഎസ്എഫ് പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരു സൈനികനു ഗുരുതരമായി പരുക്കേറ്റു.

അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ഒരു സൈനികനും മറ്റൊരു ജൂനിയർ ഓഫിസറുമാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. അതിർത്തിയിലുണ്ടായിരുന്ന സൈനികർ ഉചിതമായ തിരിച്ചടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കശ്മീരിലെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്ന് പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നിയന്ത്രണരേഖയിൽ ഇന്ത്യൻ സേനയ്ക്കു നേരെ പാക്ക് സൈന്യം ആക്രമണം നടത്തിയത്.

ജനുവരിയിലും പാക് പട്ടാളം ഇന്ത്യൻ ജവാന്റെ വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കിയിരുന്നു. പൂഞ്ചിൽ നിയന്ത്രണരേഖ ലംഘിച്ച് കടന്ന പാക്സൈന്യം ഇന്ത്യൻ പട്രോളിങ് സംഘത്തിലെ രണ്ട് ജവാന്മാരെ വധിക്കുകയായിരുന്നു. ഇതിൽ ഒരു ജവാന്റെ മൃതദേഹം പാക്സൈനികർ വികൃതമാക്കി.

കഴിഞ്ഞ ഒരു മാസത്തിനിടെ അതിർത്തിയിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഇത് എട്ടാം തവണയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 19ന് പൂഞ്ച് സെക്ടറിലും ഏപ്രിൽ 17ന് നൗഷേര സെക്ടറിലും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്ക് സൈന്യം മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.2016ൽ നിയന്ത്രണരേഖയ്ക്കു സമീപം 228 തവണയാണ് പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. രാജ്യാന്തര അതിർത്തിയിൽ 221 തവണയും വെടിനിർത്തൽ കരാർ ലംഘനമുണ്ടായി.