ന്യൂഡൽഹി: കാശ്മീരിലെ മനുഷ്യാവകാശം എന്ന പൊളി വാദമുയർത്തി ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് തിരിച്ചടി. പാക് അധിനിവേശ കാശ്മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകം അറിഞ്ഞു.

പാക് അധീന കശ്മീരിൽ ഇന്ത്യയ്ക്ക് അനുകൂലമായ ശബ്ദങ്ങൾ പാക്കിസ്ഥാൻ അടിച്ചമർത്തുന്നു. ഇതിനെതിരെ മുസാഫറാബാദ്, ജിൽജിത്, കോട്‌ല എന്നിവിടങ്ങളിൽ യുവാക്കൾ പ്രക്ഷോഭവുമായി രംഗത്തെത്തി. സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ച് നടത്തുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുടെ ദൃശ്യങ്ങൾ സി.എൻ.എൻ. ഐ.ബി.എൻ. ചാനൽ പുറത്തുവിട്ടു. ആദ്യമായാണ് പാക് അധിനിവേശ കാശ്മീരിലെ ദൃശ്യങ്ങളും പ്രതിഷേധവും ഇന്ത്യൻ ചാനലിന് കാണിക്കാൻ കഴിയുന്നത്. എന്നാൽ ചാനൽ പുറത്ത് വിട്ടത് വ്യാജമായി സൃഷ്ടിക്കപ്പെട്ട വിഡിയോ ആണെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.

പാക്ക് അധിനിവേശ കശ്മീരിൽ വികസനം ആവശ്യപ്പെട്ടും തൊഴിൽ അവസരങ്ങൾ സ!ൃഷ്ടക്കുന്നതുമടക്കമുള്ളവയാണ് ഇവിടുത്തെ ജനങ്ങളുടെ ആവശ്യം. ഇവിടങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ ധാരളം നടക്കുന്നതായും സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നും ജനങ്ങൾ ആരോപിക്കുന്നു. ജിഹാദിനായി പോരാടാൻ വിസമ്മതിക്കുന്നവരെ ഐഎസ്‌ഐ ഉപദ്രവിക്കുന്നതായും പാക്ക് അധിനിവേശ കശ്മീരിലെ യുവാക്കൾ പറയുന്നു. സർക്കാരിനെതിരെ പോരാടുന്നവരെ അടിച്ചമർത്തുന്നതിന് പാക്ക് സൈന്യം ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു. മറ്റേതൊരു അയൽരാജ്യങ്ങളെക്കാളും നല്ലത് ഇന്ത്യയാണെന്ന് ഇവർ പറയുന്നതും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

പാക് അധീന കശ്മീരിലെ യഥാർഥ ചിത്രമാണ് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. വികസനപ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത ഇവിടെ തൊഴിലില്ലായ്മ രൂക്ഷമാണ്. ഭീകര പ്രവർത്തനങ്ങൾക്ക് വിസമ്മതിക്കുന്ന യുവാക്കളെ പാക് ചാരസംഘടന ഐ.എസ്.ഐ.യുടെ നേതൃത്വത്തിൽ പിടിച്ചുകൊണ്ടുപോയി തടവിലാക്കും. ഇവിടെ ജീവിതം നരകതുല്യമാണെന്ന് പ്രക്ഷോഭകാരികൾ പറയുന്നു. പാക്കിസ്ഥാന് തങ്ങളുടെ മേൽ ശക്തി ഉപയോഗിക്കാൻ ഒരു അവകാശവുമില്ലെന്ന് ക്യാമറയ്ക്കു മുന്നിൽ പറയാൻ പോലും പ്രക്ഷോഭകർ തയ്യാറായി. പാക്കിസ്ഥാനിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് അലമുറയിടുന്നവരുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. വളരെ വ്യക്തവും കൃത്യവുമാണ് വിഡിയോ. ഇതിൽ സംസാരിക്കുന്നവരുടെ മുഖങ്ങൾ വളരെ വ്യക്തവും. ഒരു സംശയവുമില്ലാതെ വികാരത്തോടെ തന്നെ പാക് അധിനിവേശ കാശ്മീരിൽ സംഭവിക്കുന്നതെന്ന് വിശദീകരിക്കുന്നു.

മേഖലയിൽ പാക്കിസ്ഥാനെതിരെ ഉയരുന്ന ശബ്ദങ്ങൾ സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. കശ്മീർ താഴ്‌വരയിലെ ചെറിയ സംഘർഷങ്ങളും സമരങ്ങളും വരെ പ്രാദേശിക സർക്കാറിനെതിരായ സമരങ്ങളായാണ് പാക്കിസ്ഥാൻ അവതരിപ്പിക്കാറ്. എന്നാൽ, പാക് അധീന കശ്മീരിൽ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഇന്ത്യയിലെ ഭരണരീതിക്ക് മേഖലയിൽ വൻ പ്രചാരമാണ് അടുത്തിടെയുണ്ടായത്. പാക് അധീന കശ്മീരിലെ വലിയൊരു വിഭാഗം ഇന്ത്യയ്ക്ക് അനുകൂലമായി നിടപാടെടുക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2015ലെ ഭൂകമ്പത്തിലും 2014ൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിലും ഇന്ത്യൻ സർക്കാറിന്റെ ഇടപെടലാണ് ഇവരെ മാറ്റിചിന്തിപ്പിച്ചു തുടങ്ങിയത്.

അൻജുമാൻ മിൻഹാജ് ഇ റസൂൽ ചെയർമാൻ മൗലാന സയ്യദ് അത്തർ ഹുസാൻ ദെഹ് ലാവി അടുത്തിടെ പാക് അധീന കശ്മീരിൽ പോയിരുന്നു. അദ്ദേഹമാണ് ഇന്ത്യയ്ക്ക് അനുകൂലമായ ജനങ്ങളുടെ അഭിപ്രായം പുറത്തുവിട്ടത്. പാക്കിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് മോചിതരായി സമാധാനപരമായ ജീവിതമാണ് ഇവർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.