ഇസ്ലാമാബാദ്: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൽക്കും നാടകീയമായ നീക്കങ്ങൾക്കൊടുവിൽ പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക്. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശയ്ക്ക് പിന്നാലെ പ്രസിഡന്റ് ആരിഫ് അൽവി പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടു

മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തുടരും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ഫവാദ് ചൗധരി പറഞ്ഞു. ജനത്തിനോട് തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് ഇമ്രാൻ ഖാന്റെ നിർദ്ദേശം.

പാർലമെന്റിൽ തനിക്കെതിരെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തള്ളിയതിനു പിന്നാലെയാണ് സഭ പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ പ്രസിഡന്റിനോടു ശുപാർശ ചെയ്തത്. തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും അറിയിച്ച ഇമ്രാൻ ഖാൻ, തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ അണികളോട് ആഹ്വാനം ചെയ്തു. അവിശ്വാസ പ്രമേയം വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

പാക്ക് പാർലമെന്റിൽ ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അനുവദിച്ചിരുന്നില്ല. ഏപ്രിൽ 25വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. പിന്നാലെ പ്രതിപക്ഷാംഗങ്ങൾ സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുകയും സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്റെ വിധി തീരുമാനിക്കേണ്ടത്, തെരഞ്ഞെടുപ്പ് എത്തും വരെ കാവൽ സർക്കാരുണ്ടാകും, അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇമ്രാൻ രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രഖ്യാപിച്ചു.

ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇമ്രാൻ ഖാൻ സഭയിൽ എത്തിയിരുന്നില്ല. നേരത്തെ തന്നെ കാര്യങ്ങൾ എങ്ങനെയാവണമെന്ന് ഇമ്രാൻ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തം.

ഇമ്രാനെ താഴെയിറക്കാമെന്ന് കരുതിയ പ്രതിപക്ഷത്തെ ഞെട്ടിച്ച് കൊണ്ട് ഇമ്രാൻ ഖാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്താക്കപ്പെടുന്ന പ്രധാനമന്ത്രിയെന്ന നാണക്കേടിൽ നിന്നും ഇമ്രാൻ ഖാൻ രക്ഷപ്പെട്ടു.

ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ദേശീയ അസംബ്ലിയിൽ നാടകീയ നീക്കങ്ങൾ അരങ്ങേറുകയായിരുന്നു. വിദേശ ഗൂഢാലോചനയിൽ പാക്കിസ്ഥാൻ അസംബ്ലി പങ്കാളിയാകാനില്ലെന്ന് പറഞ്ഞാണ് സ്പീക്കർ വോട്ടെടുപ്പ് ആവശ്യം തള്ളിയത്. പിന്നാലെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തതായി ഇമ്രാൻ ഖാൻ പറഞ്ഞു.

ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാക്കിസ്ഥാന് പ്രതിപക്ഷ അംഗം അവതരിപ്പിച്ചിരുന്നു. പ്രമേയത്തിൽ പ്രതിപക്ഷത്തെ നൂറിലധികം എംഎൽഎമാർ ഒപ്പുവച്ചു. നേരത്തെ, അവിശ്വാസ പ്രമേയത്തെ നേരിടാൻ സജ്ജനാണെന്നും രാജിവെക്കില്ലെന്നുമായിരുന്നു ഇമ്രാൻ ഖാന്റെ നിലപാട്. എന്നാൽ ്അവസാന നിമിഷം പ്രതിപക്ഷത്തെ ഞെട്ടിച്ച് അപ്രതീക്ഷിത ബൗൺസർ പോലെ ഇമ്രാന്റെ ചടുല നീക്കങ്ങൾ ഫലം കണ്ടു.

അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകൾ, ഘോഷയാത്രകൾ, റാലികൾ, പ്രകടനങ്ങൾ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവിറക്കിയ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇസ്ലാമാബാദിലെ ദേശീയ അസംബ്ലിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അവിശ്വാസവോട്ടിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു.