ഇസ്ലാമാബാദ്: തന്ത്രപ്രധാന മേഖലയായ ഗിൽഗിത് - ബാൾട്ടിസ്താനെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റാൻ പാക്കിസ്ഥാന്റെ നീക്കം. ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ് പാക് അധീന കശ്മീരുമായി അതിർത്തി പങ്കിടുന്ന മേഖലയുമായി ബന്ധപ്പെട്ട നീക്കം. ഗിൽഗിത് - ബാൾട്ടിസ്താന് പ്രവിശ്യാ പദവി നൽകണമെന്ന ശുപാർശ പാക് വിദേശകാര്യ ഉപദേഷ്ടാവ് സർത്താജ് അസീസ് അധ്യക്ഷനായ സമിതിയാണ് മുന്നോട്ടുവച്ചതെന്ന് പാക് മന്ത്രി റായിസ് ഹുസൈൻ പിർസാദ പാക്കിസ്ഥാനിലെ വാർത്താ ചാനലായ ജിയോ ടി.വിയോട് പറഞ്ഞു.

നിർദ്ദിഷ്ട ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി കടന്നുപോകുന്ന മേഖലയെ പ്രവിശ്യയാക്കുന്നതിന് ഭരണഘടന ഭേദഗതി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ബലൂചിസ്താൻ, ഖൈബർപക്തൂൺഖാവ, പഞ്ചാബ്, സിന്ധ് എന്നിവയാണ് നിലവിൽ പാക്കിസ്ഥാനിലെ നാല് പ്രവിശ്യകൾ. പാക് സർക്കാരിനെതിരെ നിരന്തര സമരങ്ങൾ നടക്കുന്ന മേഖലയാണ് ഗിൽഗിത് - ബാൾട്ടിസ്താൻ. വിഷയത്തിൽ ചൈനയുടെ നീരസം കണക്കിലെടുത്താണ് പ്രദേശത്തിന് പാക്കിസ്ഥാന്റെ അഞ്ചാമത്തെ പ്രവിശ്യാ പദവി നൽകാൻ നീങ്ങുന്നതെന്നാണ് സൂചന.

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ ബലൂചിസ്താൻ പ്രവിശ്യയിലെയും ഗിൽഗിത് - ബാൾട്ടിസ്താൻ പ്രദേശത്തെയും പാക് അധീന കശ്മീരിലെയും പ്രശ്നങ്ങൾ എടുത്തുപറഞ്ഞിരുന്നു. ജനങ്ങളോട് കാട്ടുന്ന അതിക്രമങ്ങൾക്ക് പാക്കിസ്ഥാൻ ലോകത്തോട് ഉത്തരം പറയാൻ സമയമായെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിൽ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ യുഎന്നിലും ചർച്ചയായിരുന്നു. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ചേർന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 31ാം യോഗത്തിൽ ഗിൽഗിത് ബാൾട്ടിസ്ഥാൻ സ്റ്റഡീസ് പ്രസിഡന്റ് സെൻഗെ സെറിങ് ആണ് വിഷയം ഉന്നയിച്ചത്.

ഇവിടെ സ്ത്രീകൾക്കും കുട്ടികൾക്കും ഭരണഘടനാപരമായ അവകാശങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നതായാണ് ആരോപണം. മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നതും സ്വയംഭരണാവകാശം ഇല്ലാത്തതും ഉത്തരവാദിത്തപൂർണമായ ഭരണ സംവിധാനങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സൗകര്യങ്ങളുടെ നിഷേധവും സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പരിപാടികൾ നടപ്പാക്കാത്തതും ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണെന്നു സെൻഗെ സെറിങ് വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാൻ സർക്കാർ പ്രത്യേക ഭൂവിഭാഗമായി പരിഗണിക്കുന്ന പ്രദേശം കൂടിയാണ് ഗിൽജിത്- ബാൽട്ടിസ്ഥാൻ. ജലം, വിനോദത്തിനുള്ള വന്യമൃഗവേട്ട, പരിസ്ഥിതി സൗഹൃദ ടൂറിസം, ധാതുഖനനം, പ്രത്യക്ഷ പരോക്ഷ നികുതികളിലൂടെ ദശലക്ഷക്കണക്കിനു രൂപയാണ് ഈ മേഖല ദേശീയ സർക്കാരിനു നേടിക്കൊടുക്കുന്നത്. ഇവിടെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരുമുണ്ട്.