ഇസ്ലാമാബാദ്: നോട്ട് പിൻവലിക്കൽ തീരുമാനത്തിലൂടെ ഇന്ത്യയിൽ ചില്ലറ പ്രതിസന്ധികളുണ്ട്. ആളുകൾ നോട്ടിനായി നെട്ടോട്ടമോടുമ്പോൾ സർക്കാരിന്റെ ശ്രദ്ധ പ്രധാനമായുള്ളത് ഈ വിഷയത്തിലാണ്. ഇത് മുതലെടുത്ത് നേട്ടമുണ്ടാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ത്യൻ അതിർത്തിക്കുസമീപം പാക്കിസ്ഥാന്റെ സൈനിക ശക്തിപ്രകടനം. പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപുരിന് സമീപമാണ് പാക്കിസ്ഥാൻ സൈനികാഭ്യാസം നടത്തിയത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. സൈനികമേധാവി രഹീൽ ഷെരീഫും ശക്തിപ്രകടനം വീക്ഷിക്കാനെത്തി.

അതിർത്തിയിൽ ഇന്ത്യയുമായി സംഘർഷം തുടരുന്നതിനാൽ ഏതുസാഹചര്യത്തെയും നേരിടാൻ സൈന്യവും വ്യോമസേനയും സജ്ജമാണോയെന്ന് പരിശോധിക്കാനാണ് ഷെരീഫും സൈനികമേധാവിയും സൈനികാഭ്യാസം കാണാനെത്തിയത്. സൈനിക ഹെലികോപ്റ്ററുകളും സേനാംഗങ്ങളും പ്രകടനത്തിൽ പങ്കെടുത്തു. നിയന്ത്രണരേഖയിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടതിന് ഒരാഴ്ചയ്ക്കുശേഷമാണ് ശക്തിപ്രകടനത്തിന് പാക്കിസ്ഥാൻ ഒരുങ്ങിയത്. ഇന്ത്യൻതന്ത്രങ്ങളിലൂടെ പാക്കിസ്ഥാനെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും ഏത് സാഹചര്യത്തെയും പ്രതിരോധിക്കാൻ തന്റെ രാജ്യം സജ്ജമാണെന്നും കഴിഞ്ഞദിവസം ഷെരീഫ് പറഞ്ഞിരുന്നു.

നവാസ് ഷെരീഫ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യോമാഭ്യാസവും കാലാൾപടയുടെ പ്രകടനവും നടന്നു. കര-വ്യോമസേനകൾ സംയുക്തമായാണ് അഭ്യാസം നടത്തിയത്. രാജ്യത്തിനുനേരെയുണ്ടാകുന്ന എന്ത് ആക്രമണത്തിനും തിരിച്ചടിക്കാൻ പാക്കിസ്ഥാന് ശക്തിയുണ്ടെന്ന് ഷെരീഫ് പറഞ്ഞിരുന്നു. ജമ്മു കശ്മീരിൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളിൽ നിന്നു ലോകത്തിന്റെ ശ്രദ്ധതിരിച്ചുവിടാനാണ് ഇന്ത്യയുടെ ശ്രമമെന്നും ഷെരീഫ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാറും ലംഘിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന് നേരെ നിരന്തരം വെടിയുതിർത്തു. ഇതിന് തൊട്ട് പിന്നാലെയാണ് സൈനികാഭ്യാസം നടത്തുന്നത്.