ഇസ്ലാമാബാദ്: സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം മറികടക്കാൻ നീക്കം തുടരുന്നതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു കനത്ത തിരിച്ചടി. ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്രീക്ഇഇൻസാഫ് (പിടിഐ) പാർട്ടിയുടെ മുഖ്യസഖ്യകക്ഷിയായ മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് പാക്കിസ്ഥാൻ (എംക്യുഎംപി) പ്രതിപക്ഷത്തെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കൊപ്പം (പിപിപി) ചേർന്നു. ഇതോടെ ദേശീയ അസംബ്ലിയിൽ ഇമ്രാനു ഭൂരിപക്ഷം നഷ്ടമായി.

സർക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാക്കിസ്ഥാൻ പ്രതിപക്ഷമായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

സംയുക്ത പ്രതിപക്ഷ സഖ്യവും എംക്യുഎമ്മും ധാരണയിലെത്തിയെന്നും പാക്കിസ്ഥാന് അഭിനന്ദനങ്ങൾ നേരുന്നതായും പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും ട്വീറ്റ് ചെയ്തു. പതിപക്ഷ പാർട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിർന്ന എം.ക്യു.എം നേതാവ് ഫൈസൽ സബ്സ്വാരിയും സ്ഥിരീകരിച്ചു.

എംക്യുഎം മുന്നണി വിട്ടതോടെ പാക്ക് പാർലമെന്റിന്റെ അധോസഭയിൽ ഇമ്രാൻ സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. എംക്യുഎം വന്നതോടെ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ അംഗബലം 177 ആയി. അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ മൂന്നിനാണു വോട്ടെടുപ്പ്. അവിശ്വാസപ്രമേയം പാസാകാൻ 172 എംഎൻഎമാരുടെ (ദേശീയ അംസബ്ലി അംഗങ്ങൾ) പിന്തുണ മതി.

ദേശീയ അംസബ്ലിയിൽ ആകെ 342 അംഗങ്ങളാണുള്ളത്. 172 ആണ് കേവല ഭൂരിപക്ഷം. 179 പേരുടെ പിന്തുണയോടെയാണ് ഇമ്രാൻ സർക്കാർ രൂപീകരിച്ചത്. എംക്യുഎംപി പോയതോടെ പിടിഐ നേതൃത്വം നൽകുന്ന ഭരണമുന്നണിയുടെ അംഗസംഖ്യ 164 ആയി ചുരുങ്ങി. അവിശ്വാസം പാസാകാൻ വിമത പിടിഐ എംഎൻഎമാരുടെ കൂടി പിന്തുണ വേണമെന്ന സാഹചര്യം ഇതോടെ പ്രതിപക്ഷത്തിന് ഒഴിവായി. തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയം ഞായറാഴ്ചയാണു വോട്ടിനിടുക.

ഭരണപക്ഷത്തുനിന്നു കൂറുമാറിയ പാർട്ടികളെല്ലാം തിരിച്ചുവരുമെന്നും ഇമ്രാൻ സർക്കാർ അവിശ്വാസത്തെ അതിജീവിക്കുമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭരണസഖ്യം കഴിഞ്ഞ ഞായറാഴ്ചയും സംയുക്ത പ്രതിപക്ഷ സഖ്യം തിങ്കളാഴ്ചയും നഗരത്തിൽ ശക്തി പ്രകടനം നടത്തിയിരുന്നു. സർക്കാരിനെ താഴെയിറക്കുമെന്നു പ്രധാന പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) നേതാക്കൾ റാലിയിൽ പ്രതിജ്ഞയെടുത്തു.

നേരത്തെ, പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞിരുന്നു. പാർലമെന്റിന്റെ അടുത്ത സമ്മേളനം മാർച്ച് 31-ന് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ക്വാസിം ഖാൻ സൂരി അറിയിച്ചിരുന്നു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് മൂന്നുദിവസത്തിനു ശേഷവും ഏഴുദിവസത്തിനുള്ളിലും നടക്കണം. അതായത് വോട്ടെടുപ്പ് നടക്കാൻ സാധ്യതയുള്ള ഏറ്റവും അടുത്ത തീയതി മാർച്ച് 31- ആണ്.

അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിയിലെ 24 വിമതർ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാൻ ഖാന് തിരിച്ചടിയായിരുന്നു. എന്നാൽ, അവിശ്വാസ പ്രമേയത്തിന് മുൻപ് രാജിവെയ്ക്കില്ലെന്ന് ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു.