- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവാസ് ഷെരീഫ് മോദിയുമായി രഹസ്യചർച്ച നടത്തി; പ്രതിപക്ഷം വിദേശരാജ്യവുമായി ചേർന്ന് രാജ്യത്തെ ചതിച്ചു; അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ യുഎസ്; ലോകത്തിന് മുന്നിൽ പാക്കിസ്ഥാൻ മുട്ടിലിഴയുന്നു; രാജിവയ്ക്കില്ല എന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തെ നേരിടാൻ സജ്ജനാണെന്നും രാജിവെക്കില്ലെന്നും വ്യക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം ചർച്ചചെയ്യാൻ വ്യാഴാഴ്ച വൈകിട്ട് ചേർന്ന നാഷണൽ അസംബ്ലി പിരിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.
പാക്കിസ്ഥാൻ കടന്നുപോകുന്നത് നിർണായക നിമിഷങ്ങളിലൂടെയെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എല്ലാവർക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നിൽ പാക്കിസ്ഥാനികൾ മുട്ടിലിഴയുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയത്തിൽ ഞായറാഴ്ച പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.
#WATCH | Islamabad: In his address to the nation, Pakistan Prime Minister Imran Khan claims that a foreign nation sent a message to them (Pakistan) that Imran Khan needs to be removed else Pakistan will suffer consequences. pic.twitter.com/aTGUh9HqSe
- ANI (@ANI) March 31, 2022
യുഎസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഇമ്രാൻ ഖാൻ, സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ യുഎസ് ആണെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താൻ തുടർന്നാൽ പാക്കിസ്ഥാന് വൻ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീഷണിപ്പെടുത്തി. പാക്കിസ്ഥാന്റെ വിദേശനയം ഇന്ത്യാ വിരുദ്ധമോ യുഎസ് വിരുദ്ധമോ അല്ലെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പർവേസ് മുഷ്‌റഫും ഇന്ത്യയുമായി രഹസ്യചർച്ചകൾ നടത്തിയിരുന്നുവെന്നും ഇമ്രാൻ പറഞ്ഞു. നവാസ് ഷെരീഫ് നേപ്പാളിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാൻ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. ക്രിക്കറ്റിലേതു പോലെ അവസാന പന്ത് വരെ പൊരുതും. പ്രതിപക്ഷം വിദേശരാജ്യവുമായി ചേർന്ന് പാക്കിസ്ഥാനെ ചതിച്ചു. പ്രതിപക്ഷ നേതാക്കൾക്ക് പാക്ക് ജനത മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിലയാളുകൾ എന്നോടു പറഞ്ഞു, രാജിവെക്കാൻ. ഞാൻ എന്തിന് രാജിവെക്കണം? 20 വർഷം ക്രിക്കറ്റ് കളിച്ചയാളാണ് ഞാൻ. എല്ലാവർക്കും അറിയാം അവസാനപന്തുവരെ ഞാൻ പോരാടുമെന്ന്. ജീവിതത്തിൽ ഒരിക്കലും പരാജയത്തിന് വഴങ്ങിയിട്ടില്ല. താൻ വീട്ടിലിരിക്കുമെന്ന് ആരും കരുതണ്ട. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെ ആണെങ്കിലും കൂടുതൽ നിശ്ചയദാർഢ്യത്തോടെ താൻ തിരികെവരും, ഇമ്രാൻ പറഞ്ഞു.
പാക്കിസ്ഥാൻ അതിന്റെ ചരിത്രത്തിലെ നിർണായകഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നും ഇമ്രാൻ പറഞ്ഞു. ഈശ്വരൻ എല്ലാം തന്നതിൽ താൻ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ ഭാഗ്യവാനാണ്, കാരണം പ്രശസ്തി, സമ്പത്ത് അങ്ങനെ എല്ലാം എനിക്ക് ദൈവം തന്നു. ഇന്ന് എനിക്കൊന്നും വേണ്ട, ദൈവം എനിക്ക് എല്ലാം തന്നു. അതിന് ദൈവത്തോട് നന്ദിയുള്ളവനാണ് ഞാൻ. എന്നേക്കാൾ വെറും അഞ്ചുവയസ്സുമാത്രം മുതിർന്നതാണ് പാക്കിസ്ഥാൻ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനിച്ച ആദ്യതലമുറയിൽപ്പെട്ടയാളാണ് താനെന്നും ഇമ്രാൻ പറഞ്ഞു.
പാക്കിസ്ഥാന്റെ ഉയർച്ചകളും താഴ്ചകളും കണ്ടയാളാണ് താൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''പാക്കിസ്ഥാൻ മോഡലി''നെ ആളുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇന്ന് എന്റെ രാജ്യം വിശ്വസിക്കാനാവാത്തവണ്ണം അപമാനിക്കപ്പെട്ടിരിക്കുന്നതായി എനിക്ക് കാണാം- ഇമ്രാൻ പറഞ്ഞു.ഇന്ത്യയിലും അമേരിക്കയിലും തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ആരോടും തനിക്ക് വെറുപ്പില്ല. അവരുടെ നയങ്ങളെ താൻ അപലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖ്യകക്ഷികളിൽ നിന്നും സ്വന്തം പാർട്ടിയിൽ നിന്നും എതിർപ്പുകൾ നേരിടുകയും അവിശ്വാസ പ്രമേയം നേരിടുകയും ചെയ്യുന്നതിനിടെയാണ്് രാജിവയ്ക്കില്ലെന്ന് ഇമ്രാൻഖാൻ വ്യക്തമാക്കിയത്.
ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാക്കിസ്ഥാൻ ദേശീയ അസംബ്ലി വ്യാഴാഴ്ച ചർച്ച ചെയ്തിരുന്നില്ല. പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചർച്ച മാറ്റുകയായിരുന്നു. ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം സുരി അറിയിച്ചു.




