ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണയ്ക്കായി പാക്കിസ്ഥാന്റെ പുതിയ തന്ത്രം; 22 എംപിമാരുടെ പ്രതിനിധി സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് അയക്കാനാണു പാക്കിസ്ഥാന്റെ തീരുമാനം.

അന്താരാഷ്ട്ര വേദികളിൽ വിഷയം ഉയർത്താനായാണ് 22 എംപിമാരുടെ പ്രതിനിധി സംഘത്തെ നിയോഗിച്ചത്. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണത്തെ ലോകരാജ്യങ്ങൾക്ക് മുന്നിൽ സാധൂകരിക്കുകയാണ് ലക്ഷ്യം.

കശ്മീരിലെ സംഘർഷാവസ്ഥയ്ക്കും ആക്രമണങ്ങൾക്കും വഴിമരുന്നിടുന്ന പാക്കിസ്ഥാന്റെ നീക്കങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് പുതിയ നീക്കം. കശ്മീരിന് വേണ്ടി പോരാടാനും ശബ്ദമുയർത്താനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാർലമെന്റേറിയന്മാരെ അയക്കാൻ തീരുമാനിച്ചുവെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. ഈ പ്രത്യേക പ്രതിനിധികൾക്ക് പാക് ജനതയുടെ കരുത്തും നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള കശ്മീരികളുടെ പ്രാർത്ഥനയുമുണ്ടാവും. പാർലമെന്റിന്റെ അനുശാസനകളും സർക്കാരിന്റെ പിന്തുണയും ഇവർക്കൊപ്പമുണ്ടാകുമെന്നും നവാസ് ഷെരീഫ് പറയുന്നു.

നേരത്തെ കശ്മീർ സംഘർഷം സംബന്ധിച്ച് ചർച്ചക്ക് വിളിച്ചു കൊണ്ടുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് കശ്മീർ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാൻ യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ, ചൈനീസ് അംബാസിഡർമാരെ കണ്ടിരുന്നു. സെപ്റ്റംബറിൽ യുഎന്നിൽ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ കശ്മീർ വിഷയവും ഉൾപ്പെടുത്തുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.