ഇസ്ലാമാബാദ്: പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൽ ഖദീർ ഖാൻ (എ ക്യു ഖാൻ-85) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഇസ്ലാമാബാദിലെ കെആർഎൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമെന്ന് പിടിവി റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റിലാണ് എ ക്യ ഖാന് കോവിഡ് പിടിപെട്ടത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് പോയി. പിന്നീട് ആരോഗ്യസ്ഥിതി മോശമായപ്പോൾ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാക്കിസ്ഥാനെ ആണവശക്തിയാക്കുന്നിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എക്യു ഖാൻ. പാക്കിസ്ഥാനെ ആണവ രാജ്യമാക്കിയതിനെ തുടർന്ന് ദേശീയ ഹീറോയായി അദ്ദേഹം മാറി. പാക്കിസ്ഥാൻ ആണവ ബോംബിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

എ ക്യു ഖാന്റെ മരണത്തിൽ പ്രസിഡന്റ് ആരിഫ് അൽവി അനുശോചിച്ചു. എ ക്യു ഖാന്റെ സേവനം രാജ്യം മറക്കില്ലെന്നും രാജ്യത്തെ രക്ഷിക്കുന്ന ആണവ ആയുധം വികസിപ്പിക്കുന്നതിന് അദ്ദേഹം മുന്നിൽ നിന്നെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

ഇറാൻ, ലിബിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായി നിയമവിരുദ്ധമായി ആണവ രഹസ്യം പങ്കുവെച്ചെന്ന ആരോപണം എ ക്യു ഖാനെതിരെ ഉയർന്നു. ആരോപണം അദ്ദേഹം ശരിവെച്ചതിനെ തുടർന്ന് 2004മുതൽ വീട്ടുതടങ്കലിലായിരുന്നു. 2006ൽ പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചെങ്കിലും സുഖം പ്രാപിച്ചു.

ഭോപ്പാലിൽ ജനിച്ച ഖാൻ 1952ലാണു പാക്കിസ്ഥാനിലേക്കു എത്തുന്നത്. ബിരുദത്തിനു ശേഷം പശ്ചിമ ജർമനി, നെതർലൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിൽ മെറ്റീരിയൽസ് ടെക്‌നോളജി, മെറ്റലർജി എന്നീ വിഷയങ്ങളിൽ ഉപരിപഠനം നടത്തി. 1972ൽ മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി.

1974ൽ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തിയതിനു പിന്നാലെ സേവനസന്നദ്ധത അറിയിച്ച് പാക്ക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയ്ക്ക് കത്തെഴുതി. 1975ൽ നെതർലൻഡ്‌സിലെ ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തി. അണ്വായുധ ശേഖരം വർധിപ്പിക്കുന്നതിനായി രാജ്യത്തെ യുറേനിയം ഉൽപാദനം ഉയർത്തുക എന്നതായിരുന്നു ആദ്യ ദൗത്യം.

ഡച്ച് ഇന്റലിജൻസ് ഏജൻസികൾ രാജ്യം വിട്ടശേഷവും ഖാന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. 1983ൽ, ഖാന്റെ അസാന്നിധ്യത്തിൽ, ആണവ രഹസ്യങ്ങൾ ചോർത്തിയ കുറ്റത്തിന്, ഡച്ച് കോടതി അദ്ദേഹത്തിനു 4 വർഷത്തെ തടവുശിക്ഷ വിധിച്ചു.

2004 ഫെബ്രുവരിയിൽ അനധികൃത ആണവ ഇടപാടുകൾ നടത്തിയിരുന്നതായി പാക്ക് ടിവി പരിപാടിയിൽ കുറ്റസമ്മതം നടത്തി. പാക്കിസ്ഥാൻ ഭരിച്ചിരുന്ന പർവേസ് മുഷാറഫ് ഇദ്ദേഹത്തെ ഉടൻ കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാൽ, പാക്ക് സർക്കാർ നടത്തിയിരുന്ന അനധികൃത അണ്വായുധ ഇടപാടുകൾക്ക് ഇദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഖാന് അനുശോചനം അർപ്പിച്ചു.