ഇസ്ലാമാബാദ്: തികച്ചും നാടകീയമായ നീക്കങ്ങളിലൂടെ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് പൊതുതെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇമ്രാൻ ഖാന്റെ നീക്കത്തിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ ഇടപെടൽ. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരം പാർലമെന്റ് പിരിച്ചുവിട്ട പാക്കിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിയുടെ നടപടി സുപ്രീം കോടതി പരിശോധിക്കും.

പ്രതിപക്ഷ കക്ഷികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് തിങ്കളാഴ്ച സിറ്റിങ് നടത്തും. പ്രതിപക്ഷത്തിന്റെ പരാതി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ആരിഫ് അൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, സ്പീക്കർ എൻ.എ. അസദ് ഖൈസർ, ഡപ്യൂട്ടി സ്പീക്കർ ഖാസിം സൂരി എന്നിവർക്കെതിരെ ഭരണഘടനാ ലംഘനം ആരോപിച്ചാണ് പ്രതിപക്ഷം സുപ്രീംകോടതിയിൽ പരാതി നൽകിയത്.

പാർലമെന്റ് പിരിച്ചുവിട്ട ഡപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. അതേസമയം, ഇക്കാര്യത്തിൽ സ്പീക്കറുടെ അധികാരത്തിന് പരിധികളില്ലെന്ന് ഇമ്രാൻ ഖാനെ അനുകൂലിക്കുന്നവരും വാദിക്കുന്നു. സ്പീക്കറുടെ നടപടി ഒരു കോടതിക്കും ചോദ്യം ചെയ്യാനാകില്ലെന്നാണ് അവരുടെ ഭാഷ്യം. പാക്ക് പാർലമെന്റ് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട നടപടികൾ ചീഫ് ജസ്റ്റിസ് ഉമർ അത്ത ബൻധ്യാൽ വീക്ഷിക്കുകയാണെന്ന് സുപ്രീംകോടതി വക്താവ് വ്യക്തമാക്കിയിരുന്നു.

പാർലമെന്റിൽ തനിക്കെതിരെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തള്ളിയതിനു പിന്നാലെയാണ് സഭ പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ പ്രസിഡന്റിനോടു ശുപാർശ ചെയ്തത്. തുടർന്ന് മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തുടരും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ഫവാദ് ചൗധരി അറിയിച്ചിരുന്നു.

ഇതിനിടെ, തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും അറിയിച്ച ഇമ്രാൻ ഖാൻ, തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ അണികളോട് ആഹ്വാനം ചെയ്തു. പാക്ക് പാർലമെന്റിൽ ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സഭ നിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അനുവദിച്ചിരുന്നില്ല. ഏപ്രിൽ 25വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഡപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. പിന്നാലെ പ്രതിപക്ഷാംഗങ്ങൾ സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയുമായിരുന്നു.

അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഭരണഘടന ലംഘനമെന്നും നീതി കിട്ടുംവരെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ അസംബ്ലിയിൽ തുടരുമെന്ന് പി പി പി നേതാവ് ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചിരുന്നു.

എല്ലാം ഇമ്രാന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ല പ്രതിപക്ഷം. നടന്നത് ഭരണഘടനാ ലംഘനമാണെന്നാണ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വാദം, നീതി കിട്ടും വരെ സഭയിൽ തുടരാനാണ് തീരുമാനമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് നിർണായക നീക്കം നടത്തിയത്.

തോറ്റു എന്നുറപ്പിച്ചിടത്തുനിന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവസാന നിമിഷം ഇങ്ങനെയൊരു ട്വിസ്റ്റ് കൊണ്ടുവരുമെന്ന് ആരും കരുതിയില്ല. സഭയിൽ അവിശ്വാസം നിഷ്പ്രയാസം പാസാക്കിയെടുക്കാം എന്ന പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയാണ് ഇമ്രാൻ നൽകിയത്.

അവിശ്വാസവോട്ടെടുപ്പോടെ പ്രധാനമന്ത്രി പദത്തിൽ നിന്നിറങ്ങേണ്ടി വരും എന്ന പ്രവചനങ്ങളെ വെള്ളത്തിലാക്കിക്കൊണ്ട് അവസാന പന്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കളി തിരിച്ചു. രാവിലെ സഭ കൂടിയപ്പോൾ തന്നെ ഇമ്രാന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയിരുന്ന ഷഹബാസ് ഷെറീഫോ ഇമ്രാന്റെ ശത്രുപാളത്തിലെ സർദാരി അടക്കമുള്ള മറ്റു പ്രമുഖരോ പ്രതീക്ഷിച്ചിരുന്നതിന് അപ്പുറത്തായിരുന്നു ഇമ്രാന്റെ ഭാഗത്തുനിന്നുണ്ടായ അവസാനത്തെ കരുനീക്കം.

വോട്ടെടുപ്പ് നടത്താൻ കണക്കാക്കി സഭയിലെത്തിയ പ്രതിപക്ഷത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഡെപ്യൂട്ടി സ്പീക്കർ വഴി പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നിഷേധിച്ചുകൊണ്ടുള്ള ഇമ്രാന്റെ നീക്കം. ഇങ്ങനെയൊരു നടപടിയുടെ നിയമ സാധുത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ് എങ്കിലും, അവസാന നിമിഷം അപ്രതീക്ഷിതമായ ഒരു തന്ത്രം പുറത്തെടുത്തുകൊണ്ട് സകലരെയും ഞെട്ടിച്ചിരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത് പോലെ അവിശ്വാസ പ്രമേയം വോട്ടിനിട്ടിരുന്നു എങ്കിൽ ഇമ്രാൻ ഖാൻ പ്രമേയത്തിൽ ദയനീയമായ തോൽവി നേരിട്ട് ഇറങ്ങിപ്പോവേണ്ട സാഹചര്യം ഉണ്ടായേനെ. അത് ഒരുപക്ഷെ അത് ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ജീവിതത്തിനു പോലും തിരശീലയിട്ടേനെ. അതൊഴിവാക്കാൻ വേണ്ടി നടത്തിയ സഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം, ഇമ്രാൻ ഖാന്റെ മാസ്റ്റർ സ്‌ട്രോക്ക് ആയാണ് വിലയിരുത്തപ്പെടുന്നത്. മത ദേശീയ വികാരങ്ങൾ ഉയർത്തിവിട്ടുകൊണ്ട് ആ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കാനുള്ള വലിയൊരു സാധ്യതകൂടിയാണ് ഇമ്രാൻ ഈ നീക്കത്തിലൂടെ ഉറപ്പിക്കുന്നത്.