അമൃത്സർ: അതിർത്തിയിൽ 350 അടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയപതാക നിലനിർത്താൻ ഇന്ത്യ പണിപ്പെടുമ്പോൾ, 400 അടി ഉയരത്തിലുള്ള പതാക ഉയർത്താൻ പാക്കിസ്ഥാൻ തയ്യാറെടുക്കുന്നു. വാഗാ അതിർത്തിയിൽ പദ്ധതി ആരംഭിച്ചതായും ഇതിനായി പ്രദേശത്തെ മരങ്ങൾ വെട്ടിത്തുടങ്ങിയെന്നും പാക്കിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പദ്ധതി നടപ്പിലായാൽ, ഉയരത്തിൽ ലോകത്തിലെ എട്ടാം സ്ഥാനത്ത് നിൽക്കുന്ന പതാകയാകും അത്. കഴിഞ്ഞ മാർച്ച് 5-ന്, പഞ്ചാബിലെ അട്ടാരിയിൽ 350 അടി ഉയരത്തിലുള്ള ദേശീയപതാക ഇന്ത്യ സ്ഥാപിച്ചിരുന്നു. സ്ഥാപിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ, കനത്ത കാറ്റിനെ തുടർന്ന് അവ കീറിപ്പോയിരുന്നു. ഇതിനോടകം അഞ്ച് തവണ പതാക കീറിപ്പോയി. ഒരുതവണ, വാഗാ അതിർത്തിയിലെ ഇന്ത്യ-പാക്കിസ്ഥാൻ സൈന്യങ്ങളുടെ പരേഡിനിടയ്ക്ക് ഇന്ത്യൻ പതാക താഴെവീഴുകയും ചെയ്തിരുന്നു.

ലാഹോറിൽ നിന്ന് കാണാവുന്ന വിധത്തിൽ സ്ഥാപിച്ച ഇന്ത്യൻ പതാക, പാക്കിസ്ഥാന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചിരിക്കാം. ഇത്തരമൊരു പദ്ധതി അതിനാലായിരിക്കാമെന്ന് അതിർത്തി സുരക്ഷാസൈന്യത്തിലെ മുൻ ഡെപ്യൂട്ടി ജനറൽ ഡി.എസ്. സരൺ അഭിപ്രായപ്പെട്ടു.