ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യം ഭീകരർക്കുവേണ്ടി നടത്തിവന്ന തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. ഭീകരവേട്ടയ്ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികൾ കല്ലേറു നടത്തിയതിനെ തുടർന്നാണ് ദൗത്യം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഏതാണ്ട് ആയിരത്തോളം സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് ഓപ്പറേഷനു വേണ്ടി നിയോഗിച്ചിരുന്നത്. ഷോപ്പിയാനിൽവച്ചാണ് അടുത്തിടെ യുവ സൈനികൻ ഭീകരരുടെ വെടിയേറ്റു മരിച്ചത്.

ഷോപ്പിയാനിലെ എല്ലാ ഗ്രാമങ്ങളിലെയും വീടുകളിൽ കയറിയിറങ്ങി തിരച്ചിൽ നടത്താനാണ് സൈന്യം തീരുമാനിച്ചിരുന്നത്. ഷോപ്പിയാനിലെ സൈൻപോറ മേഖലയിലാണ് ശക്തമായ തിരച്ചിൽ നടത്തിയത്. ഭീകരർ ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്താനായിരുന്നു നടപടി. ഇതിനിടെയാണ് കല്ലേറുണ്ടായത്. കൂടുതൽ സൈന്യത്തെ മേഖലയിലേക്ക് എത്തിച്ചെങ്കിലും നടപടി നിർത്തിവയ്ക്കാൻ ഉത്തരവുണ്ടാകുകയായിരുന്നു.


ഭീകരരുടെ ഒളിത്താവളങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിൽ സൈന്യം വീടുകൾ തോറും കയറി തിരച്ചിൽ നടത്തിയിരുന്നു. ഏതാണ്ട് നാലായിരം സുരക്ഷാസേന അംഗങ്ങളാണ് ഇതിൽ പങ്കെടുത്തത്. 15 വർഷത്തിന് ശേഷമാണ് ഇത്തരമൊരു നടപടിയുണ്ടായത്.

അതേസമയം, കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ബാൽകോട്ട് മേഖലയിൽ ചൊവ്വാഴ്ച അർധരാത്രിയും ബുധനാഴ്ച രാവിലെയും പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. പാക്കിസ്ഥാന് ഇന്ത്യൻ സൈന്യവും ശക്തമായ തിരിച്ചടി നൽകുന്നുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. ചൊവ്വാഴ്ച തന്നെ നൗഷേര മേഖലയിലും പാക്കിസ്ഥാൻ പ്രകോപനം കൂടാതെ വെടിവയ്‌പ്പ് നടത്തിയിരുന്നു.

ഏതാനും ദിവസമായി പാക്ക് സൈന്യം തുടർച്ചയായി ഇന്ത്യൻ സൈനിക ബങ്കറുകൾക്ക് നേരെയും ജനവാസ മേഖലയ്ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. 82 എംഎം, 120 എംഎം മോട്ടോർ ഷെല്ലുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. അതിർത്തിയിൽ സ്ഥിതിഗതികൾ മോശമായതിനെ തുടർന്ന് 1700 പ്രദേശവാസികളെ ഇന്ത്യ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഏതാണ്ട് 2694 കുടുംബങ്ങളിൽ നിന്നായി 10,042 ആളുകളെയാണ് പാക്കിസ്ഥാന്റെ ആക്രമണം ബാധിക്കുന്നത്.

നൗഷേരയിൽ പാക്ക് ആക്രമണത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനിച്ചു. പാക്കിസ്ഥാൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ മേഖലയിലെ സ്‌കൂളുകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.