- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ രണ്ട് ടെസ്റ്റിൽ സമനില; മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ അടിതെറ്റി പാക്കിസ്ഥാൻ; ഓസീസിനോട് തോറ്റത് 115 റൺസിന്; പാക് മണ്ണിൽ 22 വർഷത്തിനുശേഷം പരമ്പര നേട്ടം; റിച്ചി ബെനാഡിനും മാർക്ക് ടെയ്ലർക്കുമൊപ്പം നേട്ടത്തിൽ പാറ്റ് കമ്മിൻസ്
ലാഹോർ: ആദ്യ രണ്ട് ടെസ്റ്റിൽ സമനില. മൂന്നാം ടെസ്റ്റിലെ ആദ്യ നാലു ദിവസവും ഒപ്പത്തിനൊപ്പം. എന്നാൽ അഞ്ചാം ദിനത്തിൽ പാക്കിസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. വീറോടെ പൊരുതിയ പാറ്റ് കമ്മിൻസും സംഘവും ജയത്തോടെ ചരിത്ര നേട്ടത്തിൽ. പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാനെ 115 റൺസിന് തകർത്ത് ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പര 1-0ന് സ്വന്തമാക്കി.
351 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസെന്ന മികച്ച നിലയിലാണ് ക്രീസിലിറങ്ങിയതെങ്കിലും 235 റൺസിന് കൂടാരം കയറി. അഞ്ച് വിക്കറ്റെടുത്ത നഥാൻ ലിയോണും മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമിൻസും ചേർന്നാണ് അവസാന ദിവസം പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയത്. സ്കോർ ഓസ്ട്രേലിയ 391, 227-3, പാക്കിസ്ഥാൻ 268, 235.
ആദ്യ രണ്ടു ടെസ്റ്റുകളും സമനിലയിലായതിനാൽ ഈ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയും സ്വന്തമാക്കി. ഒരു ദിവസത്തിലധികം കളി ബാക്കിനിൽക്കെ പാക്കിസ്ഥാനു മുന്നിൽ 351 റൺസ് വിജയലക്ഷ്യമുയർത്തി ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ ധീരമായ തീരുമാനമാണ് മത്സരം അവർക്ക് അനുകൂലമാക്കിയത്. മാത്രമല്ല, 24 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം പാക്കിസ്ഥാൻ പര്യടനത്തിനെത്തിയ ഓസീസിന്, എന്നെന്നും ഓർമിക്കത്തക്കതായി മൂന്നാം ടെസ്റ്റിലെ വിജയം.
കരിയറിലെ പത്തൊൻപതാമത്തെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച സ്പിന്നർ നേഥൻ ലയണാണ് പാക്കിസ്ഥാനെ തകർത്തത്. ലയൺ 37 ഓവറിൽ 83 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
22 വർഷത്തിനുശേഷമാണ് ഓസ്ട്രേലിയ പാക്കിസ്ഥാനിൽ ടെസ്റ്റ് പരമ്പര നേടുന്നത്. പാക്കിസ്ഥാനിൽ ഓസ്ട്രേലിയയുടെ മൂന്നാം പരമ്പര നേട്ടമാണിത്. 1959-60ൽ റിച്ചി ബെനാഡിന്റെ നേതൃത്വത്തിലും 1998-99ൽ മാർക്ക് ടെയ്ലറുടെ നേതൃത്വത്തിലുമായിരുന്നു ഓസ്ട്രേലിയയുടെ പരമ്പര നേട്ടങ്ങൾ. 2011ൽ ശ്രീലങ്കയെ തോൽപ്പിച്ചശേഷം ഏഷ്യയിൽ ഓസീസിന്റെ ആദ്യ പരമ്പര നേട്ടവുമാണിത്. പരമ്പരയിലെ രണ്ട് ടെസ്റ്റിൽ നിന്ന് 301 റൺസ് നേടി മികച്ച ബാറ്റിങ് പുറത്തെടുത്ത ഓസീസിന്റെ ഉസ്മാൻ ഖവാജയാണ് പരമ്പരയുടെ താരം.
മത്സരത്തിന്റെ അവസാന ദിനം 10 വിക്കറ്റ് കയ്യിലിരിക്കെ അവർക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 278 റൺസ് മാത്രം. അവസാന ദിനം ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസ് വരെയെത്തിയെങ്കിലും പിന്നീട് പാക്കിസ്ഥാന് അടിപതറുകയായിരുന്നു.
വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ പാക്കിസ്ഥാന് അതേ സ്കോറിൽ അബ്ദുള്ള ഷഫീഖിന്റെ(27) വിക്കറ്റ് നഷ്ടമായി. ഇമാമുൾ ഹഖും അസ്ഹർ അലിയും(17) ചേർന്ന് പാക്കിസ്ഥാനെ 100 കടത്തിയെങ്കിലും അലിയെ വീഴ്ത്തി ലിയോൺ പാക്കിസ്ഥാന് രണ്ടാമത്തെ പ്രഹരമേൽപ്പിച്ചു.
പ്രതിരോധിച്ചു നിന്ന അസ്ഹർ അലിയെ(70)യും അസമിനെയും(55) മടക്കി ലിയോൺ പാക്കിസ്ഥാന്റെ വിജയപ്രതീക്ഷ തകർത്തു. ഫവാദ് ആലത്തെയും(11), മുഹമ്മദ് റിസ്വാനെയും(0) വീഴ്ത്തി പാറ്റ് കമിൻസ് പാക്കിസ്ഥാന്റെ നടുവൊടിച്ചതോടെ തോൽവി ഒഴിവാക്കാനായി പിന്നീട് പാക് പോരാട്ടം. സാജിദ് ഖാനെ(21) സ്റ്റാർക്ക് പുറത്താക്കിയതിന് പിന്നാലെ വാലറ്റത്തെ ലിയോണും കമിൻസും ചേർന്ന് ചുരുട്ടികെട്ടിയതോടെ പാക്കിസ്ഥാന്റെ പതനം പൂർത്തിയായി.
അർധസെഞ്ചുറി നേടിയ ഓപ്പണർ ഇമാം ഉൾ ഹഖാണ് രണ്ടാം ഇന്നിങ്സിൽ ആതിഥേയരുടെ ടോപ് സ്കോറർ. 199 പന്തിൽ അഞ്ച് ഫോറുകൾ സഹിതം ഇമാം നേടിയത് 70 റൺസ്. ക്യാപ്റ്റൻ ബാബർ അസം 104 പന്തിൽ ആറു ഫോറുകൾ സഹിതം 55 റൺസെടുത്തു. അബ്ദുല്ല ഷഫീഖ് (27), അസ്ഹർ അലി (17), ഫവാദ് ആലം (11), സാജിദ് ഖാൻ (21) ഹസൻ അലി (13) എന്നിവരാണ് പാക്കിസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടവർ. മുഹമ്മദ് റിസ്വാൻ (0), ഷഹീൻ അഫ്രീദി (5), നസീം ഷാ (1) എന്നിവർ തീർത്തും നിരാശപ്പെടുത്തി. നൗമാൻ അലി (1) പുറത്താകാതെ നിന്നു.
37 ഓവറിൽ 83 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത നേഥൻ ലയൺ തന്നെ ഓസീസിന്റെ വിജയശിൽപി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 15.1 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, കാമറൂൺ ഗ്രീൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തേ ഓപ്പണർ ഉസ്മാൻ ഖവാജ (104 നോട്ടൗട്ട്) സെഞ്ചുറി തികച്ചയുടൻ ഓസീസ് 3 വിക്കറ്റിന് 227ന് 2ാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഖവാജ 178 പന്തിൽ എട്ടു ഫോറുകൾ സഹിതമാണ് 104 റൺസെടുത്തത്. ഓപ്പണർ ഡേവിഡ് വാർണർ (51), മാർനസ് ലബുഷെയ്ൻ (36) എന്നിവരും ഓസീസിനായി തിളങ്ങി.
സ്പോർട്സ് ഡെസ്ക്