ന്യൂഡൽഹി : നോട്ട് പിൻവലിക്കലിനെ തുടർന്ന് ഇന്ത്യയിൽ പ്രതിസന്ധി രൂക്ഷമാണ്. നോട്ട് ക്ഷാമത്തിൽ വലയുന്ന ജനങ്ങളുടെ പ്രശ്‌നത്തിന് കൃത്യമായ പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല. പ്രതിപക്ഷമാകട്ടെ ഇത് ആയുധമാക്കുകയും ചെയ്യുന്നു. അതിർത്തിയിലും ഇത് പ്രതിഫലിക്കുകയാണ്.

ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള അവസരമായി ഇതിനെ പാക്കിസ്ഥാൻ കാണുന്നു. ഇത് തന്നെയാണ് അതിർത്തിയിലെ സംഘർഷത്തിന് കാരണവും. ഇന്ത്യയിലെ പ്രശ്‌നങ്ങൾ മുതലെടുക്കാനാണ് അതിർത്തിയിൽ പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിക്കുന്നത്. ഇതിന് ഇന്ത്യ തിരിച്ചടിയും നൽകുന്നു. ഇതോടെ സർജിക്കൽ സ്‌ട്രൈക്കിന് ശേഷം ഇന്ത്യാ-പാക് അതിർത്തിയിലെ പുകച്ചിൽ പുതിയ തലത്തിലെത്തുന്നു. ഏത് നിമിഷവും യുദ്ധമെന്ന അവസ്ഥയാണുള്ളത്. അതിനിടെ ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയാറല്ലെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

എന്നാൽ കശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്ക് വ്യോമസേനാ മേധാവി രംഗത്ത് എത്തുകയും ചെയ്തു. കശ്മീർ പ്രശ്‌നത്തെ ഒരു മുഴുവൻ സമയ യുദ്ധത്തിലേക്ക് പരിവർത്തനപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്ന് ആരോപിച്ചാണ് മുന്നറിയിപ്പുമായി പാക്ക് വ്യോമസേനാ മേധാവി മാർഷൽ സുഹൈൽ അമാനിന്റെ രംഗപ്രവേശം. ഇതോടെ ഇന്ത്യാ-പാക് യുദ്ധം ഏത് സമയത്തും ഉണ്ടാകുമെന്ന വിലയിരുത്തലുമായി വിദേശ മാദ്ധ്യമങ്ങളും സജീവമായി. ഇപ്പോൾ വേണമെങ്കിലും ഇത് സംഭവിക്കാമെന്നാണ് അവരുടെ വിലയിരുത്തൽ. അതിർത്തിയിൽ കുറച്ച് ദിവസമായി നടക്കുന്ന സംഭവവികാസങ്ങളാണ് ഈ വിലയിരുത്തലിന് കാരണം.

സെപ്റ്റംബർ 29ന് നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകൾക്കുനേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഉറിയിലെ കരസേനാ താവളത്തിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. അതിനുശേഷം ഇന്നുവരെ ദൈനംദിനം അതിർത്തിയിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

അതിനിടെ നോട്ട് അസാധുവാക്കൽ കൃത്യമായി മുതലെടുക്കാൻ പാക്കിസ്ഥാൻ മുന്നോട്ട് വന്നു. ഇതോടെ നുഴഞ്ഞു കയറ്റവും കൂടി. തീവ്രവാദത്തെ നേരിടാനാണ് നോട്ട് പിൻവലിക്കലെന്ന പ്രധാമന്ത്രി മോദിയുടെ വിശദീകരണത്തെ അട്ടിമറിക്കാനും അതിർത്തിയിലെ സംഘർഷത്തിലൂടെ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ചർച്ച ഉടൻ തുടങ്ങില്ലെന്ന് ഇന്ത്യ

പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഇപ്പോൾ പുനഃരാരംഭിക്കാൻ സാധിക്കില്ലെന്നും അതിനു പറ്റിയ സാഹചര്യമല്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചു. നിയന്ത്രണരേഖയിലൂടെ ആയുധധാരികളായ ഭീകരരെ നുഴഞ്ഞുകയറാൻ പാക്കിസ്ഥാൻ സൈന്യം സഹായിക്കുന്നുവെന്നും വികാസ് സ്വരൂപ് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ച മാത്രം 15 തവണയാണ് ഭീകരരെ നുഴഞ്ഞുകയറാൻ പാക്കിസ്ഥാൻ സഹായിച്ചത്. പലപ്പോഴും പാക്കിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ കരാർലംഘനങ്ങളുടെ മറവിലാണ് ഭീകരർ നുഴഞ്ഞുകയറുന്നത്. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ 16നും 21നും ഇടയിൽ 27 തവണയാണ് പാക്കിസ്ഥാൻ സൈന്യം വെടിവയ്‌പ്പ് നടത്തിയത്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് പുറമേ ജനവാസമേഖലകളെയും പാക്ക് സൈന്യം ലക്ഷ്യമിടുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 18 ഗ്രാമങ്ങളെയാണ് പ്രധാനമായും പാക്കിസ്ഥാൻ ലക്ഷ്യമിടുന്നതെന്നും വികാസ് സ്വരൂപ് പറഞ്ഞു.

പാക്ക് അതിർത്തിയിൽ ഭീകരതാവളങ്ങളിൽ സെപ്റ്റംബർ 29ന് ഇന്ത്യൻ സൈന്യം നടത്തിയ മിന്നൽ പ്രഹരത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ തകർന്ന മട്ടാണ്. നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലുമായി 300 തവണ പാക്കിസ്ഥാൻ ഈ കാലയളവിൽ കരാർ ലംഘിച്ചു. 16 സൈനികരും 12 സാധാരണക്കാരും മരിച്ചു. 83 പേർക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ മൂന്നു ഇന്ത്യൻ സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹം വികലമാക്കുകയും ചെയ്തിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയും ഇന്ത്യ നൽകിയിരുന്നു.

മുന്നറിയിപ്പുമായി പാക്കിസ്ഥാനും

കൂടുതൽ നിയന്ത്രണത്തോടെ പെരുമാറുന്നതാണ് ഇന്ത്യയ്ക്ക് നല്ലതെന്നായിരുന്നു പാക് വ്യോമസേനാ മേധാവി അമാന്റെ മുന്നറിയിപ്പ്. സംഘർഷം രൂക്ഷമാക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ അത് എങ്ങനെ നേരിടണമെന്ന് പാക്ക് സൈന്യത്തിന് അറിയാമെന്നും അമാൻ കറാച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി അതിർത്തിയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമാൻ രംഗത്തെത്തിയത്.

വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യ നടത്തിയ വെടിവയ്പിൽ 12 സാധാരണക്കാരും മൂന്ന് സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ ഇന്നലെ ആരോപിച്ചിരുന്നു.