സ്വന്തം മകനെക്കൊന്നവരോട് പൊറുക്കാൻ ഒരു പിതാവിനും സാധിച്ചെന്ന് വരില്ല. പ്രത്യേകിച്ചും അയാളൊരു പാക്കിസ്ഥാൻകാരനും കൊലയാളികൾ ഇന്ത്യക്കാരുമാണെങ്കിൽ. എന്നാൽ, പെഷവാറുകാരനായ മുഹമ്മദ് റിയാസ് രക്ഷിച്ചത് പത്ത് ഇന്ത്യൻ യുവാക്കളുടെ ജീവനാണ്. തന്റെ മകനെ 2015-ൽ കൊലപ്പെടുത്തിയതിന് യു.എ.ഇയിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുയായിരുന്ന യുവാക്കളോടാണ് മുഹമ്മദ് റിയാസ് പൊറുത്തത്.

അൽ എയ്‌നിൽ ഉണ്ടായ സംഘർഷത്തിലാണ് റിയാസിന്റെ മകൻ മുഹമ്മദ് ഫർഹാൻ 2015-ൽ കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ പത്ത് ഇന്ത്യൻ യുവാക്കൾക്ക് യു.എ.ഇ കോടതി കഴിഞ്ഞവർഷം വധശിക്ഷ വിധിച്ചു. ഇലക്ട്രീഷ്യന്മാരും പ്ലംബർമാരുമൊക്കെയായി ജോലി ചെയ്തിരുന്ന പാവപ്പെട്ടവരായിരുന്നു പഞ്ചാബിൽനിന്നുള്ള ഈ പത്ത് യുവാക്കളും.

യു.എ.ഇയിലെ നിയമം അനുസരിച്ച് വധശിക്ഷയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ മാപ്പുനൽകണം. മുഹമ്മദ് റിയാസ് മാപ്പുനൽകിയതോടെ, യുവാക്കളുടെ വധശിക്ഷ ഒഴിവായി. കുടുംബാംഗങ്ങളോട് ആലോചിച്ചശേഷമാണ് വേദനാജനകമായ ഈ തീരുമാനം റിയാസ് കൈക്കൊണ്ടതെന്ന് കുടുംബാംഗങ്ങളിലൊരാൾ പറഞ്ഞു.

ദുബായിലെ ഹോട്ടൽ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ എസ്‌പി. സിങ് ഒബറോയിയുടെ ഇടപെടലാണ് യുവാക്കളുടെ ജീവൻ രക്ഷിച്ചത്. വധശിക്ഷ വിധിക്കപ്പെട്ടവരെ രക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ മുന്നണിപ്രവർത്തകൻ കൂടിയാണ് എസ്‌പി.സിങ്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം റിയാസിനെ കണ്ടതും മധ്യസ്ഥതയ്ക്ക് ശ്രമിച്ചതും.

 

കുടുംബാംഗങ്ങൾ മാപ്പുനൽകുകയും ചോരയ്ക്ക് പകരം പണം സ്വീകരിക്കുകയും ചെയ്താൽ മാത്രമേ വധശിക്ഷ ഒഴിവാകൂ. പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള യുവാക്കൾക്കായി എസ്‌പി. സിങ്ങിന്റെ സംഘടന തന്നെയാണ് പണം കണ്ടെത്തിയത്. എന്നാൽ, എത്ര പണം കൊടുത്തുവെന്ന് വ്യക്തമല്ല. മനപ്പൂർവമോ അല്ലാതെയോ ഒരാളെ മുറിവേൽപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷയിൽനിന്ന് ഒഴിവാകുന്നതിനാണ് നഷ്ടപരിഹാരമെന്ന നിലയിൽ പണം നൽകുന്നത്. ശരിയത്ത് നിയമം അനുസരിച്ചാണിത്.