ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാക് കോടതി. ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ കോടതിയാണ് ഉത്തരവിട്ടത്. തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പാക്കിസ്ഥാൻ പൊലീസിനോട് നിർദ്ദേശിച്ചത്.

പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്ച മസൂദ് അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്. മസൂദ് അസറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വർഷങ്ങളായി പാക്കിസ്ഥാനി ഉദ്യോഗസ്ഥരും നേതാക്കളും ആവർത്തിച്ചിരുന്നത്. എന്നാൽ, കോടതി ഉത്തരവോടെ മസൂദ് അസൽ പാക്കിസ്ഥാന്റെ മണ്ണിൽത്തന്നെ ഉണ്ടെന്ന് സ്ഥിരീകരണമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

കാണ്ഡഹാർ വിമാനം റാഞ്ചിയ ഭീകവാദികളുടെ ആവശ്യത്തെ തുടർന്ന് 1999 ഡിസംബർ 31നാണ് മസൂദ് അസറിനെ ഇന്ത്യ മോചിപ്പിചത്. പിന്നീട് ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ ആയിരുന്നു.ഏറ്റവും ഒടുവിലായി നടന്ന പുൽവാമ ആക്രമണത്തിന് പിന്നിലും ജെയ്ഷെ മുഹമ്മദ് തന്നെയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും തെളിവുകളില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാൽ നാൽപ്പതിലധികം സൈനികർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മസൂദ് അസറിനെ ആഗോള ഭീകരമായി പ്രഖ്യാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയായിരുന്നു. ഇതോടെ ഐക്യരാഷ്ട്ര സഭ ഇയാളെ ആ​ഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം, ലഷ്കറെ തൊയ്ബ ഭീകരൻ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് പാക്കിസ്ഥാൻ കോടതി15 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചത്. ഈ മാസം രണ്ടിനാണ് ലഖ്‌വി അറസ്റ്റ് ചെയ്യപ്പെട്ടത്. ലാഹോറിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പഞ്ചാബ് പ്രവിശ്യയിലെ ഭീകരവിരുദ്ധ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നടത്തിയിരുന്ന ആശുപത്രിയുടെ പേരിൽ ഭീകരവാദത്തിന് ധനസമാഹരണം നടത്തിയിരുന്നെന്ന് അന്വേഷണ ഏജൻസി വെളിപ്പെടുത്തിരുന്നു.