തിരുവനന്തപുരം തങ്ങൾ ജനിച്ചുവളർന്ന നാട്ടിൽ ഹിന്ദുവായി ജനിച്ചതിൽ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തെത്തിയ ഭൂരാലാൽ, ജയ് അഹൂജ, ചെയ്ദം കുമാർ ശർമ എന്നീ പാക്കിസ്ഥാനി ഹിന്ദുക്കൾ. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു യൂത്ത്കോൺക്ലേവിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ.

'എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോന്നതാണ്. ഇല്ലെങ്കിൽ അവർ മതം മാറ്റും. അടിമയെപ്പോലെ പണിയെടുപ്പിക്കും. കൂലി തരില്ല. എതിർത്താൽ അവരുടെ സ്വകാര്യജയിലുകളിലേക്ക് തള്ളും. ക്രൂരമായി ദ്രോഹിക്കും. പെൺകുട്ടികളുണ്ടെങ്കിൽ തട്ടിക്കൊണ്ടു പോകും. അവൾ ഋതുമതിയാണെന്ന് അവർ വ്യാജരേഖയുണ്ടാക്കും. ശരിയ നിയമം ശരിവയ്ക്കുന്ന കോടതിക്കും നിയമപാലന സംവിധാനങ്ങൾക്കു മുമ്പിൽ മറ്റൊരു നീതിക്കും വിലയില്ല. എപ്പോൾ വേണമെങ്കിലും അവളെ മൊഴി ചൊല്ലുകയുമാവാം. എന്തു ചെയ്യാൻ. പറഞ്ഞാൽ തീരില്ല ഞങ്ങളുടെ ദുരിതങ്ങൾ. വേദനനിറയുന്ന വാക്കുകൾ എന്തു പറഞ്ഞ് നിർത്തണമെന്ന് അറിയില്ല ഭൂരാലാലിന്. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥപറയാൻ കേരളത്തിലെത്തിയ, മുസ്ലിം ഭൂരിപക്ഷ പാക്കിസ്ഥാനിലെ ഹിന്ദുവാണ് ഭീൽ വംശജനായ ഭൂരാലാൽ. തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദുമഹാസമ്മേളത്തിൽ കോൺക്ലേവിൽ പാക് ഹിന്ദുക്കളുടെ പ്രതിനിധികളിൽ ഒരാൾ.

അവിടെയുള്ള സ്ഥലവും വീടുമൊന്നും വിൽക്കാനായില്ല. ആരും വാങ്ങില്ല. ഓരോരുത്തരായി രാജ്യം വിട്ടാൽ അവർക്ക് അതെല്ലാം സ്വന്തമാക്കാമല്ലോ. നിങ്ങൾ കേട്ടതിനുമപ്പുറമാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷ പീഡനങ്ങൾ. അഭയം തേടാൻ ഞങ്ങൾക്ക് ഇന്ത്യയേയുള്ളൂ.' ഇന്ത്യയിൽ ജനിച്ച നിങ്ങളെത്ര ഭാഗ്യവാന്മാരെന്നൊക്കെ പറയുമ്പോഴും പിറന്ന മണ്ണ് ഉപേക്ഷിച്ചതിന്റെ വേദനയുണ്ട് ഭൂരാലാലിന്റെ വാക്കുകളിൽ. അംഗബലം 24 ശതമാനത്തിൽ ഒരു ശതമാനത്തിലേക്ക് ചുരുങ്ങിപ്പോയ ഒരു ജനതയുടെ വേദന നിങ്ങൾക്ക് മനസ്സിലാവുമോയെന്ന ചോദ്യത്തിലുമുണ്ട് ദൈന്യത.

പാക് ഹൈദരാബാദ് സ്വദേശിയായ ഭൂരാലാൽ ഇന്ത്യയിലെത്തിയിട്ട് ഏറെയായിട്ടില്ല. ഭൂരേലാൽ ഇപ്പോൾ ഭാര്യയ്ക്കും മകനുമൊപ്പം ജയ്പൂരിലാണ് താമസം. അവിടെ ഒരു കട നടത്തുകയാണ്. ബന്ധുക്കൾ പലരും ഇപ്പോഴും പാക്കിസ്ഥാനിലാണ്.

കേട്ടതിലേറെയാണ് നേരിട്ടറിഞ്ഞവർക്ക് ഹൈന്ദവരുടെ ദുരവസ്ഥയെക്കുറിച്ച് പറയാനുള്ളത്. ഹിന്ദു പെൺകുട്ടികളെ നിഷ്‌ക്കരുണം തട്ടിക്കൊണ്ടു പോകുന്നത് പലപ്പോഴും നോക്കി നൽക്കാനേ രക്ഷിതാക്കൾക്ക് കഴിയാറുള്ളൂ. അവരെക്കുറിച്ച് പിന്നെ ഒന്നും അറിയാനാകില്ല. ഇക്കാര്യത്തിൽ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലെന്നാണ് ഭൂരേലാൽ പറയുന്നത്. സമ്പത്തുള്ള വീട്ടിലെ പെൺകുട്ടികളെ കൊണ്ടു പോയാൽ വിട്ടയയ്ക്കാൻ വലിയ തുക ആവശ്യപ്പെടും. പണം കിട്ടിയാലും മോചനമില്ല.

വീടിനകത്ത് മകളെ മാനഭംഗപ്പെടുത്തുമ്പോൾ പുറത്ത് നിൽക്കേണ്ടി വരുന്ന അച്ഛന്റെ നിസ്സഹായത നിങ്ങൾക്ക് മനസ്സിലാകുമോയെന്ന നെഞ്ചുകീറുന്ന ചോദ്യങ്ങൾക്കു മുമ്പിൽ ഉത്തമില്ലാതെ പോകുന്നു. ഹൈന്ദവരുടേതായ ചിഹ്നങ്ങളൊന്നും പൊതുഇടങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. പൊട്ടു തൊടരുത്. കൈകളിൽ പൂജിച്ച ചരടുകൾ കെട്ടരുത്. ദീപാവലിയോ ഹോളിയോ ഒന്നും ആഘോഷിക്കാൻ പാടില്ല. ക്ഷേത്രഭൂമിയെല്ലാം കൈയേറിക്കഴിഞ്ഞു. പേരിനു പോലും പൂജ നടത്താനാവാതെ അനാാഥമായ എത്രയോ ക്ഷേത്രങ്ങളുണ്ട്. അവിടെ ആരാധനയൊക്കെ വിലക്കപ്പെട്ടതാണ്.

ബസിൽ കയറിയാൽ കൂടെക്കയറിയ ഉറ്റവരുടെ പേരു ചൊല്ലി വിളിക്കാൻ പോലും ഭയമാണ്. ഹിന്ദുനാമധാരിയെന്നറിഞ്ഞാൽ ഇറക്കി വിടും. അല്ലെങ്കിൽ കൈയേറ്റം ചെയ്യും. മക്കൾക്ക് അച്ഛനമ്മമാർ പേരിടുന്നതു പോലും ശ്രദ്ധിച്ചാണ്. അജ്മൽ റാം, ഹക്കിം റാം തുടങ്ങിയ പേരുകളൊക്കെ പാക് ഹിന്ദുക്കളുടെ ഇടയിൽ പതിവാണ്. പേരിലെ ആദ്യം ഭാഗം ജീവൻ രക്ഷയ്ക്ക്. രണ്ടാമത്തേത് ധർമരക്ഷയ്ക്കും. സർക്കാർ ജോലിയും ഹിന്ദുക്കൾക്ക് നിഷിദ്ധം.

ജയ്പൂരിലെ വ്യവസായിയും പാക്ഹിന്ദുക്കളുടെ ക്ഷേമത്തിനും ഇന്ത്യയിൽ വരുടെ അതിജീവനത്തിനായി പ്രവർത്തിക്കുന്ന നിമിത്തേകം സംഘടനയുടെ പ്രസിഡണ്ടുമായ ജയ് അഹൂജ, നിമിത്തേകം ചീഫ് കോർഡിനേറ്റർ ചെയ്ദം കുമാർ ശർമ എന്നിവരും ഹിന്ദു യൂത്ത്് കോൺക്ലേവിൽ പങ്കെടുത്തു.

വൈകുന്നേരം നടന്ന പൊതുസമ്മേളനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മേജർ സുരേന്ദ്ര പൂനിയ, ചെങ്കൽ രാജശേഖരൻ നായർ, രാജേഷ്പിള്ള, അഡ്വ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.