ശ്രീനഗർ: പാക്കിസ്ഥാൻ കൊടും ഭീകരൻ അബു സറാറിനെ കശ്മീരിൽ ഇന്ത്യൻ സൈന്യം വധിച്ചു. കശ്മീരിലെ പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. സൈനിക നീക്കത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഭീകരവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് ഇയാൾ കൊല്ലപ്പെട്ടത്. പൂഞ്ചിലെ ബെഹ്റാംഗാലയിൽ ആയിരുന്നു ഏറ്റുമുട്ടൽ.

പ്രദേശത്ത് സായുധരായ തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസും സൈന്യവും ചേർന്ന് ഇവിടം വളഞ്ഞത്. ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ആരെയും പിടികൂടിയിരുന്നില്ല. എന്നാൽ രാവിലെ ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

രജൗരിയിലും പൂഞ്ചിലും ഭീകരപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട ആളായിരുന്നു അബു സറാറ. ലഷ്‌കർ ഇ ത്വായ്ബയുമായി ബന്ധപ്പെട്ടായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.
യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് അടക്കമുള്ളവയാണ് ഇയാൾ നിർവ്വഹിച്ചുവന്നതെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാനിൽ നിന്ന് ഇയാൾക്ക് വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ മേഖലയിൽ പ്രവർത്തിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്.

മേഖലയിൽ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള പാക് ഭീകരസംഘടനകളുടെ അജൻഡ അനുസരിച്ചായിരുന്നു അബു സറാറയുടെ പ്രവർത്തനം. ഇയാളെ പിടികൂടാൻ പൊലീസ് പലതവണ ശ്രമിച്ചിരുന്നെങ്കിലും രക്ഷപെടുകയായിരുന്നു. പലപ്പോഴും മാസങ്ങളോളം ഉൾവനത്തിലേക്ക് മാറിയും ഇയാൾ പിടികൊടുക്കാതിരുന്നു. എന്നാൽ ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും മൊബൈൽ ഫോൺ പോലുള്ള വസ്തുക്കൾക്കും ഇവർക്ക് വീണ്ടും ഗ്രാമത്തിലേക്ക് എത്തേണ്ടി വന്നതാണന്ന് സേനാ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

ഇയാളിൽ നിന്ന് എ.കെ 47 തോക്കുകളും തിരകളും ഗ്രനേഡുകളും കറൻസികളും പിടിച്ചെടുത്തു. ഇയാളുടെ പാക്കിസ്ഥാൻ ബന്ധം തെളിയിക്കുന്നവയാണ് ഇവയെന്ന് സൈനിക വക്താവ് വ്യക്തമാക്കി. കശ്മീരിലെ ഇയാളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സൈന്യത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്തെ വനത്തിലാണ് ഇയാൾ ഒളിച്ചുകഴിഞ്ഞിരുന്നതെന്നാണ് കരുതുന്നത്. പ്രദേശവാസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനീക്കമുണ്ടായത്. സൈന്യവും കശ്മീർ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് അബു സറാർ കൊല്ലപ്പെട്ടത്. കശ്മീരിൽ ഈ വർഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരവാദിയാണ് ഇയാൾ.