ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഹിന്ദുക്ഷേത്രം ആക്രമിച്ച് തീയിട്ട സംഭവത്തിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിദ്ധിവിനായക് ക്ഷേത്രം ഒരു കൂട്ടമാളുകൾ ചേർന്ന് ബുധനാഴ്ചയാണ് ആക്രമിച്ചത്. സാമൂഹികമാധ്യമ പോസ്റ്റാണ് ആക്രമത്തിനു കാരണമായത്.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിദ്ധിവിനായക് ക്ഷേത്രമാണ് അക്രമികൾ നശിപ്പിച്ചത്. ക്ഷേത്രം ഇസ്ലാമിക മതമൗലികവാദികൾ തകർത്തു. പ്രദേശത്ത് താമസിക്കുന്ന ഹിന്ദു കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും അർദ്ധ സൈനികരെ ഉൾപ്പടെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇടപെടൽ നടത്തുന്നത്. അതിശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.

ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഉൾപ്പടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എതിരായ അക്രമങ്ങളും പീഡനങ്ങളും പാക്കിസ്ഥാനിൽ തുടരുന്നതായി വിദേശകാര്യ മന്ത്രാലയംചൂണ്ടിക്കാട്ടി. ഈ അപലപനീയമായ സംഭവത്തിലും പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യം, ആരാധനാലയങ്ങൾ എന്നിവയ്ക്കെതിരേ തുടരുന്ന ആക്രമണങ്ങൾക്കെതിരേയും പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.

റഹിം യാർ ഖാൻ ജില്ലയിലെ സിദ്ധിവിനായക ക്ഷേത്രമാണ് അക്രമികൾ നശിപ്പിച്ചത്. കെട്ടിടത്തിന് കേടുവരുത്തിയതിനൊപ്പം വിഗ്രഹങ്ങൾ എടുത്തെറിഞ്ഞ് നശിപ്പിച്ചു. തുടർ ആക്രമണങ്ങൾ തടയാൻ കനത്ത സുരക്ഷയിലാണ് പ്രദേശം. പ്രദേശത്തെ ഒരു മുസ്ലിം കബർസ്ഥാൻ കേടുവരുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നുള്ള സോഷ്യൽമീഡിയാ പ്രചരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ക്ഷേത്രം ആക്രമിക്കപ്പെട്ടത്.

ആയുധ ധാരികളായ അക്രമികൾ ക്ഷേത്രത്തിന് മുന്നിൽ തടിച്ച് കൂടുകയും ഇരുമ്പ് ദണ്ഡുകൾ, വടികൾ, കല്ലുകൾ, ഇഷ്ടികകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചില ഭാഗങ്ങളിൽ തീയിട്ടു. ക്ഷേത്രത്തിന് വ്യാപകമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ആക്രമികളുടെ ദൃശ്യം സോഷ്യൽ മീഡിയിലൂടെ പ്രചരിക്കുകയാണ്. എങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

പാക്കിസ്ഥാനിലെ ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യ പരിഗണന നൽകുന്നുണ്ടെങ്കിലും ഇത് കടലാസിൽ മാത്രമൊതുങ്ങുകയാണെന്ന വാദം ശക്തമാക്കുന്നതാണ് ഈ ആക്രമണം. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത് എന്നാണ് ആരോപണം. പ്രത്യേകിച്ച് ഹിന്ദുക്കൾക്കുനേരെ. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ് ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതെന്നാണ് ആക്ഷേപം. ഇതു തന്നെയാണ് സിദ്ധി വിനായക് ക്ഷേത്രത്തിന് നേരെയും ഉണ്ടായത്.

എട്ടു വയസ്സുള്ള ഹിന്ദു ബാലൻ മുസ്ലിം കബർസ്ഥാനിനോട് ചേർന്ന ലൈബ്രറിയിൽ മൂത്രമൊഴിച്ചു വെന്ന വ്യാജ പ്രചരണം ഉണ്ടായിരുന്നു. ഇതാണ് ഈ മേഖലയിൽ സംഘർഷം ഉണ്ടാക്കിയത്. മുസ്ലിം-ഹിന്ദു സമുദായങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്ന പ്രദേശമായിരുന്നു ഇത്. അടിയന്തര ഇടപെടലുകളിലൂടെ സമാധാനം തിരിച്ചെത്തിക്കണെന്ന ആവശ്യമാണ് ഹിന്ദു സമൂഹം ഉയർത്തുന്നത്.

പാക്കിസ്ഥാനിൽ പലരെയും നിർബന്ധിച്ച് മതപരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ അധികൃതരെ സമീപിച്ചാലും ഒരു സഹായവും ലഭിക്കാറില്ല. പാക്കിസ്ഥാനിലെ മതനിന്ദാ നിയമങ്ങളെ യൂറോപ്യൻ പാർലമെന്റ് നേരത്തേ അപലപിച്ചിരുന്നു.