പാക്കിസ്ഥാനിൽ സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്ക് യാതൊരു വിലയുമില്ലെന്ന് ഏറെ വട്ടം തെളിഞ്ഞ കാര്യമാണ്. അതിന് അടിവരയിടുന്ന പുതിയൊരു സംഭവമിതാ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. സ്വന്തം ഇഷ്ടപ്രകാരം ഭർത്താക്കന്മാരെ തെരഞ്ഞെടുക്കാൻ ഒരുങ്ങിയ രണ്ട് സഹോദരിമാരെ അവരുടെ വിവാഹത്തലേന്ന് വെടി വച്ച് കൊന്ന ശേഷം പുതിയ സംഭവത്തിൽ സഹോദരൻ മുങ്ങുകയായിരുന്നു. പാക്കിസ്ഥാനിൽ സ്വന്തം വീട്ടിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.പാക്കിസ്ഥാനിലെ മധ്യ പഞ്ചാബ് പ്രവിശ്യയിലെ 35കാരനായ നാസിർ ഹുസൈദാണീ കടുകൈ ചെയ്തിരിക്കുന്നത്. വിവാഹത്തലേന്ന് സ്വന്തം സഹോദരിമാരായ കോസാർ (22), ഗുൽസാർ ബീബി(28) എന്നിവരെയാണ് ഇയാൾ വെടിവച്ച് കൊന്നിരിക്കുന്നത്. തുടർന്ന് വീട് വിട്ട് ഓടിപ്പോയി ഒളിവിൽ താമസിക്കുകയുമായിരുന്നു.

ഭർത്താക്കന്മാരെ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാനുള്ള സഹോദരിമാരുടെ തീരുമാനത്തോട് ഹുസൈദിന് കടുത്ത എതിർപ്പായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഇയാൾ സഹോദരിമാരെ വെടിവച്ച് കൊന്ന് ഓടിപ്പോവുകയായിരുന്നുവെന്നാണ് പൊലീസ് ഓഫീസറായ മെഹാർ റിയാസ് വെളിപ്പെടുത്തിയിരിക്കുന്നത്.ഇയാളെ കണ്ടു പിടിക്കാനുള്ള പരിശോധന ത്വരിതരീതിയിൽ പുരോഗമിക്കുന്നുവെന്നും പൊലീസ് പറയുന്നു. ഹുസൈദ് എല്ലാം നശിപ്പിച്ചുവെന്നാണ് ഇവരുടെ പിതാവായ അറ്റ മുഹമ്മദ് പ്രാദേശിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഈ ഇരട്ടക്കൊലപാതക വാർത്ത പുറത്ത് വരുന്നതിന് മുമ്പ് പുതുമുഖ നടിയായ ക്വാൻഡീൽ ബലോച്ചിനെ സഹോദരൻ ശ്വാസം മുട്ടിച്ച് കൊന്ന വാർത്തയും പുറത്ത് വന്നിരുന്നു.

കുടുംബത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യകൾ സമീപകാലത്തായി പാക്കിസ്ഥാനിൽ വർധിച്ച് വരുന്നുണ്ട്. യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങൽലാണിത് കൂടുതലായും അരങ്ങേറുന്നത്.ഇത്തരത്തിലുള്ള ഹോണർ കില്ലിംഗുകൾ ഇല്ലാതാക്കാനുള്ള ബിൽ നടപ്പിലാക്കുന്ന കാര്യം അടുത്ത് തന്നെ പരിഗണിക്കുമെന്ന് പാക്കിസ്ഥാനിലെ നിയമമന്ത്രി വ്യക്തമാക്കിയിരുന്നു. ഏതാണ്ട് ആയിരത്തോളം പേർ ഇത്തരത്തിൽ രാജ്യത്ത് വർഷം തോറും കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹോണർ കില്ലിംഗുകളിൽ ഇരയായിത്തീരുന്നത് സ്ത്രീയും കൊലപാതകി അവരുടെ ബന്ധുവുമായിരിക്കും.