ത് കോഴിക്കോട് ജില്ലയിൽ, തുറയൂർ, പാക്കനാർപുരം സ്ഥിതി ചെയ്യുന്ന ''ഗാന്ധി സദനം''. ദൂരെ സ്ഥലങ്ങളിൽ വരെ ഈ നാടിനെ പരിചയപ്പെടുത്തുന്നത് ഗാന്ധിസദനത്തിന്റെ പേരിലാണ്...കേരള ഗാന്ധി കെ.കേളപ്പന്റെ കർമ്മ ഭൂമിയായ ഗാന്ധി സദനം എന്ന സാംസ്‌കാരിക സമുച്ഛയം ഇന്ന് നാശത്തിന്റെ വക്കിലാണ്. 1995കൾക്കു മുമ്പു വരെ പ്രൗഢിയോടെ നിറഞ്ഞു നിന്ന ഈ സ്ഥാപനവും, കൈത്തറി യൂണിറ്റും, മൺപാത്ര നിർമ്മാണ യൂണിറ്റും ഇന്നു കാടു കയറിയിരിക്കുന്നു. ഒളിമ്പ്യൻ പി.ടി. ഉഷയുടെ നാമത്താൽ അറിയപ്പെടുന്ന പയ്യോളിയിൽ നിന്നും ഏതാനും കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗാന്ധിസദനത്തിന്റെ ഇന്നത്തെ അവസ്ഥ കാണുന്ന ആരുടേയും കണ്ണ് നനയിക്കും..

മഹാത്മാ ഗാന്ധിജിയുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ മണ്ണാണ് ഗാന്ധി സദനം. കേരളഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ രൂപം കൊടുത്ത ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ''പാക്കനാർപുരം ഗാന്ധി സദനം''. 1927 ഒക്ടോബറിൽ ഗാന്ധിജി കോഴിക്കോട് സന്ധർശിച്ചപ്പോൾ ഹരിജന ക്ഷേമ പ്രവർത്തനത്തിനു സംഘടിത ശ്രമങ്ങൾ ആരംഭിക്കാൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കണമെന്നു കെ.കേളപ്പനോട് നിർദ്ദേശിച്ചു.

കെ കേളപ്പന്റ നേതൃത്വത്തിൽ ''ആദി കേരളോദ്ധ്വാരണ സംഘം'' നിലവിൽ വരികയും കാര്യദർശിയായി കെ കേളപ്പനെ നിയമിക്കുകയും ചെയ്തു. ഈ സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ച് ഏതാനും നാളുകൾക്കകം കൊയിലാണ്ടി താലൂക്കിലെ തുറയൂർ ദേശത്ത് 'നല്ലമ്പ്രക്കുന്നിൽ 'ശ്രദ്ധാനന്ദ സ്വാമികളുടെ സ്മരണാർത്ഥം ''ശ്രദ്ധാനന്ദ വിദ്യാലയം'' എന്ന പേരിൽ കെ കേളപ്പൻ ഹരിജൻ വിദ്യാലയവും ഹോസ്റ്റലും ആരംഭിക്കുന്നത്. അമ്മിഞ്ഞാട്ട് നായർ എന്ന വ്യക്തി ഏഴ് ഏക്കർ സ്ഥലമാണ് കെ.കേളപ്പന് പ്രവർത്തനങ്ങൾക്കായി വിട്ട് നൽകുന്നത്. അന്ന് മിക്കവാറും വിദ്യാലയങ്ങളിൽ ദളിത്-പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഹരിജൻ കുട്ടികൾക്ക് കോളനികളിൽ നിന്നും വൃത്തിയായി പുറത്തിറങ്ങാൻ പോലും ഉള്ള അവസ്ഥ അന്നില്ല.

കെ.കേളപ്പൻ കൊയിലാണ്ടി പ്രദേശത്തെ മിക്ക ഹരിജൻ കോളനികളും സന്ദർശിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും, അരപ്പട്ടിണിയിലായിരുന്ന ഹരിജൻ വീടുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുകയുമുണ്ടായി. പിന്നീട് നല്ലമ്പ്രക്കുന്ന് എന്ന പേര് മാറ്റി സ്ഥലത്തിന് ''പാക്കനാർപുരം'' എന്ന പേര് നൽകി. മഹാകവി വള്ളത്തോളാണ് പാക്കനാർപുരം എന്ന പേര് നൽകുന്നത്. കെ.കേളപ്പന്റെ ചിരകാലാഭിലാഷം പൂവണിയുന്നത് ഇവിടെയാണ്. കേരളത്തിൽ ഹരിജൻ വിദ്യാഭ്യാസ പരീക്ഷണത്തിലെ ശ്രദ്ധേയമായ ഒരു ചുവട് വെപ്പായിരുന്നു ഇത് എന്ന് ഗാന്ധിജി തന്നെ അഭിപ്രായപ്പെടുകയുണ്ടായി.

ഹരിജൻ വിദ്യാർത്ഥികളുടെ അവസ്ഥ ദയനീയമാണെന്നും, പഠിപ്പിനേക്കാളും ഭക്ഷണത്തിനാണ് ആദ്യ പരിഗണന നൽകേണ്ടതെന്നും കേളപ്പൻ അന്ന് മനസ്സിലാക്കി. ജാതി വിവേജനവും അയിത്തവും നിർമ്മാർജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയും ആദ്ദേഹം തിരിച്ചറിഞ്ഞു. അതായിരുന്നു പാക്കനാർപുരത്ത് ഇന്നത്തെ 'ഗാന്ധി സദനം' ഉയർന്നു വരാൻ ഇടയായത്. കേളപ്പജിയുടെ അഭൃർത്ഥന മാനിച്ച് സാക്ഷാൽ മഹാത്മാഗാന്ധി 1934 ജനുവരി 14ന് ഇവിടം സന്ദർശിച്ചു.

'ഗാന്ധിസദനത്തിൽ ആരംഭിച്ച കെ.ബി.ബാലകൃഷ്ണൻ മേനോൻ സ്മാരക ആശുപത്രി ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. മെഡിസിൻ വിദ്യാർത്ഥി ആയിരിക്കെ ദേശീയ സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദ്ദനത്തിൽ മരണപ്പെടുകയായിരുന്നു ബാലകൃഷ്ണ മേനോൻ. ആരും പ്രതീക്ഷിക്കാതെ ഈ കുഗ്രാമത്തിൽ എത്തിയ ഗാന്ധിജി കുട്ടികളോടൊപ്പം ഒരു ദിവസം അവിടെ ചിലവഴിക്കുകയും ചെയ്തു. മഹാത്മാഗാന്ധി ഗാന്ധിസദനത്തിൽ എത്തിയ നല്ല ഓർമ്മകളും പേറി ജീവിക്കുന്ന പ്രായമായവർ ഇരിങ്ങത്ത് പ്രദേശത്ത് ഇന്നും ഉണ്ട്. ഗാന്ധിജി സദനത്തിന് ചുറ്റുമായി തെങ്ങിൻ തൈകൾ നട്ടാണ് അന്ന് മടങ്ങിയത്. അടുത്ത കാലം നിത്യേനെ സന്ദർശകരും പതിവായിരുന്നു.

അക്കാലത്ത് സംസ്ഥാനത്തെ സ്വാതന്ത്ര്യസമര നേതാക്കളിൽ പലരും ഇവിടുത്തെ സ്ഥിരം സന്ദർശകർ ആയിരുന്നു. പിന്നീടുള്ള 50 വർഷത്തോളം ഹരിജനങ്ങളുടെ ഉദ്ധാരണത്തിന് വിവിധങ്ങളായ പരിപാടികൾ ഗാന്ധിസദനത്തിന്റെ നേതൃത്വത്തിൽ നടന്നതായി പ്രായമായവർ ഇന്നും ഓർക്കുന്നു. സംസ്ഥാന ഹരിജൻ സേവാസംഘത്തിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പിന്നീട് കോടതി നേരിട്ട് മേൽ നോട്ട ചുമതല ഏറ്റെടുക്കുകയും തിരുവനന്തപുരത്തുള്ള ഒരു ഹരിജൻ ട്രസ്റ്റിന് മേൽ നോട്ട ചുമതല നൽകി. പ്രസ്തുത ട്രസ്റ്റ്, പ്രാദേശികമായി രൂപം കൊള്ളുന്ന ജനകീയ കമ്മറ്റിയുമായി ചേർന്ന് ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കണം എന്ന ധാരണ കോടതി മുന്നോട്ടു വെച്ചു.

ഹരിജൻ ഹോസ്റ്റൽ, ലൈബ്രറി, വിശാലമായ കൃഷിയിടങ്ങൾ, കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുമായി സ്ഥാപനം സജീവമായിരുന്നു. ആദ്യ കാലത്ത് പ്രവർത്തന ഫണ്ടുകൾ ഹരിജൻ സേവാസംഘം, സാംസ്‌കാരിക വകുപ്പ് എന്നിവിടങ്ങളിൽ നിന്നും ലഭിച്ചിരുന്നു. പ്രദേശികമായും ഫണ്ട് സ്വരൂപിച്ചിരുന്നു. സ്ഥാപത്തിന്റെ ഭാഗമായുള്ള ഏഴ് ഏക്കറോളം സ്ഥലവും ഇന്ന് നാഥനില്ലാത്ത അവസ്ഥയിൽ ആണ്.

1995കൾക്ക് മുമ്പ് വരെ കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധനരായ ആയിരക്കണക്കിനു ഹരിജൻ വിദ്യാർത്ഥികൾക്ക് ആശ്രയമായിരുന്നു ഈ സ്ഥാപനം. വിദ്യാർത്ഥികളുടെ താമസത്തിനും, പഠനത്തിനും, കലാ പ്രവർത്തനങ്ങൾക്കും ആവശൃമായ എല്ലാ സൗകരൃങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ കാലയളവിൽ ഇവിടെ താമസിച്ച് പഠനം നടത്തിയത്. ഇത് എഴുതുന്ന ഞാനും ഗാന്ധി സദനത്തിന്റെ സ്ഥിരം സന്ദർശകനായിരുന്നു.

ചിട്ടയായ പഠനം, യോഗാ പഠനം, കലാ പഠനം, കൈത്തൊഴിൽ പഠനം, നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ്ങ് കോഴ്‌സ് എന്നിവ വിദൃാർത്ഥികൾക്ക് നൽകിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി സ്ഥാപനത്തിന്റെ പ്രവർത്തനം വൃത്തിയായി നടത്തി പോന്നിരുന്നു. ഹോസ്റ്റൽ വാർഡനും നടത്തിപ്പുകാരനും ആയി വർഷങ്ങളോളം പ്രവർത്തിച്ച പ്രിയങ്കരനായ എൻ.കൃഷ്ണൻ നായർ അന്ത്യ വിശ്രമം കൊള്ളുന്നതും ഇവിടെയാണ്.

പട്ടിക ജാതി വകുപ്പും പ്രസ്തുത സ്ഥാപനത്തിന്റെ അധികാരികളാണെന്ന് അവകാശമുന്നയിക്കുന്ന ട്രെസ്റ്റും തമ്മിലുള്ള തർക്കം മൂലം ഫണ്ടുകളും സഹായങ്ങളും ലഭിക്കാതെയായി. കെ.കേളപ്പനോടൊപ്പം അന്തരിച്ച കൃഷ്ണൻ മാസ്റ്റർ ആയിരുന്നു ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.

ജില്ലയിലെ തന്നെ മികച്ച രീതിയിൽ പ്രവൃത്തിച്ചിരുന്ന കൈത്തറി നൂൽ നൂൽപ്പ് കേന്ദ്രമായിരുന്നു ഗാന്ധിസദനത്തിന്റെ ഭാഗമായി പ്രവൃത്തിച്ചിരുന്നത്. ഈ കൈത്തറി യൂണിറ്റിന്റെ അവസ്ഥയും മറിച്ചല്ല. പ്രദേശത്തെ ഒരുപാട് യുവതികൾക്ക് ആശ്രയമായിരുന്ന കൈത്തറി യുണിറ്റും കാട് കയറി നശിച്ചിരിക്കുന്നു. കേളപ്പജി തന്നെ സ്ഥലം നൽകി ആരംഭിച്ച കളിമൺ പാത്ര നിർമ്മാണ യൂണിറ്റ് മനോഹരമായ കാഴ്‌ച്ച കൂടിയാണ്. ആദ്യ കാലത്ത് സമീപ പ്രദേശങ്ങളിലെ സാംസ്‌കാരിക സംഘടനകളും, മറ്റു പൊതു പരിപാടികളും നടത്തുന്നത് പതിവായിരുന്നു. ഇപ്പോൾ അതും നടക്കാറില്ല.

''ഗാന്ധി സദനം'' ഹരിജൻ സേവാ സംഗത്തിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്. പട്ടിക ജാതി വകുപ്പും ഇതിന്റെ പ്രവർത്തനത്തിന് സഹായങ്ങൾ ചെയ്തിരുന്നു. പള്ളിക്കര മനോഹരമായ ഒരു കെട്ടിടം മുറ്റത്ത് കുന്നേടത്ത് ചെറിയ മോനിക്കിടാവ് വരച്ച ഗാന്ധിജിയുടെ ഛായാ ചിത്രവും പിന്നീട് കേളപ്പജിയുടെ 40-ാം ചരമദിനത്തിന് സ്ഥാപിക്കപ്പെട്ട കേളപ്പജി പ്രതിമയും ഗാന്ധിസദനത്തിന്റെ മനോഹാരിത കൂട്ടുന്നു. ചുറ്റിനും ഏക്കറുകണക്കിന് കശുവണ്ടി തോട്ടം, കൈത്തറി വ്യവസായ കേന്ദ്രം, ചുറ്റിനും മൺപാത്ര നിർമ്മാണ യൂണിറ്റുകൾ, കളിസ്ഥലം ഉൾപ്പെടെ മനോഹരമായ ഒരിടം ആയിരുന്നു ഇവിടം.

അവസാനം 2015 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുന്നിൽ വരെ ഗാന്ധിസദനത്തിന്റെ നവീകരണത്തിനു വേണ്ടിയുള്ള പ്രൊജക്റ്റ് എത്തുകയും അനുകൂല നിലപാട് ഉണ്ടാവുകയും ചെയ്തതാണ്. സാംസ്‌കാരിക വകുപ്പിനോട് ഈ സ്ഥാപനം ഏറ്റെടുക്കാൻ പല ഗവൺമെന്റുകളോടും പഞ്ചായത്ത് ഭരണസമിതി അഭൃർത്ഥിച്ചതാണ്. പക്ഷെ ട്രെസ്റ്റ് ഗാന്ധി സദനത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് തടസം നിൽക്കുന്നതായി പ്രാദേശിക കമ്മിറ്റി ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു.

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു റിട്ടയേഡ് കോളേജ് അദ്ധ്യാപകൻ ഇതിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുയും ഒരു വർഷത്തോളം കലാ സാംസ്‌കാരിക, പഠന, യോഗാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിനും അധിക കാലം തുടരാൻ സാധിച്ചില്ല.

മാറി മാറി വരുന്ന സർക്കാരുകൾക്കു മുന്നിലും മന്ത്രിമാർക്കു മുന്നിലും പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ഗാന്ധി സദനത്തിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് ഇന്നും തവണ കയറി ഇറങ്ങുകയല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല. ഇനിയെങ്കിലും ഗാന്ധിസദനത്തെ രക്ഷിക്കാൻ വേണ്ട നടപടികൾ എടുക്കാതിരുന്നാൽ കേരളത്തിലെ തന്നെ പേരെടുത്ത ഒരു വലിയ ഓർമ്മകൾ പേറുന്ന സാംസ്‌കാരിക സദനം ഓർമ്മയാകും.