ഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾ വിജയം കണ്ടു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന സാർക്ക് ഉച്ചകോടി റദ്ദാക്കി. ഇന്ത്യ അടക്കം അഞ്ച് രാഷ്ട്രങ്ങൾ സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സമ്മേളനം മാറ്റിവച്ചത്. ഇക്കാര്യം അധ്യക്ഷത വഹിക്കുന്ന രാജ്യമായ നേപ്പാൾ അറിയിച്ചു. നേരത്തെ നാല് രാഷ്ട്രങ്ങൾ പിന്മാറിയിരുന്നു. ഇന്ന് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീലങ്കയും പിന്മാറിയതോടെയാണ് സമ്മേളനം മാറ്റിവച്ചത്.

ഇസ്‌ലാമാബാദിൽ വച്ച് തീരുമാനിച്ച സാർക്ക് ഉച്ചകോടി സമ്മേളനത്തിന് നിലവിലെ അന്തരീക്ഷം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഭൂട്ടാനും നേരത്തെ പിന്മാറിയതിന് പിന്നാലെയാണ് ശ്രീലങ്കയുടെയും പിന്മാറ്റ തീരുമാനം. 19മത് സാർക്ക് ഉച്ചകോടി സമ്മേളനത്തിന് ഇസ്‌ലാമബാദിലെ നിലവിലെ സാഹചര്യങ്ങൾ അനുകൂലമല്ലെന്നും സാർക്ക് അംഗ രാഷ്ട്രങ്ങളുടെ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്ന സാർക്ക് ഉടമ്പടി എല്ലാ തലങ്ങളിലും പാലിക്കപ്പെടണമെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അറിയിച്ചു.

എല്ലാ തരത്തിലുമുള്ള ഭീകരവാദ പ്രവർത്തനങ്ങളെ തങ്ങൾ അപലപിക്കുന്നവെന്നും ഭീകരവാദത്തെ തടുക്കേണ്ടത് അനിവാര്യമാണെന്നും പാക്കിസ്ഥാനെ പ്രത്യക്ഷത്തിൽ പരാമർശിക്കാതെ ശ്രീലങ്ക വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സ്വീകരിച്ച പാക് വിരുദ്ധ നയങ്ങളുടെ പിന്തുടർച്ചയായാണ് ചൊവാഴ്ച സാർക്ക് സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകിയത്. സാർക്ക് അംഗ രാഷ്ട്രമായ ഒരു രാജ്യം മേഖലയിൽ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ കടന്ന് കയറുന്നതും കാരണം നവംബറിൽ നടക്കാനിരിക്കുന്ന 19മത് സാർക്ക് ഉച്ചകോടി വിജയകരമായി പൂർത്തീകരിക്കാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനെ നേരിട്ട് പരാമർശിക്കാതെ പ്രസ്താവനയിലൂടെ സാർക്ക് അധ്യക്ഷ രാജ്യമായ നേപ്പാളിനെ അറിയിക്കുകയായിരുന്നു.

ഈ മാസം ആദ്യം ഡൽഹിയിൽ വച്ച് നടന്ന സാർക്ക് സമ്മേളനത്തിൽ ജൂനിയർ ഉദ്യോഗസ്ഥരെയായിരുന്നു പാക്കിസ്ഥാൻ അയച്ചിരുന്നത്. ഇന്ത്യയ്‌ക്കൊപ്പം സംയുക്തമായി സാർക്ക് ഉച്ചകോടി തങ്ങൾ ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അഫ്ഗാനിസ്താൻ വ്യക്താക്കിയിരുന്നു. നവംബർ 910 തീയതികളിലായാണ് സാർക്ക് ഉച്ചകോടി സമ്മേളനം ഇസ്‌ലാമാബാദിൽ തീരുമാനിച്ചിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറിയിലെ സൈനിക ക്യാമ്പിൽ പാക് പിന്തുണയോടെയുള്ള ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യപാക് ബന്ധം വഷളായത്. ഉറി ഭീകരാക്രമണത്തിൽ 18 ഇന്ത്യൻ സൈനികരാണ് കൊലപ്പെട്ടത്.