കോട്ടയം: എസ്എൻഡിപി യോഗം സ്ഥാപകൻ ഡോ. പൽപ്പുവിന്റെ ചെറുമകളുടെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റി. മന്ത്രി കെ എം മാണിക്കെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാവ് എ കെ ആന്റണിക്കും പരാതി നൽകിയതിന്റെ പ്രതികാരമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പാലാ ഗീതാഞ്ജലിയിൽ ശർമിള പ്രതാപ്.

മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കെ എം മാണിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ അനുമതി വാങ്ങാതെ ഇവരുടെ വീടിന്റെ മതിലിൽ ഒട്ടിച്ചിരുന്നു. പോസ്റ്റർ മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു. 'നിങ്ങളുടെ വീട് പാലാ മണ്ഡലത്തിൽ കാണില്ലെന്ന്' ഉന്നതർ അന്നേ ഭീഷണിപ്പെടുത്തി. മാണി മന്ത്രിയായി എത്തിയപ്പോൾ ഈ വീടിരിക്കുന്ന സ്ഥലത്തു കൂടി ആരും ആവശ്യപ്പെടാതെ റിങ് റോഡ് നിർമ്മിക്കാൻ പദ്ധതി ആസൂത്രണം ചെയ്തു. വീട് അടക്കമുള്ള സ്ഥലം ഏറ്റെടുക്കാൻ നടപടികളും നീക്കി. പരാതികളിലൂടെയും കോടതി ഇടപെടലിലൂടെയും ഇത് താൽക്കാലികമായി തടഞ്ഞു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവം.

വീടിന്റെ മതിലിൽ മാണിയുടെ പോസ്റ്റർ ഒട്ടിക്കാൻ അനുവദിക്കാതിരുന്നതിന്റെ വൈരാഗ്യത്തിന് വീടു തന്നെ നഷ്ടമാക്കുന്ന തരത്തിലുള്ള പീഡനത്തിനാണ് ഈ കുടുംബം ഇരയാകുന്നതെന്ന് ശർമിള പറയുന്നു. ഡോ. പൽപ്പുവിന്റെ മകളുടെ മകന്റെ മകൾ ശർമിളയും ആറംഗ കുടുംബവും കാൽ നൂറ്റാണ്ടായി പാലാ മരിയൻ ജംങ്ഷനിലെ വീട്ടിലാണ് താമസം. പ്രദേശത്തെ കേരള കോൺഗ്രസ് പ്രവർത്തക മേരി ഡൊമനിക് ഈ കുടുംബത്തിന് വോട്ടവകാശം നിഷേധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ ഉദ്യോഗസ്ഥർ ശർമിളയ്ക്ക് നോട്ടീസ് നൽകുകയും തെളിവെടുപ്പിന് രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

റേഷൻ കാർഡിലടക്കം പേരുള്ള ഇവർക്കെല്ലാം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമുണ്ട്. ഇവയുമായി ഹാജരായി അധികൃതരെ ബോധ്യപ്പെടുത്തി. ശർമിളയടക്കം എല്ലാവർക്കും കഴിഞ്ഞ പാർലമെണ്ട് തെരഞ്ഞെടുപ്പിൽ വോട്ടുണ്ടായിരുന്നു. ശർമിള, ഭർത്താവ് പി എം പ്രതാപ്, സഹോദരൻ സലിം, ഭാര്യ ശ്രീലേഖ, മറ്റ് സഹോദരങ്ങളായ സാബു, സാജൻ എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. സാബുവിന്റെ പേര് മാത്രമാണ് ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. രേഖകളുമായി അധികൃതരുടെ മുന്നിൽ ഹാജരായതിന്റെ അടിസ്ഥാനത്തിൽ ശർമിള ഒഴികെയുള്ളവർക്ക് വോട്ടവകാശം അനുവദിച്ചു. ഇപ്പോൾ അവസാന പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞ ഇവർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.

പേര് നീക്കിയതിനെതിരെ ശർമിള ഹൈക്കോടതിയിൽ അഡ്വ. ദിവ്യ സി ബാലൻ മുഖേന പരാതി(നമ്പർ: 33475/2015) ഫയൽചെയ്തു. കോടതി ചൊവ്വാഴ്‌ച്ച കേസ് പരിഗണിക്കും. തന്റെ പോസ്റ്ററൊട്ടിക്കാൻ അനുവദിക്കാത്ത മതിലും വീടും പാലാ മണ്ഡത്തിൽ നിലനിൽക്കില്ലെന്ന പിടിവാശിയിലാണ് മാണി പ്രവർത്തിച്ചതെന്നാണ് പരാതി. പകപോക്കൽ നടപടികൾ ബോധപൂർവമാണെന്ന് റിട്ട് ഹർജിയിൽ വിവരിക്കുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയടക്കം പൽപ്പുവിന്റെ കുടുംബം സങ്കടവുമായി സമീപിച്ചെങ്കിലും മാണിക്കെതിരെ നിലപാടെടുക്കനാവില്ലെന്നായിരുന്നു പ്രതികരണം.

പ്രശസ്ത സാഹിത്യകാരൻ എം കെ സാനു അടക്കമുള്ളവർ ഈ വീട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എ കെ ആന്റണിക്കും മറ്റും കത്ത് നൽകയിരുന്നു.