പാലാ: നിർത്തിയിട്ട കാറിന് തീപിടിച്ച് പാലാ മുരിക്കുംപുഴ സ്വദേശി മരണപ്പെട്ട സംഭവത്തിൽ മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തി പൊലീസ്. പാലായിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ഭർത്താവും അക്ഷയ സെന്റർ ഉടമയുമായ മുരിക്കുംപുഴ താഴത്തുപാണാട്ട് പി.ജി. സുരേഷ് (63) ആണ് മരിച്ചത്. ആത്മഹത്യയാണോ കാറിന് തീപിടിച്ച് ഉണ്ടായ അപകട മരണമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല.

കാർ നിർത്തിയിട്ട നിലയിൽ ആയിരുന്നു എന്നും ഓടുമ്പോഴല്ലാ തീപിടിച്ചതെന്നുമാണ് ലഭ്യമായ വിവരം. മാത്രമല്ല, തീ പിടിച്ചത് കണ്ട് രക്ഷിക്കാൻ ചെന്നവർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും സുരേഷ് വാതിൽ തുറന്നില്ലെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ആത്മഹത്യയെന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാറിനുള്ളിൽ പെട്രോളിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നു എന്നും സീറ്റിൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തിയത് ആണെന്നും സംശയം ഉയർന്നിട്ടുണ്ട്.

ഏതായാലും സംഭവത്തിൽ പാലാ പൊലീസ് വിശദമായ അനേ്്വഷണം ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.15നു പാലാ ഉഴവൂർ റോഡിൽ വലവൂരിലാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയെങ്കിലും പെട്ടെന്ന് തീ ആളിപ്പടർന്നതോടെ രക്ഷാപ്രവർത്തനം നടത്താനായില്ല. കത്തിയമർന്ന കാറിനുള്ളിൽ പൊലീലും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പരിശോധനയിൽ കാറിനുള്ളിൽ പെട്രോൾ പടർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് സുരേഷ് ജീവനൊടുക്കിയതാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിയിട്ടുള്ളത്. എന്നാൽ ഇതിനുള്ള കാരണമെന്തെന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

അതിനാൽ തന്നെ കാറിനു തീപിടിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കത്തിയമർന്ന കാറും മറ്റു തെളിവുകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കാർ തീപിടിച്ചു കത്തിയ സ്ഥലത്തു നിന്നു നാലു കിലോമീറ്റർ അകലെ കുടക്കച്ചിറയിൽ അക്ഷയ സെന്റർ നടത്തി വരികയായിരുന്നു സുരേഷ്. റോഡ് സൈഡിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. ഡ്രൈവിങ് സീറ്റിലിരുന്നു മൊബൈൽ ഫോണിൽ ഇയാൾ സംസാരിക്കുന്നത് പരിസരത്ത് നിന്നവരും അതുവഴി പോയവരും കണ്ടിരുന്നു. കാർ അവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു എന്നും 15 മിനിറ്റോളം ഫോണിൽ സംസാരിച്ചിരുന്നു എന്നുമാണ് സമീപത്ത് ഉണ്ടായിരുന്നവരുടെ മൊഴി.

പെട്ടെന്ന് തീപിടിത്തം ഉണ്ടാവുകയും ഡ്രൈവറുടെ തൊട്ടടുത്ത സീറ്റിൽ നിന്നും തീ ഉയരുകയുമായിരുന്നു. ഇതുകണ്ട് കാറിനടുത്തേക്ക് ഒരു ഓട്ടോ ഡ്രൈവർ ഓടിയെത്തിയിരുന്നു. ഇയാൾ സുരേഷിനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വാതിൽതുറക്കാൻ സുരേഷ് കൂട്ടാക്കിയില്ലെന്ന് പറയുന്നു. ഞൊടിയിടയിൽ തന്നെ തീ ആളിപ്പടർന്നതോടെ ആർക്കും കാറിനടുത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ല.

സുരേഷിന്റെ ഉടമസ്ഥതയിൽ കുടക്കച്ചിറയിൽ പ്രവർത്തിക്കുന്ന സ്ഥാപനം രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. പാലായിലും സുരേഷ് കംപ്യൂട്ടർ സ്ഥാപനം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോ. വാസന്തിയാണ് (തൊടുപുഴ മാരിയിൽ കുടുംബാംഗം) സുരേഷിന്റെ ഭാര്യ. മക്കൾ: നവീൻ (യുഎസ്എ), ഡോ. പാർവതി. മരുമക്കൾ: അപർണ, ഡോ. ബിജോയി.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ