കോട്ടയം: ബാങ്കിൽനിന്ന് വായ്പയെടുത്ത് തിരിച്ചടവ് കൃത്യമാക്കിയ ഡോക്ടർക്കും ജപ്തി നോട്ടീസ് നൽകി പാലായിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ. പാലായിലെ കരുണാ ആശുപത്രി ഉടമ ഡോ. സതീഷ് ബാബു പി.ജി ആണ് ബാങ്ക് അധികൃതരുടെ പിടിപ്പുകേടിനെത്തുടർന്ന് ബുദ്ധിമൂട്ടിലായത്.

2005 ജൂലൈ 27-നാണ് ഡോക്ടർ എസ്.ബി.ഐ. പാലാ ശാഖയിൽ നിന്ന് 14, 52,800 രൂപ വായ്പയെടുത്തത്. 15100 രൂപ വീതം 120 മാസതവണകളായി തിരിച്ചടയ്ക്കാമെന്ന് ബാങ്കുമായി കരാറുണ്ടാക്കുകയും ഇതനുസരിച്ച് 2015 വരെ ഡോക്ടറുടെ അക്കൗണ്ടിൽനിന്ന് ഇ.എം.ഐ. ഈടാക്കുകയും ചെയ്തു. വായ്പ അടച്ചു തീർത്തെങ്കിലും ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും ബാങ്ക് ഡോക്ടർക്ക് നൽകിയില്ല. തുടർന്ന് 2016 ഏപ്രിലിൽ 5, 20,454.87 രൂപാ കുടിശിഖ ഉണ്ടെന്നു കാട്ടി ബാങ്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു.

വായ്പാ തിരിച്ചടവ് അറു മാസം വൈകിയെന്നും നോട്ടീസിൽ പറയുന്നു. യഥാസമയം വർധിപ്പിച്ച പലിശ അടച്ചില്ലെന്നും ബാങ്ക് പറയുന്നു.അതേസമയം പലിശ വർധിപ്പിച്ച വിവരം തന്നെ അറിയിച്ചിട്ടില്ലെന്നാണ് ഡോക്ടർ പറയുന്നത്. പലിശ കൂട്ടിയെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ പണം ഈടാക്കിയതെന്തിനെന്ന ചോദ്യത്തിനും ബാങ്ക് ഇതുവരെ മറുപടി നൽകിയിട്ടില്ല.

ഇതിനിടെ അക്കൗണ്ടിൽ പണമുണ്ടായിട്ടും പണമില്ലന്നു പറഞ്ഞു രണ്ടു തവണ ചെക്ക് മടക്കുകയും ചെയ്തിട്ടുണ്ട്. മകന്റെ വാഹന വായ്പയ്ക്ക് ജാമ്യക്കാരനായതിന്റെ പേരിൽ ഡോക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കിയതായും അദ്ദേഹം പരാതിപ്പെടുന്നു.

ബാങ്കിന്റെ നിയമ വിരുദ്ധപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കത്തു നൽകിയെങ്കിലും മറുപടി നൽകാൻ ബാങ്ക് ഇതുവരെ തായാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രശ്‌നങ്ങൾക്കിടയാക്കിയതെന്നാണ് ഡോക്ടർ പറയുന്നത്. നിലവിൽ ഡോക്ടറുടെ പേരിലുള്ള മറ്റു അക്കൗണ്ടുകൾ ഹോൾഡ് ചെയ്തു ജപ്തി ഭീഷണി മുഴക്കിയിരിക്കുകയാണ്. ബാങ്കിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയിൽ നീതി തേടി ഏതറ്റം വരെയും പോകാൻ തയാറാണെന്ന് ഡോ.സതീഷ് ബാബു പറഞ്ഞു.

ഡോക്ടറെ ബാങ്ക് കബളിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് എസ്‌ബിഐ പാലാ ശാഖയ്ക്ക് മുന്നിൽ ജനപ്രതിനിധികളുടെയും സാമൂഹ്യപ്രവർത്തകരുടെയും നേതൃത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

മുനിസിപ്പൽ വൈസ് ചെയർമാൻ ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ലീനാ സണ്ണി, കൗൺസിലർ ടോണി തോട്ടം, സെബി പറമുണ്ട, ആർ.മനോജ്, ജോസ് കുറ്റിയാനിമറ്റം, സാംജി പഴേ പറമ്പിൽ, അനിൽ വി. നായർ, ബാബു മു കാല, സുമിത് ജോർജ്, ബിനു പെരുമന, ജോയി കളരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.