പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലയിൽ പരസ്പരം ആരോപണങ്ങളുമായി എസ്ഡിപിഐയും ബിജെപിയും രംഗത്തു വരുമ്പോൾ അക്രമികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ജില്ലയിൽ ആകെ ജാഗ്രതയിലാണ് പൊലീസ്. നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ മുക്കിലും മൂലയിലും പൊലീസുണ്ട്. ഇനിയൊരു അക്രമം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ. ഇതിന് അപ്പുറം പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയുന്നതുമില്ല,

കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള 10 മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലയിൽ മൂന്ന് വെട്ടുകളേറ്റിട്ടുണ്ട്. കയ്യിലും കാലിലും ആഴത്തിലുള്ള മുറിവുകളാണ്. ഞായറാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തും. ഉച്ചയോടെ സംസ്‌കരിക്കും. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിൽ ആറു പേരാണുള്ളത്. ശ്രീനിവാസനെ വെട്ടിയത് മൂന്നുപേരാണ്. മൂന്നുപേർ ഇരുചക്ര വാഹനത്തിൽ പുറത്ത് കാത്തുനിന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ ആരേയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാൻ ആരോപിച്ചു. പള്ളിയിൽ നിന്നു പിതാവിനൊപ്പം മടങ്ങുമ്പോഴാണ് കൊലപാതകം നടത്തിയതെന്നതു സംഭവത്തിലെ ഉന്നതതല ഗൂഢാലോചന വ്യക്തമാക്കുന്നു. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്‌ത്തുന്നതിന് പ്രത്യേക പരിശീലനം നൽകി ക്രിമിനൽ സംഘത്തെ ആർഎസ്എസ് തയാറാക്കി നിർത്തിയിരിക്കുന്നു. കൊലപാതകങ്ങളിലുൾപ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താത്തത് അക്രമികൾക്കു പ്രോത്സാഹനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമാണെന്നും എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഇതിനു പിന്നിലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയുണ്ടായി. സംഘപരിവാർ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും തടയാനോ സുരക്ഷയൊരുക്കാനോ പൊലീസ് തയാറായില്ല. സമൂഹമാധ്യമങ്ങളിലെ കൊലവിളികൾ കാര്യമായെടുത്തില്ല. പൊലീസ് നിഷ്‌ക്രിയത്വം മൂലമാണ് ശ്രീനിവാസന്റെ ജീവൻ നഷ്ടമായത്. സുബൈറിന്റെ കൊലപാതകത്തിൽ ബിജെപിക്കോ ആർഎസ്എസുകാർക്കോ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും എസ്ഡിപിഐക്കാർ പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ നിരീക്ഷണം മറികടന്ന് ആറംഗ സംഘം ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വാൾ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷി വാസുദേവൻ പറഞ്ഞു. ആറംഗ കൊലയാളി സംഘത്തിന്റെ വരവും മടക്കവുമെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്നു ബിജെപി ആരോപിച്ചു. സംഭവം പൊലീസിന്റെ വീഴ്ചയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

വെട്ടേറ്റയുടൻ ശ്രീനിവാസനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഈ മാസം 20 വരെയാണ് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ. പാലക്കാട്ടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണ്.

അതിനിടെ എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ (43) കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബിജെപി പ്രവർത്തകൻ രമേശിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. അതേസമയം, വിലാപയാത്രയോടെ വീട്ടിൽ എത്തിച്ച സുബൈറിന്റെ മൃതദേഹം എലപ്പുള്ളി ജുമാ മസ്ജിദിൽ കബറടക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. രണ്ട് കാറുകളിലെത്തിയ സംഘം വാഹനമിടിച്ച് വീഴ്‌ത്തിയശേഷം സുബൈറിനെ ആക്രമിക്കുകയായിരുന്നു. പള്ളിയിലെ നിസ്‌കാരം കഴിഞ്ഞ് പിതാവ് അബൂബക്കറിനൊപ്പം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അബൂബക്കറിന് വാഹനത്തിൽനിന്നു വീണ് പരുക്കേറ്റു. ശേഷം ഒരു കാർ ഉപേക്ഷിച്ചാണ് അക്രമി സംഘം മടങ്ങിയത്.

കാറുകളിൽ ഒന്ന് സഞ്ജിത്തിന്റെ കാർ ആണെന്ന് വീട്ടുകാർ സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ കാർ കൃപേഷ് എന്നയാളുടെ പേരിലായിരുന്നുവെങ്കിലും ഉപയോഗിച്ചിരുന്നത് അലിയാർ എന്നയാൾ ആയിരുന്നു. അലിയാർ അത് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയെന്നും പിന്നീടുള്ള മൊഴികളിൽ തെളിഞ്ഞു. ഏറ്റവും ഒടുവിൽ വാഹനം വാടകയ്ക്ക് എടുത്ത രമേശിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, കേസിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലപ്പുള്ളി, പാറ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂരിലേക്ക് കാറിൽ പോകവെ പാലക്കാട്ടെ കാഴ്‌ച്ചപ്പറമ്പിൽ വച്ചാണ് ഇതിൽ നാലുപേരെ പിടികൂടിയത്. കൊലപാതകത്തിന് സഹായം ചെയ്തവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുമാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.

അതിനിടെ നാടിന്റെ ശാപമായ ആർ.എസ്.എസും എസ്.ഡി.പി.ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണെന്ന് ഷാഫി പറമ്പിൽ എംഎ‍ൽഎ ആരോപിച്ചു. പൊലീസിന്റെ ദയനീയ പരാജയം പാലക്കാടിനെ വലിയ ആശങ്കയിലാഴ്‌ത്തുന്നു. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറിയെന്നും എംഎ‍ൽഎ ഫേസ്‌ബുക്കിൽ കുറിച്ചു.

ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പൊലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല. പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും-ഷാഫി പറമ്പിൽ പറയുന്നു.