പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിൽ നിന്നും കാണാതായ പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ വിശദമായ അന്വേഷണം നടത്താൻ പൊലീസ്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പറമ്പിൽ മരിച്ചനിലയിൽ കണ്ടത്. ഇവരുടെ മരണ കാരണം സംബന്ധിച്ച് വിശമായ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം ക്യാമ്പിൽ എത്തിയിട്ടുണ്ട്.

ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവരുടെ മൃതദേഹം ക്യാമ്പിന് സമീപത്തുള്ള പാടത്തു നിന്നും കണ്ടെത്തിയത്.

പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നുണ്ട്. എന്നാൽ എവിടെ നിന്നാണ് ഷോക്കറ്റത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. സ്ഥലത്ത് എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ പൊലീസും വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പൊലീസും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്.

പൊലീസ് ക്യാമ്പിലെ രണ്ട് പേരുടെ മരണം സഹപ്രവർത്തകരെയും ഞെട്ടിച്ചിട്ടുണ്ട്.