പാലക്കാട്: ആരോഗ്യ രംഗത്ത് നമ്പർ വണ്ണാണ് കേരളം എന്നാണ് വാദം. അത് ഒരു പരിധി വരെ ശരിയാണ് താനും. എന്നാൽ, പലപ്പോഴും ആതുര സേവന രംഗത്ത് കേരളം വേണ്ടവിധത്തിൽ ശോഭിക്കുന്നുണ്ടോ എന്ന ആശങ്ക ഉയർത്തു വിധം കാര്യങ്ങൾ നടക്കും. അത്തരം ഒരു ദുരനുഭവം പുരത്തുവന്നത് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ്. ആരും തിരുഞ്ഞു നോക്കാനില്ലാത്ത വയോധികർ മലത്തിൽ കിടന്നത് രണ്ട് മണിക്കൂറാണ്. ഗവ. മെഡിക്കൽ കോളജ് വിദ്യാർത്ഥികളുടെ പഠന സ്ഥാപനം കൂടിയായ നഗരത്തിലെ ജില്ലാ ആശുപത്രിയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ആരും തിരിഞ്ഞു നോക്കാനില്ലാതെ ഊരുംപേരുമില്ലാത്ത രണ്ട് വയോധികരുടെ എല്ലുന്തിയ അവശ ശരീരം ഉടുതുണിയില്ലാതെ മലത്തിലും മൂത്രത്തിലും അമർന്ന് വാർഡിലെ ആളൊഴിഞ്ഞ മൂലയിൽ കിടന്നത് മണിക്കൂറുകൾ. ഇരുവർക്കും അറുപതിനോടടുത്ത് പ്രായം തോന്നിക്കും. ഒരാൾ ഷൺമുഖനെന്ന് പേര് മാത്രം പറയുന്നുണ്ട്. മറ്റൊരാൾ തലശേരി സ്വദേശിയാണെന്നും പേര് അമീറാണെന്നും പറയുന്നു. ആശുപത്രി രേഖകൾ പ്രകാരം ഈ മാസം ഏഴിനാണ് അമീർ എന്നയാളെ ചില പരിസരവാസികൾ ആശുപത്രിയിലാക്കിയത്. ഷൺമുഖനെ സൗത്ത് പൊലീസ് രണ്ടാഴ്ച മുമ്പ് കൊണ്ടുവന്നതാണെന്നും പറയുന്നു.

അമീറിനെ ആശുപത്രി കാന്റീനിന് മുന്നിൽനിന്ന് അവശനിലയിൽ എത്തിച്ചതാണ്. ആശുപത്രി രേഖയിൽ ഇയാളുടെ പേര് അമീർ എന്നാണെങ്കിൽ ഇയാൾ ഹമീദ് എന്നും പറയുന്നുണ്ട്. ഇരുവരും അവ്യക്തമായി മാത്രമേ സംസാരിക്കുന്നുള്ളൂ. നേരത്തെ ഇത്തരം രോഗികളെ ഐസൊലേഷൻ വാർഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. എന്നാൽ, ഈ വാർഡ് അടച്ചുപൂട്ടി കാൻസർ വാർഡാക്കി മാറ്റിയതോടെയാണ് ആരോരുമില്ലാത്ത രോഗികളെ ആളൊഴിഞ്ഞ മൂലയിൽ തള്ളിയത്.

കിടക്കക്ക് താഴെ മലത്തിലും മൂത്രത്തിലും നഗ്‌നരായിട്ടാണ് ഇരുവരും തിങ്കളാഴ്ച ഉച്ചവരെ കിടന്നത്. ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ആശുപത്രി അധികൃതർ മുറി വൃത്തിയാക്കാനും മരുന്നും ഭക്ഷണവും നൽകാനും എത്തിയത്. സന്നദ്ധ പ്രവർത്തകരാണ് ഇവർക്ക് വസ്ത്രം നൽകിയത്. സംഭവമറിഞ്ഞ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ഡി.എം.ഒ കെ.പി. റീത്ത എന്നിവർ സ്ഥലത്തെത്തി. ഇവർക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് ഇരുവരും വ്യക്തമാക്കി.

ഹർത്താലായതിനാൽ ജീവനക്കാർ കുറവായതിനാലാണ് തിങ്കളാഴ്ച ഇവരെ കൃത്യമായി പരിചരിക്കാൻ സാധിക്കാതിരുന്നതെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി വിശദീകരിച്ചു. സാധാരണ ദിവസങ്ങളിൽ ആശുപത്രി ജീവനക്കാർ തന്നെയാണ് ഇവരെ പരിചരിക്കുന്നതും മുറി വൃത്തിയാക്കുന്നതും. കൃത്യസമയത്ത് ചികിത്സയും ഭക്ഷണവും വെള്ളവും നൽകാറുണ്ട്. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞു.