- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകനെ കുത്തി കൊന്ന കത്തി അമ്മായി അച്ഛൻ വൃത്തിയാക്കിയത് തണ്ണിമത്തൻ മുറിച്ച്; പ്രതികാരമായത് മകളെ ജാതിയിലും സമ്പത്തിലും താഴ്ന്ന കുടുംബത്തിൽപെട്ട അനീഷ് വിവാഹം ചെയ്തതു തന്നെ; അച്ഛനും അമ്മാവനും തൂക്കു കയറിനായി പ്രാർത്ഥിച്ച് ഹരിതയും; തേങ്കുറുശിയിൽ ക്രൈംബ്രാഞ്ച് നീതിയൊരുക്കുമ്പോൾ
പാലക്കാട്: തേങ്കുറുശിയിലേത് ദുരഭിമാന കൊല തന്നെ. തേങ്കുറിശി ഇലമന്ദം കൊല്ലത്തറയിൽ അനീഷി(25)ന്റെ കൊലപാതകം ദുരാഭിമാനക്കൊലയെന്നു വ്യക്തമാക്കുന്നത് കുറ്റപത്രത്തിലാണ്. അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് തേങ്കുറുശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്‌കുമാർ (45) എന്നിവർ കൊലപാതകത്തിനു മുൻപു ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു.
കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.ജോൺ നൽകിയ കുറ്റപത്രത്തിലുള്ളത്. ഡിസംബർ 25നു വൈകിട്ട് ആറരയോടെയാണു തേങ്കുറുശി മാനാംകുളമ്പിൽ വച്ച് അനീഷിനെ ബൈക്കിലെത്തിയ പ്രതികൾ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
അനീഷിനെ കുത്തിയ കത്തി സുരേഷ്‌കുമാർ തണ്ണിമത്തൻ മുറിച്ചാണു വൃത്തിയാക്കിയത്. പ്രതികളുടെ കുത്തിൽ അനീഷിന്റെ രണ്ടു തുടയിലെയും പ്രധാന ഞരമ്പുകൾ മുറിഞ്ഞുമാറി. രക്തം കൂടുതൽ വാർന്നുപോയി. ശരീരത്തിൽ മൊത്തം 12 മുറിവേറ്റു. അക്രമത്തിന് ഉപയോഗിച്ച ഉപകരണങ്ങളിലും പ്രതികളുടെ വസ്ത്രത്തിലും ഉൾപ്പെടെ അനീഷിന്റെ രക്തമുണ്ടായിരുന്നുവെന്നതും അന്വേഷണത്തിൽ നിർണ്ണായകമായി. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽപെട്ട ഹരിതയെ ജാതിയിലും സമ്പത്തിലും താഴ്ന്ന കുടുംബത്തിൽപെട്ട അനീഷ് വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിന് കാരണമായത്. വിവാഹശേഷം അനീഷിനെ ഇരുവരും പലപ്പോഴായി ഭീഷണിപ്പെടുത്തി. കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സുരേഷ്‌കുമാർ അനീഷിന്റെ വീട്ടിലെത്തിയും ഭീഷണി മുഴക്കിയെന്നും കുറ്റപത്രത്തിൽ ഉണ്ട്.
ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് അനീഷിന്റെ ഭാര്യ ഹരിതയും പ്രതികരിച്ചു. അച്ഛനും അമ്മാവനും ശിക്ഷിക്കപ്പെടണം. എവിടെപോയാലും ജാമ്യം ലഭിക്കരുത്. ജോലി തേടി എംഎൽഎ മുഖേനയും മുഖ്യമന്ത്രിക്കും പ്രത്യേകം അപേക്ഷ നൽകിയതായും ഹരിത പറഞ്ഞു. ബിബിഎ അവസാന വർഷ വിദ്യാർത്ഥിയായ ഹരിത ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം തന്നെയാണ് കഴിയുന്നത്. മകന്റെ മരണത്തിന് ഉത്തരവാദികളായവർക്കു കഠിനശിക്ഷ ലഭിക്കണമെന്നും അവർ ഇനി പുറംലോകം കാണരുതെന്നും അനീഷിന്റെ പിതാവ് അറുമുഖനും പറഞ്ഞു.
തേങ്കുറുശി കൊലപാതക കേസിൽ അറസ്റ്റിലായ പ്രഭുകുമാറും സുരേഷ്‌കുമാറും പ്രദേശത്തെ വീട്ടുകാരെ ആക്രമിച്ചതിനുള്ള രണ്ടു കേസുകളിലും പ്രതികളാണ്. ജാതിയുടെ പേരിൽ മുമ്പും ആക്രമണം നടത്തിയിട്ടുണ്ട് . 2014ൽ അയൽക്കാരുടെ കമ്പിവേലി പൊളിച്ച് അതിക്രമം നടത്തിയ കേസിലാണു പ്രതികളായത്. 2015ൽ മറ്റൊരു വീട്ടുകാരെ ആക്രമിച്ച കേസിൽ വധശ്രമത്തിനാണ് ഇവർക്കെതിരെ പട്ടികജാതി അതിക്രമംതടയൽ നിയമനുസരിച്ച് കേസെടുത്തിരുന്നത്. കേസ് കോടതിയുടെ പരിഗണനയിലാണ്. പരാതിക്കാരായ വീട്ടുകാർക്കെതിരെ അടിസ്ഥാന രഹിതമായ കാരണങ്ങൾ ആരോപിച്ച് പിന്നീട് രണ്ടു പേരും മറ്റൊരു ബന്ധുവും പൊലീസിൽ പരാതികൾ നൽകിയുന്നതായും പറയുന്നു.
തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകൻ പെയിന്റിങ് തൊഴിലാളിയായ അനീഷിനെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, ഹരിതയുടെ അമ്മാവൻ സുരേഷ്‌കുമാർ എന്നിവർ അടിച്ചും കുത്തിയും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണു കേസ്. അനീഷിന്റെ സഹോദരനും സംഭവത്തിൽ ദൃക്സാക്ഷിയുമായ അരുണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൊലപാതകത്തിനാണു കേസെടുത്തത്. ഇതര ജാതിയിൽപെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാവിനെ മകൾ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. സുരേഷ്‌കുമാർ സ്ഥിരമായി കത്തിയുമായാണു നടന്നിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സാമ്പത്തികം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് അനീഷിന്റെ ഭാര്യ ഹരിതയെ തിരികെ വീട്ടിലേക്ക് എത്തിക്കാൻ പ്രതികൾ ശ്രമിച്ചതായി അനീഷിന്റെ അമ്മയും അച്ഛനും ആരോപിച്ചിരുന്നു. പ്രഭുകുമാറിന്റെ അച്ഛനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. ഇദ്ദേഹം പണം വാഗ്ദാനം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങിയ ഫോൺ സംഭാഷണം പൊലീസിനു കൈമാറുകയും ചെയ്തു. എന്നാൽ ഇയാളെ കേസിൽ പ്രതിയാക്കിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ