പാലക്കാട്: വിക്ടോറിയ കോളേജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബൈക്കിലെത്തിയ ഫിറോസ് എന്നയാൾ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. അതേസമയം വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ യുവതികളോട് അനസ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചനകൾ.

കോളേജിന് സമീപത്തെ ഒരു സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് മർദ്ദന ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. റോഡിലൂടെ അനസ് നടന്നുവരുമ്പോൾ ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന ഫിറോസ് വണ്ടി പാർക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ രണ്ട് തവണ മർദ്ദിക്കുകയായരുന്നു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചായിരുന്നു മർദ്ദനം. തലയ്ക്ക് ഇടത് വശത്തായി അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.

ഫിറോസും ഒപ്പമുണ്ടായിരുന്നയാളും ചേർന്ന് ഒരു ഓട്ടോയിൽ കയറ്റി അനസിനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് ആശുപത്രിയിൽ അറിയിച്ചത്. പാലക്കാട് നോർത്ത് പൊലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോൾ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കുകയും തുടർന്ന് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി.

യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ് ഉദ്ദേശിച്ചതെന്നും എന്നാൽ അബദ്ധത്തിൽ അടി തലയിൽ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതി പൊലീസിന് മൊഴി നൽകി. അതേസമയം ഫിറോസിന് ഒപ്പമുണ്ടായിരുന്നത് സ്വന്തം സഹോദരനണെന്നും ഇയാൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നുമാണ് വിവരം.

അതിനാൽ തന്നെ സംഭവം നടന്നതിന് ശേഷം ഒരു വിവരവും പൊലീസ് പുറത്ത് വിട്ടിട്ടില്ല. പിന്നീട് മാധ്യമങ്ങളാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. കേസിൽ ഫിറോസിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഒപ്പമുണ്ടായിരുന്നയാൾ കുറ്റകൃത്യത്തിൽ പങ്കെടുത്തില്ലെങ്കിലും കേസിലെ ദൃക്സാക്ഷിയാണ്. ഇദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനാണോയെന്നാണ് ഇനി സ്ഥിരീകരിക്കേണ്ടത്.

തലയ്ക്ക് ഏറ്റ പരിക്കാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലത്ത് വീണപ്പോഴാണോ അതോ ബാറ്റ് കൊണ്ട് അടിയേറ്റതാണോ മരണം സംഭവിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാകുകയുള്ളൂ. ബുധനാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും. ഫിറോസിന് ഒപ്പമുണ്ടായിരുന്ന വ്യക്തി തണ്ടർബോൾട്ട് സംഘത്തിലെ അംഗമാണെന്നാണ് വിവരം.