പാലക്കാട്: ജില്ലയിൽ നടന്ന കൊലപാതകങ്ങൾക്കു തീവ്രവാദ സ്വഭാവമെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി. കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.

ഇത്തരം കാര്യങ്ങൾ തടയുക എളുപ്പമല്ല. വരും ദിവസങ്ങളിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ കാര്യക്ഷമായ ഇടപെടലുകളുണ്ടാകും. കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കും. ഇത്തരം അവസരങ്ങളിൽ എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയെന്നത് പ്രധാനമാണ്. അതിനുള്ള ശ്രമങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തുടരും- മന്ത്രി പറഞ്ഞു.

എലപ്പുള്ളിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹിയും പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ഭാരവാഹിയും കൊല്ലപ്പെട്ടതിനെത്തുടർന്നാണു മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം സർവകക്ഷിയോഗം വിളിച്ചത്. കൊലപാതകങ്ങളിൽ പൊലീസ് നടപടി ഏകപക്ഷീയമെന്നാരോപിച്ച് ബിജെപി യോഗം ബഹിഷ്‌കരിച്ചു.

സർവകക്ഷിയോഗത്തിൽ നിന്ന് ബിജെപി ഇറങ്ങിപ്പോയത് അവർ മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സമാധാനം നിലനിർത്താൻ തങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാകുമെന്ന് അവർ യോഗത്തിൽ അറിയിച്ചുവെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകാൻ ശ്രമിക്കുമെന്നും സമാധാന ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

ഇറങ്ങിപ്പോകാൻ തീരുമാനിച്ച് യോഗത്തിനെത്തിയാൽ പിന്നെ ഒന്നും ചെയ്യാനാകില്ലെന്നു മന്ത്രി പ്രതികരിച്ചു. ബിജെപിക്കു പരാതിയുണ്ടെങ്കിൽ കേൾക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടർചർച്ചകൾ നടത്തുമെന്നും ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ബിജെപി അവരുടെ നിലപാട് വ്യക്തമാക്കിയ ശേഷം പൊലീസിനെ കുറ്റപ്പെടുത്തിയ ശേഷമാണ് ഇറങ്ങിപ്പോയത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും കാര്യങ്ങൾ പറഞ്ഞു.അതിൽ ചില വിമർശനങ്ങൾ ഉള്ളത് ഉൾക്കൊണ്ട് മുന്നോട്ട് പോകും. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്. വർഗീയമായ ഒരു ചേരിതിരിവ് ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികളാണോ വേണ്ടത് അതെല്ലാം പൊലീസ് സ്വീകരിക്കും. ആരെയും അനുനയിപ്പിക്കാതിരിക്കാൻ കഴിയില്ല. പ്രശ്നങ്ങൾ ഉണ്ടാകാതെ സമാധാനമായ ഒരു അന്തരീക്ഷമാണ് സമൂഹം ആഗ്രഹിക്കുന്നത്. അതിന് എതിരായി നിൽക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും. അതുകൊണ്ട് തന്നെ ആരും അനുനയ ശ്രമങ്ങളുമായി സഹകരിക്കാതിരിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു