- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടക്കൊലപാതകം: സംഘർഷസാധ്യത മുന്നിൽ കണ്ട് പാലക്കാട് ബുധനാഴ്ച വരെ നിരോധനാജ്ഞ; സോഷ്യൽ മീഡിയ പൊലീസ് നിരീക്ഷണത്തിൽ; സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തിൽ; 24 മണിക്കൂറും സൈബർ പട്രോളിങ്; കടയിലേക്ക് പാഞ്ഞുകയറി വെട്ടിയ കൊലയാളികൾക്കായി പൊലീസിന്റെ തിരച്ചിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല. ഊഹാപോഹങ്ങൾ പരത്താൻ ശ്രമിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ലെന്ന് ഉത്തരവിൽ പറയുന്നു.
സോഷ്യൽമീഡിയ പൊലീസ് നിരീക്ഷണത്തിൽപാലക്കാട് നടന്ന കൊലപാതകങ്ങളെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബർ പട്രോളിങ് നടത്താൻ സൈബർ ഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ പൊലീസ് സ്റ്റേഷൻ എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
അതേസമയം ആർഎസ്എസ് നേതാവ് എസ്.കെ ശ്രീനിവാസനെ കടയിൽ കയറി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി ആറ് പേരടങ്ങിയ സംഘമാണ് ശ്രീനിവാസനെ കൊല്ലാനായി എത്തിയത്. ഇതിൽ മൂന്നു പേരാണ് കടയിൽ കയറി ശ്രീനിവാസനെ വെട്ടിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എതിർവശത്തുനിന്നും മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘം റോഡ് മുറിച്ചുകടന്ന ശേഷം ശ്രീനിവാസന്റെ കടയുടെ മുന്നിൽ നിർത്തി. അതിൽ ഒരു ബൈക്കിന്റെ പിന്നിലിരുന്നയാൾ ആദ്യം ഓടി കടയിൽ കയറുന്നതു കാണാം.
പിന്നാലെ, മറ്റ് രണ്ട് ബൈക്കിന്റെ പിന്നിലിരുന്നവരും കടയിലേക്ക് ഇരച്ചുകയറി. ഈ സമയം ബൈക്ക് ഓടിച്ചിരുന്നവർ സ്റ്റാർട്ടാക്കി വാഹനത്തിൽതന്നെ കാത്തിരുന്നു. അകത്ത് കയറി ശ്രീനിവാസനെ വെട്ടിയ ശേഷം മൂന്ന് പേരും തിരികെ ഓടി വന്ന് ബൈക്കിൽ കയറി അതിവേഗം സ്ഥലംവിട്ടു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബൈക്കിന്റെ നമ്പറിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. വെട്ടിയ ശേഷം ഇതേ വാഹനങ്ങളിലാണ് സംഘം മടങ്ങിയത്. ഗുരുതരമായി വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ശ്രീനിവാസന്റെ തലയ്ക്കും കയ്യിനും കാലിനുമാണ് വെട്ടേറ്റത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.
''ബൈക്കിന്റെ ഷോറൂം നടത്തുന്നയാളാണ് ശ്രീനിവാസൻ. മേലാമുറി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എതിർവശത്താണ് കട. അതൊരു മാർക്കറ്റാണ്. കൊവിഡിന് ശേഷം സജീവമല്ല അവിടം. കടയിൽ ശ്രീനിവാസൻ ഒറ്റയ്ക്കായിരുന്നു. അക്രമികൾ കടയിൽ കയറി വെട്ടുകയായിരുന്നു. തലയിലും കൈയിലും കാലിലുമെല്ലാം വെട്ടേറ്റിട്ടുണ്ട്. തൊട്ടപ്പുറത്തെ കടയിലും ആൾ ഉണ്ടായിരുന്നു. അവരും ശ്രീനിവാസന്റെ ചങ്ങാതിമാരും ചേർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.'' പ്രദേശവാസി പറഞ്ഞു.
അതേസമയം, പാലക്കാട്ടെ രണ്ട് കൊലപാതകവും വെവ്വേറെ സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു. കൂടുതൽ സംഘർഷംം ആവർത്തിക്കാതിരിക്കാൻ കരുതൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. വെള്ളിയാഴ്ച പള്ളിയിലെ നമസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു കുത്തിയതോട് സ്വദേശി സുബൈറും പിതാവ് അബൂബക്കറും. ഇതിനിടെയാണ് കാറിലെത്തിയ സംഘം ഇരുവരും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഒരു കാർ ഇവർ സഞ്ചരിച്ച വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയും മറ്റൊരു കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി സുബൈറിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട സുബൈർ. ഈ കൊലപാതകത്തിന്റെ 24 മണിക്കൂർ തികയും മുമ്പാണ് ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ