- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങൾ സിപിഎം പ്രവർത്തകരെന്ന്' ആവർത്തിച്ച് പ്രതികൾ; പ്രതികരണം കോടതിയിലെത്തിച്ചപ്പോൾ; എട്ട് പ്രതികളും ബിജെപി അനുഭാവികളെന്ന് പൊലീസും; രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ; ഷാജഹാൻ കൊലപാതകത്തിൽ മലക്കം മറിഞ്ഞ് അന്വേഷണ സംഘം
പാലക്കാട്: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകം വ്യക്തിവിരോധത്തെ തുടർന്നെന്നുള്ള ആദ്യ വാദത്തിൽ നിന്നും മലക്കം മറിഞ്ഞ് പൊലീസ്. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് കൊലപാതകം വ്യക്തിവിരോധത്തെ തുടർന്നുള്ളതെന്ന ആദ്യ വിശദീകരണം പിൻവലിച്ച് രാഷ്ട്രീയ പ്രേരിതമെന്ന രീതിയിൽ മാറ്റിയത്. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്‌പി നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളാണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചതെന്നുമാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്.
രാഖി കെട്ടിയതുമായുള്ള തർക്കവും, ഗണേശോത്സവത്തിൽ പ്രതികൾ ഫ്‌ളെക്‌സ് വയ്ക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനമെന്നും ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും അന്ന് പൊലീസ് വിശദീകരിച്ചിരുന്നു.
ഇതോടെ പൊലീസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തി. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയതെന്ന പൊലീസ് ഭാഷ്യം തള്ളിയ സിപിഎം, 'കൊലപാതകത്തിന് ആർഎസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയതെന്നും ആവർത്തിച്ചിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വിഷയം ചർച്ചയായി. അന്വേഷണ സംഘത്തിന്റെ വിശദീകരണം വരുംമുമ്പെ കൊലപതാകത്തിന് പിന്നിൽ ബിജെപിയാണെന്ന രീതിയിൽ സിപിഎം നേതൃത്വത്തിന്റെ പ്രതികരണം വിമർശനത്തിന് ഇടയാക്കിയിരുന്നു. പാർട്ടിക്കുള്ളിലെ പക സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നതിനിടെയാണ് പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന രീതിയിൽ മാറ്റിയെഴുതപ്പെടുന്നത്.
ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികൾ തങ്ങൾ സിപിഎമ്മുകാരാണെന്നും പൊലീസ് മർദ്ദിച്ചുവെന്നും മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു. ഏഴാം പ്രതി ശിവരാജനാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. താൻ സിപിഎമ്മുകാരനാണെന്ന് ആവർത്തിച്ച് കേസിലെ പ്രതി അനീഷും രംഗത്തെത്തിയിരുന്നു. കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം.
ഇന്നലെയും കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ സിപിഎമ്മുകാരൻ തന്നെയാണെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഞങ്ങൾ എല്ലാവരും കമ്മ്യൂണിസ്റ്റകാരാണെന്നു ഷാജഹാൻ കൊലക്കേസ് ഒന്നാം പ്രതി നവീനും പ്രതികരിച്ചു.കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് പ്രതികളുടെ വെളിപ്പെടുത്തൽ.
അതേസമയം പ്രതികളെ മർദ്ദിച്ചുവെന്ന ശിവരാജന്റെ ആരോപണത്തിൽ മറുത്തൊന്നും പറയാനില്ലെന്നാണ് പൊലീസ് പറഞ്ഞത്. പൊലീസിന് മർദ്ദിക്കേണ്ട ആവശ്യമില്ലെന്നും ഡിവൈഎസ്‌പി വികെ രാജു പറഞ്ഞു. തന്റെ ഇടുപ്പിന് പൊലീസ് ചവിട്ടിയെന്നാണ് ശിവരാജന്റെ മൊഴി.
പൊലീസ് നിലപാടിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പൊലീസ് ഭാഷ്യവും സിപിഎം തള്ളുന്നു.
പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷബന്ധൻ പരിപാടി കഴിഞ്ഞു വന്നു. രാഖി ഉണ്ടായിരുന്നു' എന്നെല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആർഎസ്എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരായുന്നത്. 'കൊലപാതകത്തിന് ആർഎസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയതെന്നും സിപിഎം ആവർത്തിക്കുന്നു.
പ്രതികൾക്ക് ആർഎസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഎം ചോദിക്കുന്നു. അതേ സമയം പ്രതികളിൽ ചിലർക്ക് നേരത്തെ സിപിഎം ബന്ധമുണ്ടായിരുന്നുവെന്നും ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു. എന്നാൽ താൻ സിപിഎമ്മുകാരനെന്ന പ്രതിയുടെ പ്രതികരണം സിപിഎം നേതൃത്വത്തെ വെട്ടിലാക്കി.
അതേ സമയം, ഷാജഹാൻ കൊലക്കേസിൽ ഇന്നലെ അറസ്റ്റിലായ നാലു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അഞ്ച് മുതൽ എട്ട് വരെയുള്ള പ്രതികളായ വിഷ്ണു,സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരെയാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ പ്രതികളെ സഹായിച്ചവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. എട്ട് പേരെയാണ് ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ