- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസൻ വധക്കേസ്: പ്രതികൾക്കെതിരെ രോഷാകുലരായി യുവമോർച്ച പ്രവർത്തകർ; മേലാമുറിയിൽ വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.
പ്രതികളെ തെളിവെടുപ്പിനായി മേലാമുറിയിലെ ശ്രീനിവാസന്റെ കടയിൽ എത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകരും നാട്ടുകാരും രംഗത്ത് എത്തിയത്. ഇന്നലെ അറസ്റ്റിലായ അബ്ദുറഹ്‌മാൻ , ഫിറോസ് എന്നിവരെയാണ് തെളിവെടുപ്പിനായി കടയിൽ എത്തിച്ചത്.
പാലക്കാട് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ കടയിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത പ്രവർത്തകരെ പൊലീസ് സംഘം തടഞ്ഞു. തുടർന്ന് മൂന്ന് മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങി.
ഉച്ചയോടെയാണ് ഇരുവരെയും മേലാമുറിയിൽ എത്തിച്ചത്. ഇതറിഞ്ഞ നാട്ടുകാർ നേരത്തെ തന്നെ തടിച്ചുകൂടിയിരുന്നു. പ്രതികളുമായി എത്തിയ പൊലീസ് ജീപ്പിന് നേരെയും ജനക്കൂട്ടം രോഷാകുലരായി പാഞ്ഞടുത്തു. പൊലീസ് വളരെ പാടുപെട്ടാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. ഇതിന് ശേഷമാണ് പ്രതികളെ ജീപ്പിൽ നിന്നും ഇറക്കിയത്. തുടർന്ന് പൊലീസ് വലയത്തിൽ കടയിൽ എത്തിക്കുകയായിരുന്നു.
യുവമോർച്ച ജില്ല അദ്ധ്യക്ഷൻ പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. സംഘർഷ സമാനമായ സാഹചര്യം ആയിരുന്നു മേലാമുറിയിൽ. ഏറെ പാടുപെട്ടാണ് പ്രതികളുമായുള്ള തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കിയത്. തെളിവെടുപ്പിന് ശേഷം പ്രതികളെ ജീപ്പിൽ കയറ്റി കൊണ്ടുപോയെങ്കിലും പ്രദേശത്ത് പൊലീസ് തുടരുകയാണ്.
കഴിഞ്ഞദിവസം പിടിയിലായ അബ്ദുറഹ്‌മാൻ, ഫിറോസ് എന്നിവരുമായാണ് പൊലീസ് സംഘം ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗസംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ബുധനാഴ്ച രാവിലെ നടന്ന തെളിവെടുപ്പിൽ അബ്ദുറഹ്‌മാൻ കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിരുന്നു.
കല്ലേക്കോട് അഞ്ചാംമൈലിനടുത്ത ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് കൃത്യം നടത്താൻ ഉപയോഗിച്ച കൊടുവാൾ കണ്ടെടുത്തത്. ഇത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയിലായിരുന്നു. ഈ കൊടുവാൾ ഉപയോഗിച്ചാണ് അബ്ദുറഹ്‌മാൻ ശ്രീനിവാസനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. ശേഷം മംഗലാംകുന്നിൽ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.
മറുനാടന് മലയാളി ബ്യൂറോ