പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ എ.ശ്രീനിവാസൻ (45) വധക്കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തിനു ശേഷം മൊബൈലും ആയുധങ്ങളും ഉപേക്ഷിച്ചെന്ന് കരുതുന്ന ശംഖുവാരത്താണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടുപ്രതികളുമായി എത്തിയായിരുന്നു അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ചോദ്യം ചെയ്യലിൽ മൊബൈൽ ഫോണും ആയുധങ്ങളും ശംഖുവാരത്ത് ഉപേക്ഷിച്ചതായി പ്രതികൾ പറഞ്ഞിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്.

കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതുവരെ കൊലയാളി സംഘം ഉപയോഗിച്ച മൂന്നു ബൈക്കും ഒരു ഗുഡ്‌സ് ഓട്ടോയുമാണ് കണ്ടെത്തിയത്.

ശംഖു വാരത്തെ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള പള്ളിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടും മുൻപ് അബ്ദുൾ റഹ്‌മാൻ സഹോദരനെയാണ് ഫോൺ ഏൽപ്പിച്ചത്. ബിലാൽ അത് പള്ളിയിൽ ഒളിപ്പിച്ചു വെച്ചു. പള്ളിയോട് തൊട്ടുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷ ഉപേക്ഷിച്ചത്.

ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയ്ക്ക് പുറമെ പ്രതികളിലൊരാളുടെ ബൈക്കും പള്ളിക്ക് സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടു പേർ കൂടി ഇന്ന് വലയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

സുബൈർ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയിൽ മോർച്ചറിക്ക് സമീപത്തെ ഖബർസ്ഥാനിൽ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. മുഖ്യപ്രതികളിലൊരാളായ ശംഖു വാരത്തോട് സ്വദേശി അബ്ദുൾ റഹ്‌മാമാന്റെ സഹോദരൻ മുഹമ്മദ് ബിലാൽ, കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന റിയാസുദീൻ എന്നിവരെയാണ് ഇന്ന് തെളിവെടുപ്പിന് എത്തിച്ചത്.

കേസിൽ നാലു പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.കൊലയാളികളെ ശ്രീനിവാസന്റെ നീക്കം മനസിലാക്കി വിളിച്ചുവരുത്തിയവരാണ് ഇവർ.പാലക്കാട് കൽപ്പാത്തി ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), മുഹമ്മദ് റിസ്വാൻ (20), ശംഖുവാരത്തോട് സ്വദേശി റിയാസുദ്ദീൻ (35), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാരപ്പത്ത് തൊടി സഹദ് (22) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്.

അതേസമയം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെയാരെയും ഇതുവരെ പിടികൂടാനായിട്ടില്ല. 16 പ്രതികളാണ് കേസിലുള്ളത്.കൊലയാളികളുടെ മൊബൈലും മറ്റും അവരുടെ വീടുകളിൽ എത്തിച്ചുനൽകിയത് മുഹമ്മദ് റിസ്വാനാണ്. സഹദ് ഗൂഢാലോചനയിൽ പങ്കെടുത്തു. ബിലാലും റിയാസുദ്ദീനും കൊലയാളിസംഘം എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മേലാമുറിയിൽ അവരെ സഹായിക്കാനായി നിന്നവരാണ്.

ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കാൻ ഇരുവരും നഗരത്തിലൂടെ പലതവണ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അച്ഛന്റെ ചികിത്സയുടെ ഭാഗമായി അടുത്തിടെയായി 11 മണി കഴിഞ്ഞാണ് ശ്രീനിവാസൻ കടതുറക്കുന്നത്. ശ്രീനിവാസൻ എത്തിയപ്പോൾ കൊലയാളി സംഘത്തെ ഇവർ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരാണ്. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.

ഏപ്രിൽ 16 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. ഏപ്രിൽ 15ന് പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43) കൊല്ലപ്പെട്ടിരുന്നു. സുബൈറിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുന്നതിനിടെയായിരുന്നു കൊലപാതകം. ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 പേരടങ്ങിയ സംഘമാണു കൊലപാതകം നടത്തിയത്. വാഹനത്തിലെത്തിയ 6 പേരിൽ 3 പേരാണു കടയ്ക്കുള്ളിലേക്ക് ഓടിക്കയറി വെട്ടിയത്.