- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോരയാർ പുഴയിൽ ചെളിയിൽ പൂഴ്ത്തിയ നിലയിൽ ആയുധങ്ങൾ; കണ്ടെടുത്തത് സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളുകൾ; തെരച്ചിൽ തുടരുന്നു; ഫൊറൻസിക് വിഭാഗം ആയുധങ്ങൾ പരിശോധിക്കും; ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്കായി അന്വേഷണം തുടരുന്നു
പാലക്കാട്: എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താൻ അക്രമിസംഘം ഉപയോഗിച്ച ആയുധങ്ങൾ പുഴയിൽനിന്നും കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. നാല് വടിവാളുകളാണ് കണ്ടെടുത്തത്. മണ്ണുക്കാട് കോരയാർ പുഴയിൽ ചെളിയിൽ പൂഴ്ത്തിയ നിലയിൽ ആയിരുന്നു ആയുധങ്ങൾ.
പ്രതികളെ ഇവിടെയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൂടുതൽ ആയുധങ്ങൾക്ക് വേണ്ടി കോരയാറിൽ തെരച്ചിൽ നടത്തുകയാണ്. കണ്ടെടുത്ത ആയുധങ്ങൾ ഫൊറൻസിക് വിഭാഗം പരിശോധിക്കും.
അതേസമയം, ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന പ്രതികളുടെ മൊഴി പുറത്ത് വന്നു. സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.
ഇന്നലെ കസ്റ്റഡിയിലായ അറുമുഖൻ, രമേശ്, ശരവൺ എന്നിവരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. സുബൈറിന്റെ അയൽവാസിയും സഞ്ജിത്തിന്റെ സുഹൃത്തുമായ രമേശ് ആണ് കൊലപാതകത്തിനുള്ള ആളുകളെ ഏകോപിപ്പിച്ചത്. നിരവധി പേരെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചത് മൂന്ന് പേരെയാണ്. ആദ്യ രണ്ട് ശ്രമങ്ങൾ പൊലീസ് ഉണ്ടായിരുന്നതിനാൽ ഉപേക്ഷിച്ചു.
എപ്രിൽ 1, 8 തീയ്യതികളായിരുന്നു ഈ ശ്രമമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. എലപ്പുള്ളിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ അടുത്ത സുഹൃത്താണ് രമേശ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൽ സുബൈറിന് പങ്കുണ്ടാകുമെന്ന് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നതായും എഡിജിപി വ്യക്തമാക്കി. പ്രതികളിൽ നിന്ന് ഗൂഢാലോചന സംഭന്ധിച്ച കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കം പൂർത്തിയാക്കും.
അതേസമയം ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ കൊലപാതകത്തിന് മുൻപ് സുബൈറിന്റെ പോസ്റ്റുമോർട്ടം നടന്ന പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ആശുപത്രിയിൽ നിന്നാണ് കൊലപാതകത്തിനായി ആറംഗ സംഘം പുറപ്പെട്ടത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് പൊലീസ് ശ്രമം. ശ്രീനിവാസൻ കൊലക്കേസിൽ അന്വേഷണം ഊർജ്ജിതമാണെന്നും മറ്റ് ആരോപണം തള്ളുന്നതായും എഡിജിപി വ്യക്തമാക്കി
ശ്രീനിവാസൻ കേസിൽ പ്രതികളെയും എത്തിയ വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിൽപ്പോയ പ്രതികൾക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ്. ഇവർ എവിടെയാണ് ഉള്ളതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ