പാലക്കാട്: കൊല്ലങ്കോട് കിഴക്കെ ഗ്രാമത്തിൽ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി ഇരുവരും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് യുവാവിന്റെ വീട്ടുകാർ. 23കാരനായ സുബ്രഹ്‌മണ്യനും 16കാരിയായ ധന്യയും തമ്മിൽ ഇഷ്ടമുള്ള കാര്യം ഇരുവീട്ടുകാർക്കും അറിയാമായിരുന്നുവെന്നും പെൺകുട്ടിക്ക് 18 വയസ്സാസാൽ വിവാഹം ചെയ്തു നൽകാമെന്ന് സമ്മതിച്ചിരുന്നതാണെന്നും യുവാവിന്റെ അമ്മ മാധ്യമങ്ങളോട് പറയുന്നു.

രണ്ടുവീട്ടുകാരും സംസാരിച്ച് തീരുമാനിച്ചതായിരുന്നു ഇവരുടെ കാര്യം. ഇന്ന് മകന്റെ പിറന്നാളായിരുന്നു. രാവിലെ പാൽ വാങ്ങാനായി പുറത്തേക്ക് പോയതാണ്. അപ്പോൾ മകൻ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടി എപ്പോഴാണ് വീട്ടിലെത്തിയതെന്ന് അറിയില്ല. തിരിച്ചെത്തിയപ്പോൾ മുറിയിൽ നിന്ന് തീയും പുകയും കണ്ടു. നോക്കിയപ്പോൾ ഇരുവരിലും തീ ആളിപ്പടരുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്നറിയില്ല- യുവാവിന്റെ അമ്മ പറയുന്നു.

രാവിലെ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയൽവാസി പറഞ്ഞു. ഓടിയെത്തിയപ്പോൾ പുകയും തീയും കണ്ടു. ഓടിയെത്തി വെള്ളമൊഴിച്ചു. ഇരുവരും പുറത്തിറങ്ങിയപ്പോൾ ദേഹമാസകലം പൊള്ളിയിരുന്നു. ഇരുവരും ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചതുമാണ്-അയൽവാസി പറഞ്ഞു. രാവിലെ ഏഴരക്കുള്ളിലാണ് ദാരുണസംഭവം. പെൺകുട്ടി വീട്ടിലെത്തിയത് യുവാവിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

കിഴക്കെ ഗ്രാമത്തിൽ രമേഷിന്റെ മകൻ സുബ്രഹ്‌മണ്യനും കൊല്ലങ്കോട് പാവടി സ്വദേശിനിയായ 16 വയസ്സുകാരിയുമാണ് മരിച്ചത്. ഇരുവരെയും സുബ്രഹ്‌മണ്യന്റെ വീട്ടിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്.
തീപടരുന്നത് കണ്ട നാട്ടുകാരാണ് ഇവരെ വീടിനുള്ളിൽനിന്ന് പുറത്തെത്തിച്ചത്. ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും അവിടെനിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തീപിടിത്തത്തിൽ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചിരുന്നു.

പാലക്കാട് നിന്ന് പൊള്ളലേറ്റ ഇവരെ കൊച്ചിയിലേക്കാണ് ചികിത്സക്ക് കൊണ്ടുപോയത്. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി?ഗമനം. തീപ്പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്.

ധന്യ പ്ലസ്ടു ഹയർസെക്കൻഡറി വിദ്യാർത്ഥിനിയാണ്. പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്‌മണ്യം ധന്യയെ വീടിലേക്ക് വിളിച്ച് വരുത്തി തീക്കൊളുത്തുകയായിരുന്നു. സുബ്രഹ്‌മണ്യത്തിന്റെ വീട്ടിലാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

പതിനാറ് വയസ്സുകാരിയെ തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സാരമായി പൊള്ളലേറ്റ ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.