- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനം വകുപ്പിനെയും ഞെട്ടിച്ച് ആ അമ്മയുടെ 'കരുതൽ'; പുലിക്കൂടിൽ വെച്ച കുഞ്ഞുങ്ങളിൽ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയി; വലിയ കൂടൊരുക്കിയിട്ടും പുലിയെ പിടികൂടാനായില്ല; രണ്ടാമത്തെ കുഞ്ഞിനായി വീണ്ടും എത്തുമെന്ന പ്രതീക്ഷയിൽ ഉദ്യോഗസ്ഥർ
പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളെ വച്ച് പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയി. പുലിക്കൂടിൽ വെച്ച കുഞ്ഞുങ്ങളിൽ ഒന്നിനെയാണ് തള്ളപ്പുലി കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. പുലിക്കൂടിൽ അകപ്പെടാതെയാണ് തള്ളപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്.
പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം ഫലം കണ്ടില്ല. കൂട്ടിനുള്ളിൽ ബോക്‌സിലായിരുന്നു കുഞ്ഞുങ്ങളെ വച്ചത്. ഈ ബോക്‌സ് കൈ കൊണ്ട് നിരക്കി എടുത്ത ശേഷമാണ് സ്മാർട്ടായ തള്ളപ്പുലി ഒരു കുഞ്ഞിനെ കൊണ്ടുപോയത്.
തള്ളപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിൽ രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടിൽ വയ്ക്കാനുള്ള ഒരുക്കത്തിലാണ് ഫോറസ്റ്റ് വകുപ്പ്. തള്ളപ്പുലി വീണ്ടും എത്തുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഞായറാഴ്ചയാണ് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
വീട്ടിൽ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് മൂന്നു തവണയാണ്. പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കിടന്ന കെട്ടിടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സ്ഥലത്തിന്റെ നോട്ട ചുമതലയുണ്ടായിരുന്ന പ്രദേശവാസിയായ പൊന്നനാണ് ഇവയെ കണ്ടത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്.
വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞുങ്ങളെ പാലക്കാട് ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റിയിരുന്നു. ജനവാസ മേഖലയിൽ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. തള്ളപ്പുലിയെ പിടികൂടാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.
പത്തു ദിവസം പ്രായമുള്ള പെൺപുലിക്കുഞ്ഞുങ്ങളെയാണ് വീടിനുള്ളിൽ നിന്നും ലഭിച്ചത്. വീട്ടിൽ സ്ഥാപിച്ച പുലിക്കൂടിന് സമീപം കഴിഞ്ഞ ദിവസവും പുലിയെത്തിയിരുന്നു. ഞായറാഴ്ച രാത്രി 11.4 നും 12..5 നും പുലർച്ചെ 2 മണിക്കും പുലി എത്തി. ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്. സ്ഥാപിച്ച കൂടിനേക്കാൾ വലിപ്പം പുലിക്കുണ്ടെന്ന് കണ്ടതോടെ വീടിനു പുറത്ത് വലിയ കൂട് സ്ഥാപിച്ചിരുന്നു.
പുലിക്കുഞ്ഞിന് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പരിചരണം നൽകി വരികയാണെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞിന് ഭക്ഷണം നൽകുന്നതാണ് പ്രതിസന്ധി. ആട്ടിൻ പാൽ കുപ്പിയിലാക്കിയാണ് ഇപ്പോൾ നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ