ചെന്നൈ:എ.ഐ.എ.ഡി.എം.കെയിലെ പനീർശെൽവം - പളനിസ്വാമി പക്ഷങ്ങൾ തമ്മിലുള്ള ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ. ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിൽവച്ചാവും പ്രഖ്യാപനമെന്നാണ് കരുതുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനത്തിന് ഉണ്ടായിരുന്ന പ്രധാന തടസം നീങ്ങിയെങ്കിലും പാർട്ടി നേതൃസ്ഥാനത്തുനിന്ന് ശശികലയെ നീക്കണമെന്ന പ്രധാന ആവശ്യത്തിൽ ഉറച്ച്‌നിൽക്കുകയാണ് പനീർസെൽവം.

ഇരുപക്ഷങ്ങളും നേരത്തെ ചെന്നൈയിൽ യോഗം ചേർന്നിരുന്നു. പളനിസാമിയും എംഎൽഎമാരും ജയയുടെ സ്മാരകത്തിലേക്ക് എത്തി ഇരുനേതാക്കളും സംയുക്തമായി ലയന പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. പളനിസാമി മന്ത്രിസഭയിൽ പനീർസെൽവം ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, എടപ്പാടി പളിനിസാമി വിഭാഗത്തിലെ പ്രമുഖർ പനീർസെൽവവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാരായ എസ്‌പി. വേലുമണി, പി. തങ്കമണി എന്നിവരാണു ചെന്നൈയിൽ വച്ച് ചർച്ച നടത്തിയത്.

ജയലളിതയുടെ മരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനത്തിന് ഉണ്ടായിരുന്ന പ്രധാന തടസം നീങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ ലയനം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിയുടെ വസതിയിൽ മന്ത്രിമാർ യോഗം ചേർന്നിരുന്നു. ഒ പനീർശെൽവം വിഭാഗവും നേതാക്കളുടെ യോഗം വിളിച്ചിരുന്നു. പനീർശെൽവം വിഭാഗത്തിന്റെ പ്രധാന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. പാർട്ടി നേതൃസ്ഥാനത്തുനിന്ന് ശശികലയെ നീക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. ലയനത്തോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടി ചിഹ്നം അടക്കമുള്ള വിഷയങ്ങളിൽ ഒരുവിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ അവസാനിച്ചേക്കുമെന്നാണ് സൂചന.

അതിനിടെ, ബെംഗളൂരു ജയിലിൽ കഴിയുന്ന ശശികലയെ അനന്തരവൻ ദിനകരൻ രാവിലെ സന്ദർശിച്ചിരുന്നു. 40 എംഎ‍ൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ദിനകരൻ അവകാശപ്പെടുന്നത്. എ.ഐ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി തന്നെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്ന പനീർശെൽവം വിഭാഗത്തിന്റെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.