കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ഒക്ടോബർ 31-ന് രാത്രി നടന്ന ഡി.ജെ. പാർട്ടിയിൽ ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പൊലീസ് പ്രതിയാക്കില്ല. കേസിൽ പ്രതിയാക്കാനുള്ള തെളിവുകളൊന്നും കിട്ടിയില്ലെന്ന നിലപാടിലാണ് പൊലീസ്. ഒക്ടോബർ 31-ന് രാത്രി നടന്ന പാർട്ടിയിലാണ് മുൻ മിസ് കേരള വിജയികളും സുഹൃത്തുക്കളും പങ്കെടുത്തത്. ഈ പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഔഡി കാർ നടത്തിയ ചെയിസിംഗാണ് വില്ലനായത്. ഈ കാറോടിച്ച സൈജു തങ്കച്ചനെതിരേയും കേസിൽ പ്രതിയാക്കില്ല.

അതിനിടെ സംഭവം എക്സൈസും അന്വേഷിക്കും. മട്ടാഞ്ചേരി എക്സൈസ് സിഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക. ഒക്ടോബർ 31-ന് രാത്രി വൈകിയും ഹോട്ടലിൽ മദ്യം വിളമ്പിയതായാണ് എക്സൈസിന്റെ കണ്ടെത്തൽ. ഈ കേസ് മാത്രമാകും ഹോട്ടലിനെതിരെ വരിക. അതുകൊണ്ട് തൽകാലം ബാർ ലൈസൻസ് നഷ്ടമാകും. അങ്ങനെ ഹോട്ടലിനെതിരായ നടപടി ഒതുങ്ങും. ആൻസിയുടേയും സുഹൃത്തുക്കളുടേയും മരണത്തിൽ ആർക്കെതിരേയും കൊലക്കുറ്റം പൊലീസ് ചുമത്തില്ലെന്നാണ് സൂചന. ആൻസിയുടെ കാറോടിച്ചിരുന്ന ഡ്രൈവറിനെതിരായ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കേസായി ഇത് മാറും.

നേരത്തെയും നമ്പർ 18 ഹോട്ടലിനെതിരേ എക്സൈസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഒക്ടോബർ 23-ന് ലഭിച്ച പരാതിയിൽ എക്സൈസ് വിശദമായ അന്വേഷണം നടത്തുകയും രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം വിളമ്പിയതായി കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിൽ പിഴ ഈടാക്കാനാണ് അന്വേഷണസംഘം ആദ്യം നിർദ്ദേശം നൽകിയത്. എന്നാൽ എക്സൈസ് കമ്മീഷണറേറ്റിന്റെ നിർദ്ദേശപ്രകാരം നവംബർ ഒന്നാം തീയതി ഹോട്ടലിന്റെ ബാർ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ച മറ്റൊരു ഡി.വി.ആർ. കൂടി ഹാജരാക്കാൻ റോയിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു ഡി.വി.ആർ. റോയി വയലാട്ട് പൊലീസിന് കൈമാറിയെങ്കിലും ഇതിൽ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളുണ്ടായിരുന്നില്ല. ഇന്നും ഈ ദൃശ്യങ്ങൾ നൽകിയില്ല ഹോട്ടലിലെ ദൃശ്യങ്ങൾ ആകെ മൂന്ന് ഡി.വി.ആറുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതിൽ കൃത്രിമം കാണിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

എന്നാൽ കൃത്യമായ തെളിവില്ലാതെ റോയിയ്‌ക്കെതിരെ കേസെടുക്കുകയുമില്ല. എക്സൈസ് നടപടി ഭയന്നാണ് ഹോട്ടലിലെ ഡി.വി.ആർ. മാറ്റിയതെന്നാണ് റോയി വയലാട്ട് കഴിഞ്ഞദിവസം പൊലീസിന് നൽകിയ മൊഴി. രാത്രി വൈകിയും മദ്യം വിളമ്പിയതിന് നേരത്തെ നമ്പർ 18 ഹോട്ടൽ എക്സൈസ് അന്വേഷണം നേരിട്ടിരുന്നു. ഒക്ടോബർ 31-ന് രാത്രിയും ഇക്കാര്യം ആവർത്തിച്ചതായി കണ്ടെത്തിയാൽ എക്സൈസ് സംഘം കടുത്തനടപടിയിലേക്ക് കടക്കുമെന്ന് ഭയന്നാണ് സിസിടിവി ദൃശ്യങ്ങൾ ഒളിപ്പിച്ചതെന്നും ഇയാൾ പറഞ്ഞിരുന്നു.

ഒക്ടോബർ 31-ന് രാത്രി സിനിമാ മേഖലയിലെ ചില പ്രമുഖർ നമ്പർ 18 ഹോട്ടലിൽ തങ്ങിയതായി വിവരങ്ങളുണ്ട്. പാർട്ടിക്കിടെ ഇവർ മുൻ മിസ് കേരള വിജയികളോട് തർക്കത്തിലേർപ്പെട്ടതായാണ് കരുതുന്നത്. ഒരു സിനിമാ നിർമ്മാതാവിന് നേരെയാണ് സംശയങ്ങൾ. തുടർന്ന് അൻസി കബീറും അൻജന ഷാജനും അടക്കമുള്ള സംഘം ഹോട്ടലിൽനിന്ന് മടങ്ങുകയായിരുന്നു. ഈ പ്രശ്നത്തെ തുടർന്നാണഅ ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരം ഔഡി കാറിൽ സൈജു ഇവരെ പിന്തുടർന്നതെന്നാണ് സംശയം.

ഹോട്ടലിൽ നിന്ന് വേഗത്തിൽ മടങ്ങിയവരെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇത് അപകടമായി മാറി. അതുകൊണ്ട് തന്നെ സൈജുവിനെതിരേയും കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാണ്. ആൻസിയുടെ കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാനെ വിശദമായി ചോദ്യംചെയ്തതിൽ ചെയിസിംഗിന്റെ സൂചനകൾ കിട്ടി കഴിഞ്ഞു. അപകടത്തിന് തലേദിവസം ഹോട്ടലിൽ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതെല്ലാം പിന്നീട് വെളിപ്പെടുത്താമെന്നും കേസിൽ പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു.