കൊച്ചി: നമ്പർ 18 ഹോട്ടിലിൽ നിന്ന് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പറയുന്നത് പാലാരിവട്ടത്തെ ഗൂഢാലോചനയിലെ കാണാ ചരടുകൾ. അൻജന ഷാജനും അബ്ദു റഹ്മാനും തമ്മിൽ പ്രണയമാണെന്ന കഥ പ്രചരിപ്പിക്കാൻ മോഡൽ കൂടിയായ സൽമാൻ ശ്രമിക്കുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മോഡലായ അൻജനാ ഷാജനെ മദ്യപിക്കാൻ അബ്ദു റഹ്മാനും മുഹമ്മദ് ആഷിഖും ശ്രമിച്ചതിന് തെളിവാണ് പൊലീസിന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾ.

മദ്യപാനത്തിന് എന്നും എതിരായിരുന്നു അൻജനയെന്ന് കുടുംബക്കാരും പറയുന്നു. കുടുംബ വിവാഹങ്ങളിലെ മദ്യതൽക്കാരത്തെ പോലും എതിർത്തിരുന്ന കുട്ടി. അങ്ങനെയുള്ള അൻജനയെ മദ്യപിക്കാൻ എന്തിന് അബ്ദു റഹ്മാനും ആഷിഖും നിർബന്ധിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഈ സമയം ഹോട്ടലിൽ ഉണ്ടായിരുന്ന മറ്റൊരു യുവതിയും അവരെ നിർബന്ധിക്കുന്നുണ്ടായിരുന്നു. രണ്ടു വട്ടം മദ്യപിക്കണമെന്ന ആവശ്യം അൻജന നിഷേധിക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. അടുത്ത ദിവസം മാത്രമേ വീട്ടിലേക്ക് എത്തൂവെന്ന് അമ്മയോട് അൻജന വൈകിട്ട് ആറേകാലിന് ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ രാത്രിയിൽ തന്നെ വീട്ടിലേക്ക് മടങ്ങി. ഇതും ദുരൂഹമാണ്.

ഇങ്ങനെ അന്വേഷണം കടക്കുന്നതിനെ അട്ടിമറിക്കുന്ന തരത്തിലാണ് പൊലീസിന് അബ്ദു റഹ്മാൻ നൽകുന്ന മൊഴി. ആഷിഖിന്റെ സഹോദരി രാത്രി സൽക്കാരത്തിന് വിളിച്ചെന്നും ഈ സാഹചര്യത്തിലാണ് അതിവേഗം മടങ്ങിയെന്നും മൊഴി കൊടുത്തിട്ടുണ്ട്. രാത്രി പന്ത്രണ്ടരയ്ക്കാണ് ഹോട്ടലിൽ നിന്ന് മോഡലുകൾ മടങ്ങുന്നത്. ഈ സമയത്ത് ഏത് വീട്ടിലാണ് ഭക്ഷണവും തയ്യാറാക്കി സഹോദരി കാത്തിരിക്കുന്നതെന്നത് പ്രസക്തമായ ചോദ്യമാണ്. ഇത്തരത്തിലേക്ക് അന്വേഷണം കൊണ്ടു പോകുന്നുമില്ല. ഇതെല്ലാം ഏറെ ദുരൂഹമാണ്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ആൻസിയുടേയും അൻജനയുടേയും കുടുംബം തയ്യാറെടുക്കുകയാണ്.

സന്തോഷത്തോടെയാണ് അൻസിയും അൻജനയും ഡാൻസ് കളിച്ച് ഹോട്ടലിൽ നിന്ന് ഇറങ്ങുന്നത്. ഇതിന് ശേഷം എന്തു സംഭവിച്ചുവെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ ഇല്ല. തേവര കായലിൽ മുങ്ങി തപ്പിയാലും ഇത് കിട്ടണമെന്നില്ല. ഭാവിയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടിയെന്നോണമാണ് കായലിൽ സിസിടിവി ദൃശ്യങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം. എല്ലാ അർത്ഥത്തിലും മോഡലുകളുടെ മരണത്തെ സ്വാഭാവികമാക്കാനുള്ള നടപടികൾ ചില കേന്ദ്രങ്ങൾ ഇപ്പോഴും നടത്തുന്നുണ്ട്. സൈജു തങ്കച്ചനെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. എന്നാൽ സൈജു ഒളിവിലാണ് ഇപ്പോൾ.

ലോബി, കാർ പാർക്കിങ് ഏരിയ, മുകളിലത്തെ ബാർ, താഴത്തെ ബാർ, ഡിസ്‌കോ ഫ്ളോർ എന്നിവിടങ്ങളിലെ സി.സി. ടി.വി ദൃശ്യങ്ങൾ ഹോട്ടലധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്. എന്നാൽ, രാത്രി ഒമ്പതിനു ശേഷമുള്ള ബാറിനകത്തെ ദൃശ്യങ്ങളില്ല. ഇതാണു ഹോട്ടലുടമയെ പ്രതിയാക്കിയത്. ഡിസ്‌കോ ഫ്ളോറിനടുത്ത മുറിയിലിരുന്ന് അൻസി കബീർ പാടിയെന്നു മൊഴിയുണ്ട്. അതിനാൽ, ഈ മുറിയിലെ ദൃശ്യവും പൊലീസ് ചോദിച്ചിരുന്നു. അതിഥികളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ, മുറികളിൽ സി.സി. ടി.വികൾ ഇല്ലെന്നു ഹോട്ടൽ അധികൃതർ പറഞ്ഞത്.

പാട്ടിനോടു താൽപര്യമുള്ളയാളാണ് അൻസി. മുകളിലത്തെ നിലയിലെ മ്യൂസിക് സിസ്റ്റത്തിലെ പാട്ട് ആസ്വദിച്ച് ഡാൻസ് ചെയ്യാനാണു അൻസി സുഹൃത്തായ അജ്ഞനയ്ക്കൊപ്പം വന്നത്. ഈ സംവിധാനം അടുത്തുള്ള ഹോട്ടലുകളിലില്ല. ഈ ആമ്പിയൻസ് ആസ്വദിക്കാനാണു ആളുകൾ കൂടുതലും ഈ ഹോട്ടലിൽ എത്തുന്നത്. ഹോട്ടലിന്റെ പൊതു സ്ഥലത്തൊഴികെ മറ്റിടങ്ങളിൽ ക്യാമറ വേണമെന്നു നിയമമില്ല. പിന്നെ അടുക്കളയിലും ഡൈനിങ് ഹാളിലും കാമറ വയ്ക്കുന്നതു ജോലിക്കാരെ നിരീക്ഷിക്കാനാണ്. വി.ഐ.പി. വരികയും പോവുകയും ചെയ്തിട്ടുണ്ടെങ്കിൽ ലോബിയിലെ ക്യാമറകളിൽ പതിയും. കൊച്ചി ടൂറിസം മേഖലയായതിനാൽ, രാത്രി 12 വരെ തുറന്നുവയ്ക്കാറുണ്ട്.

ബാർ അടച്ചശേഷവും രണ്ടു പെഗ് മദ്യം അബ്ദുൾ റഹ്മാൻ തന്നോടു കെഞ്ചിയെന്നും താനാണു റോയിയോടു പറഞ്ഞു ശരിയാക്കികൊടുത്തതെന്നുമാണു സൈജു തങ്കച്ചൻ പറയുന്നത്. ഇതു മടങ്ങുന്നതിനു കുറെ മുമ്പാണ്. മദ്യത്തിനു പുറമേ മയക്കുമരുന്നും കഴിച്ചതാവാം നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണു പൊലീസ് സംശയിക്കുന്നത്. ഹോട്ടലുടമയെ കെട്ടിപ്പിടിച്ചു ചുംബനം നൽകി യാത്രപറഞ്ഞു സന്തോഷവതിയായി അൻസി ഹോട്ടൽ വിടുന്നതിന്റെ ദൃശ്യം കാണാം. പുറത്തെവിടെയോ വച്ചുണ്ടായ കശപിശയാണോ അപകടത്തിലേക്കു നയിച്ചത് എന്നാണ് നിഗമനം.