കണ്ണൂർ: പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിൽ പ്രതിചേർക്കപ്പെട്ട പത്മരാജന്റെ ഭാര്യ രംഗത്ത്. ഇക്കാര്യം ഉന്നയിച്ച് അവർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ബിജെപി കണ്ണൂർ ജില്ല പ്രസിഡണ്ട് എൻ ഹരിദാസാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി ജില്ല ആസ്ഥാനമായ മാരാർജി ഭവനിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.

കണ്ണൂർ പാനൂരിൽ പാലത്തായിയിൽ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ അദ്ധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂളിൽ വെച്ചും വീട്ടിൽ വെച്ചും പത്മരാജൻ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതിയെന്ന് പറയപ്പെടുന്ന പത്മരാജനെ അറസ്റ്റ് ചെയ്തെങ്കിലും പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താതിരുന്നതിനാൽ അദ്ദേഹം ജാമ്യത്തിലിറങ്ങി.

പോക്സോ ഒഴിവാക്കി നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കുറ്റപത്രം സമർപ്പിച്ചതിലൂടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത് എന്നാരോപിച്ച് വീണ്ടും നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിനിടെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഐജി എസ് ശ്രീജിത് ഇരയായ പെൺകുട്ടിയെ അധിക്ഷേപിക്കുന്ന ഫോൺസംഭാഷണവും പുറത്തുവന്നു. ഈ ഘട്ടത്തിൽ കേസ് അട്ടിമറിക്കാൻ സർക്കാറും പൊലീസും ശ്രമിക്കുന്നു എന്നാരോപിച്ച് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും പുതിയ സംഘത്തെ നിയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പഴയ അന്വേഷണ സംഘത്തിലുൾപ്പെട്ട ഒരു ഉദ്യോഗസ്ഥനെ പോലും പുതുതായി രൂപീകരിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഈ കോടതി നിർദ്ദേശത്തെ തുടർന്നാണ് തളിപറമ്പ് ഡിവൈഎസ്‌പി രത്നകുമാറിന് അന്വേഷണ ചുമതല നൽകിയത്.

എ.ഡി.ജി.പി ജയരാജനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. അതേ സമയം പുതിയ സംഘത്തിന്റെ അന്വേഷണത്തിൽ വിശ്വസമില്ലെന്നാണ് ഇപ്പോൾ ബിജെപി ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കൾ ഇടപെട്ട് പത്മരാജന്റെ ഭാര്യയെ കൊണ്ട് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിപ്പിച്ചിരിക്കുന്നത്.

തളിപ്പറമ്പ് ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലന്നും മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി ജയരാജൻ വകുപ്പ്തല നടപടി നേരിട്ടയാളാണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ബിജെപി ജില്ല പ്രസിഡണ്ട് പറയുന്നു. മതമൗലികവാദികളുടെ ആവശ്യത്തിനനുസരിച്ച് സർക്കാർ പാലത്തായി പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണും ഇപ്പോൾ അന്വേഷിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണെന്നും ബിജെപി നേതാക്കൾ പറയുന്നു.