- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും അദ്ധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തും; കുറ്റരോപിതന്റെ ജാമ്യം റദ്ദാക്കാനും തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യപ്പെടും; വാർത്തകളെ പ്രതീക്ഷയോടെ കണ്ട് പെൺകുട്ടിയുടെ അഭിഭാഷകൻ; ശൈലജ ടീച്ചറിനെ വെള്ളം കുടുപ്പിച്ച സ്കൂൾ പീഡനത്തിൽ ഒടുവിൽ പൊലീസ് ഇരയുടെ വഴിയേ; പാലത്തായി കേസിൽ ഇനി നിയമയുദ്ധം
തലശേരി: കേരളമാകെ ചർച്ച ചെയ്ത പാലത്തായി കേസിൽ നിർണായക വഴിതിരിവുണ്ടായതോടെ ഇനി നിയമയുദ്ധത്തിലേക്ക് നീങ്ങും. നാലാം ക്‌ളാസുകാരി സ്വന്തം അദ്ധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടുവെന്ന കേസിൽ നേരത്തെ ലോക്കൽ പൊലീസിനടക്കം മൂന്ന് അന്വേഷണ സംഘങ്ങൾക്കും തെളിവുകൾ കണ്ടെത്താനായിരുന്നില്ല. രാഷ്ട്രപതിയുടെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം നേടിയ ഡി.വൈ.എസ്‌പി വേണുഗോപാൽ, ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് തുടങ്ങി കേരളാ പൊലിസിലെ മുൻനിരക്കാരാണ് ഒരോ ഘട്ടത്തിലും കേസിന്റെ അന്വേഷണം ഏറ്റെടുത്തത്
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിനെയും സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രിയും മണ്ഡലം എംഎൽഎയുമായിരുന്ന കെ.കെ.ശൈലജയെയും ഏറെ വെള്ളം കുടിപ്പിച്ച കേസുകളിലൊന്നായിരുന്നു പാലത്തായി പീഡന കേസ്. കുറ്റാരോപിതനായ ബിജെപി പ്രാദേശിക നേതാവ് കൂടിയായ അദ്ധ്യാപകൻ പിടിയിലായതോടെ കേസിന് രാഷ്ട്രീയ മാറ്റങ്ങളും കൈവന്നു. ആദ്യം അന്വേഷിച്ച ലോക്കൽ പൊലിസും പിന്നീട് അന്വേഷിച്ച തലശേരി ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനും പീഡനം നടന്നതായി തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതേ തുടർന്നാണ് ഇരയായ പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് കേസ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമെത്തുന്നത്. എന്നാൽ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പില്ലെന്ന ഐ.ജി ശ്രീജിത്തിന്റെ വെളിപ്പെടുത്തൽേ സോഷ്യൽ മീഡിയയിലും പുറത്തും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.പ്രതിയായ കുനിയിൽ പത്മരാജനെതിരെ പോക്‌സോ ഒഴിവാക്കിയാണ് കോടതിയിൽ ഒന്നാം ഘട്ട കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.
എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടതിനു ശേഷം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പുതിയ അന്വേഷണ സംഘം രൂപീകരിക്കപ്പെടുന്നത്. പുതിയ അന്വേഷണ സംഘം പാലത്തായി പീഡനക്കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന. പാനൂരിനടുത്ത പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിലെ ശുചി മുറിയിൽ ബിജെപി നേതാവായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസിൽ വ്യക്തമായ തെളിവുകളോടെ പ്രത്യേക സംഘത്തിന്റെ അന്വേഷണം പൂർത്തിയായതാണ് സൂചന
പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയ അന്വേഷണ സംഘം വിശദമായ കുറ്റപത്രം അടുത്ത ദിവസം തലശേരി പോക്സോ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. സ്‌കൂളിലെ ശുചിമുറിയിലെ ടൈൽസിൽ നിന്ന് ലഭിച്ച രക്തപരിശോധന റിപ്പോർട്ടടക്കം കുറ്റപത്രത്തിനൊപ്പമുണ്ടാവും. കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജൻ, ഡി വൈ എസ് പി രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. ഒമ്പതുവയസുള്ള കുട്ടിയെ അദ്ധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോട്ടിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
വിദ്യാലയത്തിലെ രണ്ട് ശുചി മുറികളിലേയും ടൈൽസ് പൊട്ടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ടൈൽസിൽ രക്തക്കറയുള്ളതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. പെൺകുട്ടിയുടെ കൂട്ടുകാരികളിൽ നിന്നും അന്വഷണ സംഘം മൊഴിയെടുത്തിരുന്നു. പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്യുകയും 90 ദിവസം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തൃപ്തികരമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അദ്ധ്യാപകന്റെ ജാമ്യം റദ്ദാക്കാനും പുതിയ അന്വേഷണ സംഘം ശ്രമിക്കും.
അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ
ഇതിനിടെ പാലത്തായി പീഡനക്കേസിൽ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ നിർണായക വഴിതിരിവുണ്ടായത് അറിയില്ലെന്ന് ഇരയായ പെൺകുട്ടിയുടെ അഭിഭാഷകൻ കെ.ടി മുനാസ് പറഞ്ഞു. ഈ വിഷയം വാർത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരം മാത്രമേ തനിക്കുള്ളു.കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ തന്നെയാണ് മുൻപോട്ടു പോകുന്നതെന്ന് കേട്ടിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. കേട്ടതൊക്കെ ശരിയാണെങ്കിൽ കേസിന് ഏറ്റവും അനുകൂലമായ കാര്യമാണ് സംഭവിക്കുന്നത്.
ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നു മാത്രമേ ഞങ്ങൾക്കുള്ളു. കുറ്റാരോപിതനായ ആൾ ആരുമായി കൊള്ളട്ടെ അദ്ദേഹം ശിക്ഷിക്കപ്പെട്ടാൽ മാത്രമേ പ്രതിയായി മാറുന്നുള്ളു. വരാൻ പോകുന്ന നിയമ പോരാട്ടത്തെ ഇപ്പോൾ പുറത്തു വന്നിട്ടുള്ള തെളിവുകൾ ഏറെ സഹായിക്കുമെന്ന് മുനാസ് പറഞ്ഞു.
നേരത്തെ കേസ് അന്വേഷിച്ച സംഘങ്ങൾ ഇരയായ പെൺകുട്ടി കാര്യങ്ങൾ പർവതീകരിച്ചു പറയുകയാണെന്ന് ചിത്രീകരിക്കുകയാണ് ചെയ്തത്.ഇതോടെ അന്വേഷണത്തിൽ പല വിധി പാളിച്ചകളുമുണ്ടായി. ബഹുമാനപ്പെട്ട ഹൈക്കോടതി കേസിലിടപ്പെട്ടത് ഇങ്ങനെയാണ്.ഈ സാഹചര്യത്തിൽ ഇപ്പോഴുള്ള അന്വേഷണം കൃത്യമായും കാര്യക്ഷമമായും പര്യവസാനിക്കുമെന്ന് വിശ്വസിക്കുന്നതായി അഡ്വ.മുനാസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്