കണ്ണൂർ: പാലത്തായി ബാലികാ പീഡന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതോടെ സിബിഐ അന്വേഷണത്തിനായി ബിജെപിയും പ്രതി കുനിയിൽ പത്മരാജന്റെ കുടുംബവും ആവശ്യം ശക്തമാക്കുന്നു.

ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പ്രതിയായ കുനിയിൽ പത്മരാജനെതിരെ പോക്‌സോ നില നിൽക്കുമെന്ന വ്യക്തമായ സൂചനയാണുള്ളത്. അതു കൊണ്ടു തന്നെ നേരത്തെ സമർപ്പിച്ച കുറ്റപത്രം റദ്ദ് ചെയ്യപ്പെടുകയും ജാമ്യത്തിൽ കഴിയുന്ന പ്രതിയെ വീണ്ടും അറസ്റ്റു ചെയ്യുന്ന സാഹചര്യവുമുണ്ടാകും.െ

താണ്ണൂറു ദിവസത്തെ സ്വാഭാവിക ജാമ്യമാണ് ബിജെപി പ്രാദേശിക നേതാവും അദ്ധ്യാപകനുമായകുനിയിൽ പത്മരാജന് ലഭിച്ചിട്ടുള്ളത്.നേരത്തെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പോക്‌സോ ചുമത്താൻ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

എന്നാലിപ്പോൾ. പീഡനം നടന്നുവെന്ന് പറയുന്ന സ്‌കൂൾ ശുചിമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി അന്വേഷണ സംഘം മുൻപോട്ടു വയ്ക്കുന്നത്. ഇതിന്റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് നേരത്തെ ലഭിച്ചിരുന്നു. 2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്.

ആദ്യം പാനൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജനെ കാണാതായിരുന്നു. പിന്നീട് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നും പത്മരാജനെതിരെ പോക്‌സോ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു പൊലീസ് സമർപ്പിച്ച കുറ്റപത്രം. ഇത് മുസ് ലീഗ്, എസ്.ഡി.പി.ഐ, കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളുടെ
വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

പിന്നീട് സംസ്ഥാന സർക്കാർ നിയമിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയത്. അതിനിടെ, കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നും അതിനാൽ സിബിഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രതി പത്മരാജന്റെ ആവശ്യം. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു. എന്നാൽ, ഇത് സർക്കാർ പരിഗണിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് നാലാം അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പീഡനം നടന്നുവെന്ന കുറ്റപത്രം സമർപ്പിച്ചത്. കേരളമാകെ ഏറെ വിവാദം സൃഷ്ടിച്ച കേസുകളിലൊന്നാണ് പാലത്തായി പീഡന കേസ്.

ഈ കേസ് അന്വേഷിച്ച സേനയിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥർക്കൊക്കെ കൈ പൊള്ളിയിട്ടുണ്ട്. ഐ.ജി ശ്രീജിത്ത്, ഡി.വൈ.എസ്‌പി വേണുഗോപാൽ തുടങ്ങിയ ഉദ്യോഗസ്ഥരൊക്കെ ആരോപണ വിധേയരായി.