തലശേരി: പാർട്ടി പ്രാദേശിക നേതാവും അദ്ധ്യാപക പരിഷത്ത് ജില്ലാ ഭാരവാഹിയുമായി കടവത്തൂർ കുറുവങ്ങോട് കുനിയിൽ പത്മരാജൻ പ്രതിയായ പാലത്തായി ബാലിക പീഡനക്കേസ് നിയമവഴിയിലൂടെ നേരിടാൻ ബിജെപി ഒരുങ്ങുന്നു ഇതിനായി പ്രഗത്ഭ അഭിഭാഷകരെ തന്നെ കളത്തിലിറക്കാനാണ് പാർട്ടി നീക്കം. ഇതിന്റെ ഭാഗമായാണ് പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പ്രതി പത്മരാജൻ പിൻവലിച്ചതെന്നാണ് സൂചന.

തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായും പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി കോടതിയെ അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് കുറ്റാരോപിതനായ കുനിയിൽ പത്മരാജൻ ഹർജി പിൻവലിച്ചത്.

എന്നാൽ കേസന്വേഷണം തൃപ്തികരമല്ലെന്നും രാഷ്ട്രീയ വിരോധം മൂലമാണ് തന്നെ പ്രതിചേർത്തതെന്നും ആരോപിച്ചാണ് നേരത്തെ അദ്ധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ഹർജി സമർപ്പിച്ചിരുന്നത്. അന്വഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും നടപടിയുണ്ടായില്ലെന്നുമായിരുന്നു ഹർജിയിൽ ബോധിപ്പിച്ചിരുന്നത്.കഴിഞ്ഞ ദിവസമാണ് പാലത്തായി കേസിൽ നാലാമത്തെ അന്വേഷണ സംഘം പ്രതിക്കെതിരെയുള്ള കുറ്റപത്രം തലശേരി കോടതിയിൽ ഹാജരാക്കിയത്. വളരെ ഗുരുതരമായ പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

സംരക്ഷിക്കേണ്ട അദ്ധ്യാപകൻതന്നെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പാലത്തായി പീഡനക്കേസിൽ പ്രത്യേക സംഘത്തിന്റെ കുറ്റപത്രത്തിൽ പറയുന്നുണ്ട് വധശിക്ഷയോ മരണംവരെ തടവോ ലഭിക്കാവുന്ന കുറ്റമാണ് ബിജെപി നേതാവായ അദ്ധ്യാപകൻ കുനിയിൽ പത്മരാജൻ ചെയ്തതെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.. പോക്സോ ആക്ടിലെയും ഇന്ത്യൻശിക്ഷാ നിയമത്തിലെയും പ്രധാന വകുപ്പുകളാണ് കടവത്തൂർ സ്വദേശിയായ പ്രതിക്കെതിരെ അന്വേഷകസംഘം ചുമത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ശാസ്ത്രീയ തെളിവിന്റെയും സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിലാണ് പീഡനം നടന്നതായി കണ്ടെത്തിയതെന്ന് അന്വേഷണ റിപ്പോര്ട്ടൽ പറയുന്നു.

ലോക്കൽ പൊലീസ് അന്വേഷണത്തിൽ നാട്ടുകാരും കുടുംബവും അതൃപ്തി അറിയിച്ചതോടെ ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ടും ഇന്ത്യൻ ശിക്ഷാനിയമവും ചുമത്തി തൊണ്ണൂറാം ദിവസം ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. അനുബന്ധ കുറ്റപത്രം പിന്നാലെ സമർപ്പിക്കുമെന്ന് അന്നേ വ്യക്തമാക്കിയിരുന്നുവെങ്കിലും കുട്ടിയുടെ മാതാവിന്റെ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം നിയോഗിച്ച പ്രത്യേകസംഘം നവംബർ 21നാണ് അന്വേഷണം തുടങ്ങിയത്. കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പി ടി കെ രത്നകുമാർ ഉൾപ്പെട്ട സംഘം ഏഴുമാസംകൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും നൽകി. പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റവും പോക്സോ ആക്ടിലെ വകുപ്പുകളും ചേർത്താണ് കുറ്റപത്രം ഇപ്പോൾ സമർപ്പിച്ചിട്ടുള്ളത്.

തലശേരി പോക്സോ കോടതിയിലാണ് (അഡീഷണൽ ജില്ലാ സെഷൻസ്-ഒന്ന്) ഡിവൈഎസ്‌പി ടി കെ രത്നകുമാർ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 (എ,ബി), 376 (2എഫ്), 354 ബി, പോക്സോ ആക്ടിലെ 5(എഫ്), 5(എൽ), 5 (എം), റെഡ് വിത്ത് 6 വകുപ്പുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ചുമത്തിയത്. മരണംവരെയോ 20 വർഷമോ തടവോ, വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിത്. 228 പേജുള്ള കുറ്റപത്രത്തിനൊപ്പം ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെ അനുബന്ധരേഖകളും സമർപ്പിച്ചിട്ടുണ്ട്.