- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു; പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി തള്ളി; പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാൽ കെട്ടിച്ചമച്ച ആരോപണം ഉന്നയിച്ചതെന്ന് വാദിച്ചു പ്രതിഭാഗം; പെൺകുട്ടി പലതും സങ്കൽപിച്ച് പറയുന്ന സ്വഭാവക്കാരിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടും
കൊച്ചി: പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു. പീഡനത്തിന് ഇരയായെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദിച്ചത്. എന്നാൽ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിഭാഗം ആവർത്തിച്ചു. കൂടാതെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതി കേസ് ശരിവെച്ചത്.
പെൺകുട്ടിയുടെ മാനസികനില ശരിയല്ലെന്നും കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പെൺകുട്ടിക്ക് ഭാവനയിൽ നിന്ന് കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നെയിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു ഇതിനടിസ്ഥാനമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്. മാർച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടിയുടെ കുടുംബം പാനൂർ പൊലീസിൽ പരാതി നൽകിയത്.
സ്കൂളിലെ ശുചിമുറിയിൽ അദ്ധ്യാപകനായ പത്മരാജൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ, ഇത്തരത്തിൽ പീഡനം നടന്നതായി ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പെൺകുട്ടി പറഞ്ഞ ദിവസങ്ങളിൽ പത്മരാജൻ കണ്ണൂരിൽ പോലും ഇല്ലായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
പെൺകുട്ടി പലതും സങ്കൽപിച്ച് പറയുന്ന സ്വഭാവക്കാരിയാണ്. ഭാവനയിൽ നിന്ന് കഥകൾ ഉണ്ടാക്കുന്ന സ്വഭാവം പെൺകുട്ടിക്കുണ്ട്. നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗൺസിലേർസ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയതായി ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവും ആക്ഷൻ കമ്മിറ്റിയും നൽകിയ ഹർജി പരിഗണിക്കവെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കോടതിയെ അറിയിച്ചത്.
കേസ് മൊത്തം കെട്ടിച്ചമച്ചതാണ് എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. ജാമ്യം റദ്ദാക്കണമെന്ന പെൺകുട്ടിയുടെ മാതാവിന്റെ വാദം തള്ളിയ സ്പെഷൽ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി, പ്രതി ജാമ്യത്തിന് അർഹനാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ഓണത്തിന് ശേഷം വിധി പറയാൻ മാറ്റി. പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിലും ഒരു തെളിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഇരു സംഘവും കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ